ത്രികൂട മലയിലെ ത്രിശക്തികളുടെ അനശ്വര പീഠങ്ങൾ, വിഗ്രഹമില്ലാത്ത ഹിമാലയത്തിലെ ക്ഷേത്രം; വൈഷ്ണോ ദേവി ക്ഷേത്രത്തെ കുറിച്ച് അറിയാം| Vaishno Devi Temple

Vaishno Devi Temple
Published on

ഹിമാലയത്തിന്റെ മടിത്തട്ടിൽ, ത്രികൂട പർവതനിരകളിൽ സ്ഥിതിചെയ്യുന്ന ഗുഹാക്ഷേത്രമാണ് മാതാ വൈഷ്ണോ ദേവി ക്ഷേത്രം (Vaishno Devi Temple). ജമ്മു കശ്മീരിലെ കത്രയിൽ നിന്ന് 13 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.  മഹാകാളിയുടെ അവതാരമായ വൈഷ്ണോ ദേവിക്കായി സമർപ്പിച്ചിട്ടുള്ള ഈ ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ഹൈന്ദവ തീർത്ഥാടനകേന്ദ്രം കൂടിയാണ്. വിദൂര ദേശങ്ങളിൽ നിന്ന് പോലും ലക്ഷക്കണക്കിന് ഭക്തരാണ് ക്ഷേത്ര ദർശനത്തിനായി ഇവിടേക്ക് എത്തുന്നത്. പ്രതിവർഷം ഒരു കോടിയിലധികം തീർത്ഥാടകർ സന്ദർശിക്കുന്ന ഈ ഗുഹ ക്ഷേത്രം ലോകത്തിൽ ഏറ്റവും അധികം ഭക്തർ സന്ദർശിക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ്.

വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള യാത്ര അത്ര എളുപ്പമല്ല. കത്ര ഗ്രാമത്തിൽ നിന്നും ആരംഭിച്ച് ഏകദേശം പതിമൂന്ന് കിലോമീറ്റർ ദൈർഘ്യമുള്ള കാൽനടയാത്രയിലൂടെയാണ് ക്ഷേത്രത്തിൽ എത്തിച്ചേരുവാൻ സാധിക്കുക. വൈഷ്ണോ ദേവി ക്ഷേത്രത്തിൽ വിഗ്രഹം പ്രതിഷ്ഠിച്ചിട്ടില്ല. ഇതിനു പകരം, മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ ത്രിശക്തികളെ പ്രതിനിധീകരിക്കുന്ന മൂന്ന് ശിലാപിണ്ഡങ്ങളെയാണ് ക്ഷേത്രത്തിൽ ആരാധിക്കുന്നത്. ഈ മൂന്ന് ദേവതകളുടെയും ഗുഹകളിൽ ദർശനം നടത്തിയാൽ എല്ലാ ദുരിതങ്ങളും നീങ്ങി ഐശ്വര്യം ഉണ്ടാകുമെന്നാണ് വിശ്വാസം. ഐശ്വര്യദേവിയായ മഹാലക്ഷ്മിയുടെ അവതാരമായി കണക്കാക്കപ്പെടുന്ന വൈഷ്ണവിയെ ത്രികുട, ശ്രീമാതാ റാണി, മഹാദേവി എന്നീ പേരുകളിലും വൈഷ്ണോ ദേവി അറിയപ്പെടുന്നു. സതീ ദേവിയുടെ 108 മഹാ ശക്തി പീഠങ്ങളിൽ ഒന്നായി ഈ ക്ഷേത്രത്തെ കണക്കാക്കുന്നു. വൈഷ്ണോ ദേവിയുടെ കഥ ത്രേതായുഗകാലത്തേക്ക് പോകുന്നു. ദേവിയുടെ അവതാരം ധർമ്മത്തിന്റെ സംരക്ഷണത്തിനായി വിഷ്ണുവിന്റെ ആജ്ഞ പ്രകാരമായിരുന്നുവെന്ന് വിശ്വാസം.

ക്ഷേത്ര ഐതിഹ്യം

ത്രികൂട മലനിരകളിൽ വൈഷ്ണവി എന്ന പേരിൽ ദേവി കഠിന തപസ്സനുഷ്ഠിച്ചിരുന്നതായാണ് ഐതിഹ്യം. ഒരിക്കൽ, തന്ത്രിയായിരുന്ന ഭൈരവനാഥ് അശുദ്ധമായ ഉദ്ദേശ്യത്തോടെ മാതാ വൈഷ്ണോ ദേവിയെ പിന്തുടരുകയുണ്ടായി. ഭൈരവനാഥിൽ നിന്നും രക്ഷനേടാൻ ദേവി ത്രികൂടയിലെ പർവ്വതങ്ങളിൽ ഒളിച്ചിരിക്കുന്നു. ഭൈരവ് നാഥ് ദേവി അപായപ്പെടുത്താൻ ഒരുങ്ങിയപ്പോൾ ദേവി മഹാകാളിയുടെ രൂപം സ്വീകരിക്കുകയും ഭൈരവ് നാഥിനെ നിഗ്രഹിക്കുന്നു. എന്നാൽ, മരണപ്പെടുന്നതിന് മുൻപ് താൻ ചെയ്ത തെറ്റ് മനസ്സിലാക്കിയ ഭൈരവനാഥ് ദേവിയോട് മാപ്പപേക്ഷിക്കുന്നു . ഭക്തവത്സലയായ ദേവി ഭൈരവ് നാഥിന് മോക്ഷം നൽകുകയും,  ഭൈരവനാഥനെ വധിച്ചതിന് ശേഷം ശിരസ്സ് വീണിടത്ത് ഒരു ക്ഷേത്രം പണിയും എന്ന വക്കും നൽകുകയും ചെയുന്നു. വൈഷ്ണോ ദേവിയുടെ ദർശനം പൂർണ്ണമാകണമെങ്കിൽ ഭൈരവ് നാഥ് ക്ഷേത്രത്തിലും ദർശനം നടത്തണമെന്നും അനുഗ്രഹിക്കുന്നു. ഇന്നും, ഗുഹയ്ക്ക് മുകളിലുള്ള ക്ഷേത്രം സന്ദർശിച്ചതിനുശേഷം മാത്രമേ വൈഷ്ണോ ദേവിയിലേക്കുള്ള തീർത്ഥാടനം പൂർത്തിയാകൂ.

വൈഷ്ണോ ദേവി ക്ഷേത്ര ദർശനം പൂർത്തിയാക്കിയ ശേഷം, 2 കിലോമീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഭൈരവ് നാഥ് ക്ഷേത്രത്തിലേക്ക് പോകുന്നത് തീർത്ഥാടനത്തിൻ്റെ അവിഭാജ്യ ഘടകമാണ്. ഭൈരവ് നാഥ് ക്ഷേത്ര സന്ദർശനം പൂർത്തിയാക്കിയാൽ മാത്രമാണ് വൈഷ്ണോ ദേവിയുടെ അനുഗ്രഹം പൂർണ്ണമാകും എന്നാണ് വിശ്വാസം. വൈഷ്ണോ ദേവി ക്ഷേത്രത്തിൻ്റെയും കൃത്യമായ നിർമ്മാണ തീയതി അജ്ഞാതമാണ്. എന്നാൽ ഗുഹയിൽ നടത്തിയ ഭൂമിശാസ്ത്രപരമായ പഠനങ്ങൾ, ദശലക്ഷക്കണക്കിന് വർഷം പഴക്കമുള്ളതായാണ് സൂചിപ്പിക്കുന്നത്. ഹൈന്ദവ ഇതിഹാസമായ മഹാഭാരതത്തിൽ, ഇന്ന് ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്തെ കുറിച്ച് പരാമർശിക്കുന്നുണ്ട്. കുരുക്ഷേത്ര യുദ്ധത്തിന് മുമ്പ്, ശ്രീകൃഷ്ണൻ്റെ ഉപദേശപ്രകാരം അർജ്ജുനൻ ദേവിയുടെ അനുഗ്രഹം തേടി ഇവിടെ ധ്യാനിച്ചിരുന്നതായി പറയപ്പെടുന്നു.

എല്ലായ്പ്പോഴും ഭക്തർക്ക് ദർശനത്തിനായി ക്ഷേത്രം തുറന്നിട്ടിരിക്കും, എന്നാൽ ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളാണ് ക്ഷേത്ര ദർശനത്തിന് ഏറ്റവും അനുയോജ്യമായ സമയം. ജമ്മു കാശ്മീരിലെ ജമ്മു നഗരത്തിൽ നിന്ന് ഹെലികോപ്റ്റർ, റെയിൽ, റോഡ് മാർഗ്ഗം കത്രയിൽ എത്തിച്ചേരുവാൻ സാധിക്കുന്നതാണ്. നവരാത്രിയും ദീപാവലിയുമാണ് വൈഷ്ണോദേവി ക്ഷേത്രത്തിലെ പ്രധാന ആഘോഷം.

Summary: Nestled in the Trikuta Mountains of Jammu and Kashmir, the Vaishno Devi Temple is one of India’s most sacred pilgrimage sites. Devotees undertake a 13 km trek from Katra to reach the holy cave, where three natural rock formations represent the goddesses Mahakali, Mahalakshmi, and Mahasaraswati.

Related Stories

No stories found.
Times Kerala
timeskerala.com