

രാജസ്ഥാനിലെ പുരാതന കോട്ടകളിലൊന്നായ രൺതംബോർ കോട്ടയ്ക്കുള്ളിൽ, വന്യജീവി സങ്കേതത്തിന്റെ പച്ചപ്പിനും നിശ്ശബ്ദതക്കും ഇടയിലായി അതുല്യമായ ഭക്തി പാരമ്പര്യത്തിന്റെ പ്രതീകമായി നിലകൊള്ളുന്നു ത്രിനേത്ര ഗണേഷ് ക്ഷേത്രം (Trinetra Ganesh Temple). പ്രകൃതിയുടെ ശാന്തതയിൽ, ഐതീഹ്യവും ചരിത്രവും ഇഴചേർന്ന് രജസ്ഥാനിലെ ഈ ക്ഷേത്രം നൂറ്റാണ്ടുകളായി ഭക്തർക്ക് അഭയമേകുന്നു. ഇന്ത്യയിലെ ഏറ്റവും പുരാതനമായ ഗണപതിക്ഷേത്രങ്ങളിൽ ഒന്നായി കണക്കാക്കുന്ന ഈ ക്ഷേത്രം ഗണേഷ ചൈതന്യത്തിന്റെ ഉറവിടമാണ്.
രാജസ്ഥാനിലെ സവായ് മധോപൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന ചരിത്രസ്മാരകമാണ് രൺതംബോർ കോട്ട. പത്താം നൂറ്റാണ്ടിൽ ചൗഹാൻ രജപുത്രർ നിർമ്മിച്ച ഈ കോട്ടയ്ക്കുള്ളിലാണ് ത്രിനേത്ര ഗണേശ ക്ഷേത്രത്തിന്റെ സ്ഥാനം. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ക്ഷേത്രം, സാമ്രാജ്യങ്ങളുടെ ഉയർച്ചയ്ക്കും പതനത്തിനും സാക്ഷ്യം വഹിച്ച രൺതംബോർ കോട്ടയുടെ അവിഭാജ്യ ഘടകമാണ്.
തടസ്സങ്ങളെ അകറ്റുന്നവനും ജ്ഞാനത്തിന്റെ അഗ്രഗണിയുമായ ഗണേശന് ഹിന്ദു പുരാണങ്ങളിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്. 'ത്രിനേത്ര' എന്ന പേരിന്റെ അർത്ഥം 'മൂന്ന് കണ്ണുകൾ' എന്നാണ്. സാധാരണ ഗണേശ വിഗ്രഹങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇവിടുത്തെ പ്രധാന വിഗ്രഹത്തിന് നെറ്റിയിൽ ഒരു മൂന്നാം കണ്ണുണ്ട്. ഈ മൂന്നാം കണ്ണ് ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. ക്ഷേത്രത്തിന്റെ ഈ സവിശേഷതയാണ് ലോകമെമ്പാടുമുള്ള മറ്റ് ഗണപതി ക്ഷേത്രങ്ങളിൽ നിന്ന് ത്രിനേത്ര ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത്.
ത്രിനേത്ര ഗണേശ ക്ഷേത്രത്തിന്റെ മറ്റൊരു പ്രധാന സവിശേഷത, ഗണപതിയെ കുടുംബസമേതം ഇവിടെ ആരാധിക്കുന്നു എന്നതാണ്. ഭഗവാനോടൊപ്പം ഭാര്യമാരായ രിദ്ധി (സമ്പത്ത്) സിദ്ധി (വിജയം), പുത്രന്മാരായ ശുഭ് (സമൃദ്ധി), ലാഭ് (നേട്ടം) എന്നിവരുടെ വിഗ്രഹങ്ങളും ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ഗണപതിയെ കുടുംബസമേതം ആരാധിക്കുന്ന ലോകത്തിലെ ഏക ക്ഷേത്രങ്ങളിൽ ഒന്നാണിത്.
ഭക്തർ ക്ഷണക്കത്തുകൾ അയക്കുന്ന ക്ഷേത്രം
ത്രിനേത്ര ഗണപതി ക്ഷേത്രത്തെ പ്രശസ്തമാക്കുന്ന ഏറ്റവും രസകരമായ ആചാരങ്ങളിലൊന്ന്, ഭക്തർ തങ്ങളുടെ ജീവിതത്തിലെ ആദ്യത്തെ ശുഭകരമായ സംഭവങ്ങൾക്ക് ഭഗവാന് ക്ഷണക്കത്ത് അയയ്ക്കുന്നു എന്നതാണ്. വിവാഹം, ഗൃഹപ്രവേശനം, പുതിയ ബിസിനസ്സ് തുടങ്ങുമ്പോൾ, തുടങ്ങി എല്ലാ ശുഭകരമായ അവസരങ്ങൾക്കുമുള്ള ആദ്യ ക്ഷണക്കത്ത് ഭക്തർ ഈ ക്ഷേത്ര വിലാസത്തിലാണ് പോസ്റ്റ് ചെയ്യുന്നു.
ആയിരക്കണക്കിന് കത്തുകളും ക്ഷണക്കത്തുകളും എല്ലാ ദിവസവും ക്ഷേത്രത്തിലെത്തുന്നു. ക്ഷേത്രത്തിലെ പൂജാരിമാർ ഈ കത്തുകൾ ഭഗവാന്റെ കാൽക്കൽ വയ്ക്കുകയും ഭക്തർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്താൽ തങ്ങളുടെ കാര്യങ്ങൾ സുഗമമായി നടക്കുമെന്നും ഭഗവാന്റെ അനുഗ്രഹം ലഭിക്കുമെന്നും ഭക്തർ വിശ്വസിക്കുന്നു.
ക്ഷേത്ര ഐതിഹ്യം
ഈ ക്ഷേത്രത്തിന്റെ ഉത്ഭവം എ.ഡി. 1299-ൽ നടന്ന ഒരു യുദ്ധവുമായി ബന്ധപ്പെട്ടിരിക്കുന്നു. രൺതംബോർ കോട്ടയുടെ ഭരണാധികാരിയായിരുന്ന രാജാ ഹാമിർ ദേവ് ചൗഹാനും ഡൽഹി സുൽത്താൻ അലാവുദ്ദീൻ ഖിൽജിയും തമ്മിലായിരുന്നു യുദ്ധം. വർഷങ്ങൾ നീണ്ടു നിന്ന യുദ്ധത്തിൽ കോട്ടയിലെ ഭക്ഷണസാധനങ്ങൾ തീർന്നു തുടങ്ങി. ഗണപതിയുടെ ഭക്തനായിരുന്ന രാജാ ഹാമിർ അതോടെ ദുരിതത്തിലായി. ഒരു രാത്രിയിൽ, രാജാവിന്റെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് ഗണപതി പിറ്റേന്ന് രാവിലെ തന്റെ എല്ലാ പ്രശ്‌നങ്ങളും അവസാനിക്കുമെന്ന് ഉറപ്പുനൽകി. അടുത്ത ദിവസം, ഒരു അത്ഭുതം സംഭവിച്ചു, കോട്ടയുടെ ചുമരുകളിലൊന്നിൽ മൂന്ന് കണ്ണുകളുള്ള ഗണപതിയുടെ പ്രതിമ പ്രത്യക്ഷപ്പെട്ടു. അതോടെ, യുദ്ധം അവസാനിക്കുകയും കോട്ടയിലെ ഭക്ഷണസാധനങ്ങൾ അത്ഭുതകരമായി നിറയുകയും ചെയ്തു. ഈ ദിവ്യദർശനത്തിൽ സന്തുഷ്ടനായ രാജാവ് എ.ഡി. 1300-ൽ ഈ ക്ഷേത്രം പണികഴിപ്പിച്ചു എന്നാണ് വിശ്വാസം.
Summary: Trinetra Ganesh Temple, located inside the historic Ranthambore Fort in Rajasthan, is one of India’s oldest temples dedicated to Lord Ganesha. The deity here has three eyes, symbolizing divine wisdom.