പുണെ: വിദേശ നയതന്ത്രത്തെക്കുറിച്ചുള്ള ചർച്ചകളിൽ ഇന്ത്യൻ ഇതിഹാസങ്ങളായ രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞ് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഭഗവാൻ കൃഷ്ണനും ഹനുമാനുമാണ് ലോകത്തിലെ ഏറ്റവും വലിയ നയതന്ത്രജ്ഞരെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പുണെ ബുക്ക് ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(Krishna and Hanuman are the best diplomats the world has ever seen, says S Jaishankar)
രാമായണത്തിലെ ഹനുമാന്റെ ലങ്കാ സന്ദർശനം മികച്ചൊരു നയതന്ത്ര ദൗത്യമായിരുന്നു. വിവരം ശേഖരിക്കുക എന്നതിലുപരി, സീതാദേവിയെ കണ്ട് ആത്മവിശ്വാസം നൽകാനും രാവണന്റെ സൈനിക സജ്ജീകരണങ്ങൾ മനസ്സിലാക്കാനും അദ്ദേഹത്തിന് സാധിച്ചു. ഏൽപ്പിച്ച ദൗത്യത്തിന് അപ്പുറം പോയി ശത്രുവിനെ മാനസികമായി തകർക്കാനും ഹനുമാന് കഴിഞ്ഞുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
മഹാഭാരത യുദ്ധസമയത്തെ കൃഷ്ണന്റെ ഇടപെടലുകൾ നയതന്ത്രത്തിലെ തന്ത്രപരമായ ക്ഷമയുടെയും തീരുമാനങ്ങൾ എടുക്കാനുള്ള കഴിവിന്റെയും ഉത്തമ ഉദാഹരണമാണ്. ശിശുപാലന്റെ കാര്യത്തിൽ കൃഷ്ണൻ കാണിച്ച ക്ഷമ അദ്ദേഹം വിവരിച്ചു. ലോകം ഇന്ന് ഒരു സഖ്യകക്ഷി ഭരണത്തിന്റെ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ആർക്കും ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത ബഹുധ്രുവ ലോകത്ത് സഖ്യങ്ങൾ മാറുന്നതും പുതിയ കരാറുകൾ ഉണ്ടാവുകയും ചെയ്യുന്നത് സ്വാഭാവികമാണെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ "ഇന്ത്യയ്ക്ക് ഒരു ജയശങ്കർ മാത്രം മതിയോ?" എന്ന ചോദ്യത്തിന്, ചോദ്യം തെറ്റാണെന്നും "ഒരു മോദി മാത്രമേയുള്ളൂ" എന്നാണ് പറയേണ്ടതെന്നും അദ്ദേഹം മറുപടി നൽകി. രാജ്യത്തിന്റെ വികസനത്തിന് ദീർഘദൃഷ്ടിയുള്ള നേതാവിന്റെ ദർശനമാണ് പ്രധാനമെന്നും മറ്റുള്ളവർ അത് നടപ്പിലാക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.