
കൊല്‍ക്കത്ത: ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന കുംഭമേളയിലെ തിക്കിലുംതിരക്കിലും എത്രയാളുകള്‍ക്ക് ജീവന്‍ പൊലിഞ്ഞുവെന്ന കണക്കുകള്‍ പുറത്തുവിടാന്‍ യോഗി സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കാര്യക്ഷമമായി കുംഭമേള നടത്തുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ ബി.ജെ.പി. സര്‍ക്കാര്‍ വന്‍ പരാജയമായിരുന്നുവെന്നും മമത ബാനര്‍ജി വിമർശിച്ചു.
കുംഭമേളയില്‍ പങ്കെടുക്കാനെത്തിയ നിരവധിപേർക്ക് തിക്കിലുംതിരക്കിലും പെട്ട് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട യഥാര്‍ഥ കണക്കുകള്‍ പുറത്തുവിടാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഒരുക്കമല്ല. ലക്ഷക്കണക്കിന് ആളുകള്‍ കുംഭമേളയുടെ ഭാഗമാകാനെത്തുന്നുണ്ട് എന്ന പ്രചാരണം മാത്രമാണ് സര്‍ക്കാര്‍ നടത്തുന്നത്. എന്നാല്‍, ഇതിന് ആവശ്യമായ യാതൊരു മുന്നൊരുക്കങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും മമത വിമര്‍ശിച്ചു.