കൊൽക്കത്ത ഡോക്ടർ ബലാത്സംഗ കൊലക്കേസ്: പ്രതിയുടെ അനന്തരവളെ മരിച്ച നിലയിൽ കണ്ടെത്തി, ദുരൂഹത | Rape

കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ നാട്ടുകാർ സുരഞ്ജനയുടെ പിതാവായ ഭോലാ സിംഗിനെയും രണ്ടാനമ്മ പൂജയെയും കൈയേറ്റം ചെയ്തു
Kolkata doctor rape and murder case Accused's niece found dead
Published on

കൊൽക്കത്ത: ഇന്ത്യയെ ഞെട്ടിച്ച യുവ ഡോക്ടറുടെ ബലാത്സംഗക്കേസിലെ പ്രധാന പ്രതിയുടെ അനന്തരവളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച ബൊവാനിപൊരേയിലെ വീട്ടിനുള്ളിലെ കബോർഡിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് 11 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയത്.(Kolkata doctor rape and murder case Accused's niece found dead)

ആർജി കർ മെഡിക്കൽ കോളേജിൽ അതിക്രൂരമായ ബലാത്സംഗക്കൊലക്കേസിലെ പ്രതിയായ സഞ്ജയ് റോയിയുടെ അനന്തരവളായ സുരഞ്ജന സിംഗിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അലമാരയ്ക്കുള്ളിലെ ഹാംഗറിലുണ്ടായിരുന്ന തുണിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ നാട്ടുകാർ സുരഞ്ജനയുടെ പിതാവായ ഭോലാ സിംഗിനെയും രണ്ടാനമ്മ പൂജയെയും കൈയേറ്റം ചെയ്തു. ഇരുവരും ചേർന്ന് കുട്ടിയെ പതിവായി മർദ്ദിച്ചിരുന്നതായി അയൽവാസികൾ ആരോപിച്ചു. നാട്ടുകാർ പൂജയെ മുടിയിൽ പിടിച്ച് വലിച്ചിഴച്ച് മർദ്ദിക്കുകയും ഭോലാ സിംഗിനെ ചെരിപ്പുകൊണ്ട് അടിക്കുകയും ചെയ്തതായി ദൃക്‌സാക്ഷികൾ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസാണ് ദമ്പതികളെ നാട്ടുകാരിൽ നിന്ന് രക്ഷിച്ചത്.

11 വയസ്സുകാരിയെ അച്ഛനും രണ്ടാനമ്മയും ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നത് പതിവായിരുന്നുവെന്നാണ് അയൽവാസികൾ ആരോപിക്കുന്നത്. രാത്രി വൈകിയും പുലർച്ചെയും കുട്ടിയെ വീട്ടിൽ നിന്ന് ഇറക്കിവിടുന്നതും ബെൽറ്റിന് അടിക്കുന്നതും തല ഭിത്തിയിൽ പിടിച്ച് ഇടിച്ചിരുന്നതും പതിവായിരുന്നെന്നും അവർ പറയുന്നു. പൂജ ആശുപത്രിയിൽ പോയി തിരിച്ച് എത്തുമ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്.

സഞ്ജയ് റോയിയുടെ സഹോദരി ബബിതയെയായിരുന്നു ഭോലാ സിംഗ് ആദ്യം വിവാഹം ചെയ്തത്. ഈ ബന്ധത്തിലെ മകളാണ് മരിച്ച സുരഞ്ജന. ഏതാനും വർഷം മുൻപ് ബബിത ജീവനൊടുക്കിയതിന് പിന്നാലെയാണ് ബബിതയുടെ ഇളയ സഹോദരിയെ ഭോലാ സിംഗ് വിവാഹം ചെയ്തത്.

സംഭവ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് അലമാരയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും കൊലപാതക സാധ്യത അന്വേഷണ ഉദ്യോഗസ്ഥർ തള്ളിക്കളയുന്നില്ല. കുട്ടിയുടെ മരണം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബത്തിലെ ആരും ഇതുവരെ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല.

Related Stories

No stories found.
Times Kerala
timeskerala.com