ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും ശക്തരായ ഭരണാധികാരികളിൽ ഒരാളാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. എന്നാൽ, ഇന്ത്യയുടെ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ഔദ്യോഗിക ശമ്പളവുമായി താരതമ്യം ചെയ്യുമ്പോൾ ആരാണ് മുന്നിൽ? രസകരമായ ആ കണക്കുകൾ പരിശോധിക്കാം.(Know the official salary figures of the Russian President and the Indian President)
റിപ്പോർട്ട് പ്രകാരം, വ്ലാഡിമിർ പുടിന്റെ വാർഷിക ശമ്പളം ഏകദേശം 1.40 ലക്ഷം ഡോളറാണ്. ഇന്ത്യൻ രൂപയിൽ ഇത് ഏകദേശം 1.25 കോടി രൂപ വരും. എന്നാൽ, പുടിൻ ഔദ്യോഗികമായി നൽകിയിട്ടുള്ള ആസ്തി വിവരങ്ങൾ കേട്ടാൽ ആരും വിശ്വസിക്കാനിടയില്ല. വെറും 800 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു ചെറിയ അപ്പാർട്ട്‌മെന്റ്, ഒരു ചെറിയ സ്ഥലവും അതിലൊരു ട്രെയിലറും, പഴയ മൂന്ന് കാറുകൾ. ഇതാണ് റഷ്യൻ പ്രസിഡന്റിന്റെ പേരിലുള്ള ഔദ്യോഗിക സമ്പത്ത്. എന്നാൽ, സർക്കാർ വകയായി ലഭിക്കുന്ന വമ്പൻ കൊട്ടാരങ്ങളും, വിമാനയാത്ര സൗകര്യങ്ങളും, സുരക്ഷാ സംവിധാനങ്ങളുമെല്ലാം ഇതിന് പുറമെയാണ്.
ഇന്ത്യയുടെ സർവ്വസൈന്യാധിപ കൂടിയായ രാഷ്ട്രപതിയുടെ ശമ്പളം 2018-ലാണ് അവസാനമായി പരിഷ്‌കരിച്ചത്. നിലവിൽ പ്രതിമാസം 5 ലക്ഷം രൂപയാണ് ഇന്ത്യൻ രാഷ്ട്രപതിയുടെ ശമ്പളം. ഇതനുസരിച്ച് വർഷം 60 ലക്ഷം രൂപയാണ് രാഷ്ട്രപതിക്ക് ലഭിക്കുന്നത്. ഈ കണക്കനുസരിച്ച് നോക്കുമ്പോൾ, ഇന്ത്യൻ രാഷ്ട്രപതിയുടെ ഔദ്യോഗിക ശമ്പളത്തേക്കാൾ ഏകദേശം ഇരട്ടിയിലധികം തുക റഷ്യൻ പ്രസിഡന്റ് പ്രതിവർഷം കൈപ്പറ്റുന്നുണ്ട്.
ഔദ്യോഗിക കണക്കുകൾ ഇങ്ങനെയാണെങ്കിലും, അനൗദ്യോഗികമായി ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻ പുടിനാണെന്നാണ് അഭ്യൂഹങ്ങൾ. ഇന്ത്യൻ രാഷ്ട്രപതിക്ക് ശമ്പളത്തിന് പുറമെ വിപുലമായ ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രസിഡൻഷ്യൽ വസതികളിലൊന്നായ രാഷ്ട്രപതി ഭവനിൽ വാടകയില്ലാതെ താമസിക്കാം. വിമാനം, ട്രെയിൻ, കപ്പൽ എന്നിവയിൽ രാജ്യത്തെവിടെയും സൗജന്യമായി യാത്ര ചെയ്യാം. കൂടെ ഒരാളെ കൊണ്ടുപോകാനുള്ള ചിലവും സർക്കാർ വഹിക്കും.
സൗജന്യ ചികിത്സാ സൗകര്യം, രണ്ട് ലാൻഡ്‌ലൈൻ ഫോണുകൾ, ഇന്റർനെറ്റ്, മൊബൈൽ ഫോൺ, അഞ്ച് പേഴ്‌സണൽ സ്റ്റാഫ് എന്നിവയും ലഭിക്കും. വിരമിക്കൽ പെൻഷനടക്കം ലഭിക്കും.