ഭുവനങ്ങളെ അനുഗ്രഹിക്കുന്ന ദിവ്യശക്തിയുടെ നിലയം, കൂർമ്മപീഠ രൂപത്തിൽ നിലകൊള്ളുന്ന ക്ഷേത്രം; സതിദേവിയുടെ വലത് കാല്‍പാദം പതിച്ച ത്രിപുര സുന്ദരി ക്ഷേത്രത്തെക്കുറിച്ച് അറിയാം | Tripura Sundari Temple

Tripura Sundari Temple
Published on

ത്രിപുരയിലെ പ്രാചീന നഗരമായ ഉദയ്പൂരിൽ സ്ഥിതി ചെയ്യുന്ന ഏറെ പ്രശസ്തമായ ഹൈന്ദവ ക്ഷേത്രമാണ് ത്രിപുര സുന്ദരി ക്ഷേത്രം (Tripura Sundari Temple). 500 വർഷത്തോളം പഴക്കമുള്ള ഈ ക്ഷേത്രം സതി ദേവിയുടെ 51 ശക്തിപീഠങ്ങളിലൊന്നായി കണക്കാക്കുന്നു. ത്രിപുരേശ്വരി ക്ഷേത്രം എന്നും അറിയപ്പെടുന്ന ഈ ക്ഷേത്രം വടക്കുകിഴക്കൻ ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ വിശ്വാസികൾ ദർശനത്തിനായി എത്തുന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് ഇവിടം.

ഹൈന്ദവ തന്ത്രസമ്പ്രദായത്തിലെ ഉഗ്ര ദേവതകളായ പത്ത് മഹാവിദ്യകളിൽ മൂന്നാമത്തെ ഭഗവതിയായ ത്രിപുര സുന്ദരിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്‌ഠ. ഹൈന്ദവ, ശാക്തേയ വിശ്വാസപ്രകാരം ജഗദീശ്വരിയും സാക്ഷാൽ ആദിപരാശക്തിയും ഭുവനേശ്വരിയുമായ പ്രപഞ്ച നാഥയാണ് മഹാത്രിപുരസുന്ദരിയെന്നാണ് വിശ്വാസം. മൂന്ന് ലോകങ്ങളിലും നിറഞ്ഞു നിൽക്കുന്നവൾ എന്നതാണ് ത്രിപുര സുന്ദരി എന്ന വാക്കിന്റെ അർത്ഥം. സതിദേവിയുടെ ശരീരം ഖണ്ഡിക്കപ്പെട്ടപ്പോൾ, ദേവിയുടെ വലത് കാലിന്റെ ഒരു ഭാഗം (വലിയ കാൽവിരൽ ഉൾപ്പെടെ) ഇവിടെയാണ് പതിച്ചത് എന്നാണ് വിശ്വാസം. ഈ ക്ഷേത്രത്തിൽ ശക്തിയെ ത്രിപുര സുന്ദരിയായും ഭൈരവനെ (ശിവനെ) ത്രിപുരേഷായും ആരാധിക്കുന്നു.

കൂർമ്മ പീഠം

ആമയുടെ പുറംതോടിനോട് സാമ്യമുള്ള ഒരു കുന്നിൻ മുകളിലാണ് ക്ഷേത്രത്തിന്റെ സ്ഥാനം. കൂർമ്മപൃഷ്ഠാകൃതി എന്നറിയപ്പെടുന്ന ഈ രൂപം ശക്തി ക്ഷേത്രങ്ങളിലെ പുണ്യസ്ഥലമായി കണക്കാക്കപ്പെടുന്നു. അതിനാൽ തന്നെ കൂർമ്മ പീഠം എന്ന പേരിലും ക്ഷേത്രം അറിയപ്പെടുന്നു.

ചരിത്രവും വാസ്തുവിദ്യയും

524 വർഷങ്ങൾക്ക് മുൻപ് ത്രിപുരയിലെ മഹാരാജാവ് ധന്യ മാണിക്യനാണ് ഈ ക്ഷേത്രം പണിയുന്നത്. ബംഗാളിയിലെ ഏക-രത്ന ശൈലിയിലാണ് ക്ഷേത്രത്തിന്റെ പ്രധാന ശ്രീകോവിൽ പണിതിരിക്കുന്നത്. ഈ ക്ഷേത്രത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത ശ്രീകോവിലിലെ വിഗ്രഹങ്ങളാണ്. ശ്രീകോവിലിൽ സമാനമായ, എന്നാൽ വ്യത്യസ്ത വലുപ്പത്തിലുള്ള രണ്ട് കറുത്ത കല്ലിലുള്ള വിഗ്രഹങ്ങളുണ്ട്. 5 അടി ഉയരമുള്ള ത്രിപുര സുന്ദരി ദേവിയുടെ വിഗ്രഹമാണ് ശ്രീകോവിലിലെ പ്രധാന വിഗ്രഹം. 2 അടി ഉയരമുള്ള ചോട്ടൊ-മാ എന്ന വിശേഷിക്കപ്പെടുന്ന ചണ്ഡീ ദേവിയുടെ വിഗ്രഹമാണ് മറ്റൊന്ന്. ചണ്ഡീ ദേവിയുടെ ഈ ചെറിയ വിഗ്രഹം ത്രിപുരയിലെ രാജാക്കന്മാർ യുദ്ധങ്ങൾക്കും വേട്ടയാടലിനും കൊണ്ടുപോയിരുന്നുവെന്ന് പറയപ്പെടുന്നു.

ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തായി കല്യാൺ സാഗർ എന്ന വലിയ കുളം സ്ഥിതി ചെയ്യുന്നു. ഏകദേശം 6.4 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഈ തടാകം ക്ഷേത്രത്തിന്റെ പ്രധാന ആകർഷണമാണ്. ഈ തടാകത്തിൽ ബോസ്റ്റാമി ആമകളുടെ ഒരു വലിയ കൂട്ടാതെ തന്നെ കാണുവാൻ സാധിക്കും. മഹാവിഷ്ണുവിന്റെ കൂർമ്മാവതാരവുമായി ബന്ധമുള്ള ഈ ആമകളെ ഭക്തർ പവിത്രമായി കണക്കാക്കുന്നു. നൂറ്റാണ്ടുകളായി ഇവിടെ നിലനിന്നിരുന്ന ഒരു ആചാരമായിരുന്നു മൃഗബലി. ദോഷമി ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ഇവിടെ മൃഗബലി നടത്തിയിരുന്നു. ഇവിടെ കാളകളെ ബലിയർപ്പിക്കുന്ന ഒരു പാരമ്പര്യവും ഉണ്ടായിരുന്നു.

ശക്തിപീഠങ്ങൾ

ദക്ഷയാഗത്തിൻ്റെയും സതി ദേവി സ്വയം യാഗപീഠത്തിൽ ദഹിച്ചതിൻ്റെയും പുരാണങ്ങളിൽ നിന്നാണ് ശക്തിപീഠങ്ങൾ ഉടലെടുത്തത്. പത്നീവിയോഗത്താൽ ദുഃഖത്തിൽ ആണ്ടുപോയ മഹാദേവൻ സതിദേവിയുടെ മൃതശരീരവുമായി സംഹാരതാണ്ഡവ നൃത്തം ചെയ്തു. ഈ അവസ്ഥ ഭൂമിക്ക് മംഗളം അല്ലാത്തതിനാൽ സാക്ഷാൽ ആദിപരാശക്തി പ്രത്യക്ഷപ്പെടുകയും മഹാവിഷ്ണുവിനോട് സതിദേവിയുടെ മൃതശരീരം ഖണ്ഡിക്കാൻ ആവശ്യപ്പെടുന്നു, സുദര്ശനചക്രം വെച്ച് മഹാവിഷ്ണു അത് നടത്തുകയും ചെയ്യുന്നു. അങ്ങനെ, സതിദേവിയുടെ മൃതശരീരം 51 കക്ഷണങ്ങളായി ചിതറി വീണു. ഇതിൽ ദേവിയുടെ വലത് കാലിന്റെ ഒരു ഭാഗം ത്രിപുര സുന്ദരി ക്ഷേത്ര സ്ഥാനത്താണ് പതിച്ചത് എന്നാണ് വിശ്വാസം.

Summary: Tripura Sundari Temple, located in, Tripura, is one of India’s 51 Shakti Peethas, where Goddess Sati’s right foot is believed to have fallen. Built by King Dhanya Manikya in 1501 CE, the temple is shaped like a tortoise (Kurma Peeth) and enshrines black stone idols of Goddess Tripura Sundari and Goddess Chandi.

Related Stories

No stories found.
Times Kerala
timeskerala.com