പ്രണയം തുടരാനും സ്വത്ത് നഷ്ടപ്പെടാതിരിക്കാനും കൃതികയെ കൊലപ്പെടുത്തി: ഭർത്താവിൻ്റെ കുറ്റസമ്മതം | Murder
ബെംഗളൂരു: ബെംഗളൂരുവിലെ യുവ ഡോക്ടർ കൃതിക റെഡ്ഡിയെ ഭർത്താവ് ഡോ. മഹേന്ദ്ര റെഡ്ഡി കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പ്രണയബന്ധം തുടരാനും സ്വത്ത് നഷ്ടപ്പെടുമെന്ന് ഭയന്നുമാണ് മഹേന്ദ്ര കൃതികയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന് ലഭിച്ച മൊഴി.(Kritika was murdered for the husband to continue the love affair)
കൊലയ്ക്ക് പിന്നിലെ കാരണങ്ങൾ
കൃതികയുമായി വിവാഹമോചനം നേടിയാൽ സ്വത്ത് നഷ്ടപ്പെടുമെന്ന് മഹേന്ദ്ര ഭയന്നു. കൃതികയ്ക്ക് കാൻസറാണെന്ന് അറിഞ്ഞതും കൊലപാതകത്തിന് കാരണമായി. ഈ രോഗവിവരം കൃതികയുടെ മാതാപിതാക്കൾ മറച്ചുവച്ചുവെന്നും ഡോ. മഹേന്ദ്ര റെഡ്ഡി പോലീസിനോട് മൊഴി നൽകിയിട്ടുണ്ട്.
വാട്സാപ്പ് ചാറ്റുകൾ പോലീസ് വീണ്ടെടുത്തതിന് പിന്നാലെ ഡോ. മഹേന്ദ്ര റെഡ്ഡി കുറ്റം ഏറ്റുപറയുകയായിരുന്നു. 'കൃതികയെ കൊന്നു' എന്ന് പെൺസുഹൃത്തിന് അയച്ച സന്ദേശമാണ് പോലീസ് വീണ്ടെടുത്തത്.
കൃത്യമായ ആസൂത്രണം
ദീർഘനാളത്തെ ആസൂത്രണത്തിനൊടുവിലാണ് കൊലപാതകം നടത്തിയത് എന്ന് പോലീസ് വ്യക്തമാക്കി. മരിക്കുന്നതിന് തലേദിവസം കൃതികയ്ക്ക് 15 എം.എൽ അനസ്തേഷ്യ മഹേന്ദ്ര നൽകിയിരുന്നു. കൊലപ്പെടുത്താൻ ഉപയോഗിച്ച അനസ്തേഷ്യ ഡ്രഗ്ഗായ പ്രോപ്പോഫോൾ മഹേന്ദ്ര വാങ്ങിയത് സ്വന്തം കൈപ്പടയിൽ എഴുതിയ പ്രിസ്ക്രിപ്ഷൻ കാണിച്ചാണ്. മരുന്ന് നൽകാൻ മെഡിക്കൽ ഷോപ്പുടമ ആദ്യം വിസമ്മതിച്ചപ്പോഴാണ് സ്വന്തം പ്രിസ്ക്രിപ്ഷൻ ഉപയോഗിച്ചത്. കൃതികയെ നേരത്തെ ഗാസ്ട്രിക് പ്രശ്നങ്ങൾ അലട്ടിയിരുന്നത് മനസിലാക്കിയ മഹേന്ദ്ര സമർത്ഥമായി കരുക്കളെല്ലാം നീക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം.
വീട് ഇസ്കോൺ ട്രസ്റ്റിന് ദാനം ചെയ്തു
മകളുടെ ക്രൂരമായ കൊലപാതകത്തിന് പിന്നാലെ കൃതികയുടെ മാതാപിതാക്കൾ വൈകാരികമായ തീരുമാനമെടുത്തു. മൂന്ന് കോടിയുടെ വീട് ഡോക്ടർ കൃതിക റെഡ്ഡിയുടെ മാതാപിതാക്കൾ ഇസ്കോൺ ട്രസ്റ്റിന് ദാനം ചെയ്തു. "ആ വീട് ഞങ്ങൾ അവൾക്കായി ഉണ്ടാക്കിയതാണ്. അവിടെ അവളില്ല. കൃതികയില്ലാത്ത ആ വീട്ടിലേക്ക് ഇനി ഞങ്ങളില്ല. അതുകൊണ്ട് ആ വീട് ഇസ്കോൺ ട്രസ്റ്റിന് നൽകി," മുനി റെഡ്ഡിയും ഭാര്യ സൗജന്യയും പറഞ്ഞു.
മകളും ഭർത്താവും പേരക്കുട്ടികളും സന്തോഷത്തോടെ ജീവിക്കുമെന്ന് കരുതി നിർമ്മിച്ച് നൽകിയ ബെംഗളൂരു അയ്യപ്പ ലേ ഔട്ടിലെ 3 കോടിയോളം രൂപ വിലവരുന്ന വീട് ഇസ്കോൺ ക്ഷേത്ര ട്രസ്റ്റിന് കൈമാറിയ ശേഷം വീടിന് മുന്നിൽ 'ഇൻ മെമ്മറി ഓഫ് ഡോക്ടർ കൃതിക റെഡ്ഡി' എന്ന ബോർഡും സ്ഥാപിച്ചു.