
ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ് ഭക്തർക്ക് മുന്നിൽ ഒരുക്കുന്നത്. തഞ്ചാവൂരിന്റെ (Thanjavur) ഹൃദ്യഭാഗത്താണ് അതിമനോഹരമായ ബൃഹദീശ്വര ക്ഷേത്രം സ്ഥിതിചെയുന്നത്. ചരിത്രപരമായും നിര്‍മ്മാണ വൈദഗ്ധ്യത്താലും ക്ഷേത്രം ഏറെ പ്രസിദ്ധമാണ്.
തിരുവുടയാര്‍ കോവില്‍, പെരിയ കോവില്‍, രാജരാജേശ്വരം കോവില്‍ എന്നി വ്യത്യസ്ത പേരുകളിലും ഈ ക്ഷേത്രം അറിയപ്പെടുന്നു. ക്ഷേത്രത്തിന്റെ ഉയരവും സങ്കീര്‍ണമായ കൊത്തുപണികളും സന്ദര്‍ശകരെയും ഭക്തരെയും ഒരുപോലെ എവിടേക്ക് ആകര്‍ഷിക്കുന്നു. ചോളരാജവംശത്തിലെ പ്രമുഖനായ രാജരാജചോഴന്റെ (Rajaraja I) നേതൃത്വത്തിലാണ് ക്ഷേത്രം പണിതീർക്കുന്നത്. എ ഡി 1003 ൽ ആരംഭിച്ച ക്ഷേത്രം നിർമ്മാണം അവസാനിക്കുന്നത് 1010 ലാണ്.
ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പരമശിവനാണ്. ലിംഗ രൂപത്തിലാണ് ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രം എന്ന ഖ്യാതി ബൃഹദീശ്വരയ്ക്ക് സ്വന്തമാണ്. 216 അടി ഉയരമുള്ള ക്ഷേത്രത്തിന് 14 നിലകളാണ് ഉള്ളത്. ക്ഷേത്രത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത 81 ടണ്‍ ഭാരമുള്ള ഒറ്റക്കല്ലില്‍ തീർത്ത ക്ഷേത്രത്തിന്റെ മകുടമാണ്. ക്ഷേത്രഗോപുരത്തിന് മുകളിൽ സ്ഥിതിചെയ്യുന്ന മകുടത്തിന്റെ നിഴല്‍ ഉച്ച സമയത്ത് നിലത്ത് വീഴില്ല. വർഷത്തിൽ ഒരിക്കൽ പോലും ക്ഷേത്ര മകുടത്തിന്റെ നിഴൽപ്പാടുകൾ ഭൂമിയിൽ പതിയില്ല. 200 അടിയിൽ അധികം ഉയരമുള്ള ക്ഷേത്രത്തിന്റെ നിഴൽ ഭൂമിയിൽ പതിയായത് നിഗൂഢതയാണോ അത്ഭുതമാണോ എന്ന് ഇന്നും വ്യക്തമല്ല. ഒരു പക്ഷെ ക്ഷേത്രത്തിന്റെ നിർമ്മാണ രീതിയാകും ഈ പ്രതിഭാസത്തിന് പിന്നിൽ എന്ന് പറയപ്പെടുന്നു.
നിറയെ ശില്പങ്ങൾ കൊത്തിയ രണ്ട് ഗോപുരങ്ങൾ പിന്നിട്ടുവേണം ക്ഷേത്ര വളപ്പിലേക്ക് കടക്കുവാൻ. ക്ഷേത്ര കവാടം താണ്ടി ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ ഭക്തരെ ക്ഷേത്രാങ്കണത്തിലേക്ക് സ്വീകരിക്കുന്നത് ഒറ്റക്കല്ലിൽ തീർത്ത അതിമനോഹരമായ ശിവലിംഗവും, നന്ദികേശനുമാണ്. ഏകദേശം 25 ടൺ ഭാരമുളള നന്ദികേശൻ പതിനാറാം നൂറ്റാണ്ടിൽ നിർമിച്ചതാണ്. ക്ഷേത്രത്തിന്റെ ഏറ്റവും മനോഹരമായ സവിശേഷത ഇരുപത് ടൺ ഭാരമുള്ള ശിവലിംഗമാണ്. ക്ഷേത്രത്തിലെ ശിവലിംഗം പരമശിവന്റെ ദിവ്യശക്തിയുള്ള വലിയ ശിലാ രൂപമാണ് എന്നാണ് വിശ്വാസം. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ശിവലിംഗങ്ങളിൽ ഒന്നാണ് ബൃഹദീശ്വര ക്ഷേത്രത്തിലേത്ത്. ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്ന പ്രധാനക്ഷേത്രത്തിന് വടക്കായി ചണ്ഡികേശ്വരന്റെ പ്രതിഷ്ഠയാണ്. പെരിയനായകി അമ്മാൾ ക്ഷേത്രവും അതിനടുത്തായി സ്ഥിതിചെയ്യുന്നു. ഗണപതി, മുരുകൻ, സൂര്യൻ, ചന്ദ്രൻ, അഷ്ടദിക്പാലകർ, അഗ്നി, ഇന്ദ്രൻ, വായു, യമൻ, കുബേരൻ ക്ഷേത്രത്തിലെ ഉപദേവതകളാണ്.
ഭരതനാട്യത്തിലെ 81 ഭാവങ്ങള്‍ ചിത്രീകരിക്കുന്ന സങ്കീര്‍ണമായ കൊത്തുപണികളാണ് ബൃഹദീശ്വര ക്ഷേത്രത്തിലെ മറ്റൊരു ആകർഷണം. ദേവീദേവന്മാരും രാജാക്കന്മാരും സാധാരണ മനുഷ്യരും രതിശില്പങ്ങളും, എന്നിങ്ങനെ നീളുന്നു കൊത്തുപണികൾ. കേരളത്തിലെ രാജാവായിരുന്ന ഭാസ്കര രവിവർമയെ കീഴടക്കിയതിന്റെ പ്രതീകമായി
ചോളരാജാവ് എഡി ആയിരാമാണ്ടില്‍ പണിത അതിമനോഹര കവാടമുണ്ട് ഈ ക്ഷേത്രത്തിൽ. കേരളാന്തകൻ തിരുവയൽ എന്നാണ് ഈ മനോഹര കവാടത്തിന്റെ നാമം. ക്ഷേത്ര നിർമാണം കഴിഞ്ഞ് എട്ടുവർഷത്തിനുശേഷം നിർമിച്ചതാണ് ഈ കവാടം നിർമ്മിക്കപ്പെട്ടത്.
ശിവരാത്രി, നവരാത്രി, പഞ്ചമി, പ്രദോഷം, അഷ്ടമി, പൗര്‍ണമിയും എല്ലാം ഇവിടെ വിശേഷ ദിവസങ്ങളാണ്. രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും വൈകിട്ട് 4 മുതല്‍ മുതല്‍ 8.30 വരെയാണ് ക്ഷേത്ര ദര്‍ശന സമയം. യുനസ്‌കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച തഞ്ചാവൂര്‍ ബൃഹദീശ്വരക്ഷേത്രം, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രങ്ങളുടെ പട്ടികയിലും മുൻപന്തിയിലാണ്.