
ന്യൂഡൽഹി: കൊൽക്കത്ത ആർ.ജി കർ മെഡിക്കൽ കോളജിൽ യുവ ഡോക്ടർ ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ നുണ പരിശോധനക്ക് വിധേയനാക്കും.
കൊൽക്കത്ത കോടതിയാണ് കേസ് അന്വേഷിക്കുന്ന സി.ബി.ഐക്ക് പ്രിൻസിപ്പലിനെയും മറ്റു നാലുപേരെയും നുണ പരിശോധന നടത്താൻ അനുമതി നൽകിയത്. കൊൽക്കത്ത ഹൈകോടതിയുടെ നിർദേശപ്രകാരം പൊലീസിൽനിന്ന് കേസ് അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ നിരവധി തവണ സന്ദീപിനെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെ ഘോഷിന്‍റെ പ്രതികരണങ്ങളിൽ പൊരുത്തക്കേട് ഉണ്ടെന്ന് തോന്നിയതോടെയാണ് നുണ പരിശോധന നടത്താൻ കോടതിയുടെ അനുമതി തേടിയത്. ആഗസ്റ്റ് ഒമ്പതിനാണ് പി.ജി ട്രെയിനി ഡോക്ടറെ ആശുപത്രിയിലെ സെമിനാർ ഹാളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.