മനുഷ്യരും ഉഗ്രവിഷമുള്ള പാമ്പുകളും ഒരുമിച്ച് പാർക്കുന്ന ഗ്രാമം!  മനുഷ്യര്‍ക്ക് പാമ്പുകളെയോ പാമ്പുകള്‍ക്ക് മനുഷ്യരെയോ ഭയമില്ലാത്ത ശെത്പല്‍ ഗ്രാമം |Shetphal Village

ഉഗ്രവിഷമുള്ള പാമ്പുകൾ പോലും ഗ്രാമവാസികളെ ഉപദ്രവിക്കാറില്ല
Shetphal Village
Published on

ലോകത്ത് ഏറ്റവും കൂടുതൽ പാമ്പുകൾ ഉള്ള രാജ്യങ്ങളുടെ പട്ടികയിൽ നമ്മുടെ രാജ്യം മുൻപന്തിയിലാണ്. പുരാതന കാലം മുതൽ പാമ്പുകളെ ആരാധിക്കുന്ന ചരിത്രമാണ് ഇന്ത്യയുടേത്. ആരെയും ഭയപ്പെടുത്തുന്ന ജീവികൾ എന്നതിന് അപ്പുറം മനുഷ്യ സംസ്കാരത്തിൽ എപ്പോഴും ഒരു പ്രത്യേക സ്ഥാനമുണ്ട് ഇവയ്ക്ക് എന്നത് സത്യമാണ്. സർപ്പാരാധന പ്രാബല്യത്തിലുള്ള ഒട്ടനവധി ക്ഷേത്രങ്ങൾ നമ്മുടെ നാട്ടിൽ ഏറെയാണ്. ഭയത്തിന്റെയും ഭക്തിയുടെയും പരിവേഷത്തിലാണ് പാമ്പുകളെ നാം കാണുന്നത്. എന്നാൽ ഇതിനെല്ലാം അപ്പുറം പാമ്പുകളും മനുഷ്യരും ഒരുമിച്ച് ജീവിക്കുന്നതിനെ കുറിച്ച് കേട്ടിട്ടുണ്ടോ? പാമ്പും മനുഷ്യനും ഒരുമിച്ച് ജീവിക്കാനോ? അതെ, പാമ്പും മനുഷ്യരും ഒരുമിച്ച് താമസിക്കുന്ന ഒരു ഗ്രാമം ഉണ്ട്. ഇത് മറ്റെവിടെയുമല്ല, നമ്മുടെ ഇന്ത്യയിലാണ് അപൂർവങ്ങളിൽ അപൂർവമായ ഈ ഗ്രാമമുള്ളത്.

പാമ്പുകളുടെ ഗ്രാമം

മനുഷ്യർ വ്യത്യസ്തമായ ഒട്ടനവധി ജന്തുവർഗങ്ങളെ വളർത്തുന്നതിനെ കുറിച്ച് കേട്ടിട്ടുണ്ടാകും എന്നാൽ ശെത്പല്‍ (Shetphal Village) എന്ന ഈ കൊച്ചു ഗ്രാമത്തിലെ മനുഷ്യർക്ക് ഒപ്പം വസിക്കുന്നത് പാമ്പുകളാണ്. മഹാരാഷ്ട്രയിലെ ഷോലാപൂർ ജില്ലയിലാണ് ശെത്പല്‍ എന്ന പാമ്പുകളുടെ ഗ്രാമമുള്ളത്. ഇവിടെ ആർക്കും പാമ്പുകളെ ഭയമില്ല, സ്വന്തം വീട് എന്നമട്ടിലാണ് പാമ്പുകൾ ഗ്രാമത്തിലെ വീടുകളിൽ പ്രവേശിക്കുന്നത്. വീടിന് ഐശ്വര്യം നൽകുന്ന ദൈവങ്ങളായാണ് പാമ്പുകളെ ഗ്രാമവാസികൾ കാണുന്നത്. ഇവിടെ ഓരോ വീടിൻ്റെയും അകത്തളത്തിൽ, വീടിൻ്റെ കാവൽക്കാരെപ്പോലെ പാമ്പുകൾ ഇഴഞ്ഞുനീങ്ങുന്നു.

പാമ്പുകൾ കുടുംബാംഗം പോല

സർപ്പാരാധനയുടെ പാരമ്പര്യം പിന്തുടരുന്ന ഈ ഗ്രാമത്തിൽ ഓരോ വീടുകളിലും പാമ്പുകൾക്കായി പ്രതേക സ്ഥാനം ഒരുക്കിയിട്ടുണ്ട്. ദേവസ്ഥാനം എന്ന് വിളിക്കപ്പെടുന്ന ഈ സ്ഥാനം വീടുകളിലെ ഒരു ക്ഷേത്രം പോലെയാണ്. ഗ്രാമത്തിൽ ആര് വീടുവച്ചാലും ദേവസ്ഥാനത്തിനായി കുറച്ചു ഇടം ഒഴിച്ചിടുന്നു. വീടിന്റെ മച്ചിലോ ചുമരിലോ ഉള്ള ഒരു ചെറിയ അറയാണ് ഇത്, ഈ അറയിലേക്ക് പാമ്പുകൾക്ക് എപ്പോൾ വേണമെങ്കിലും കടന്നു വരാവുന്നതാണ്. ഗ്രാമവാസികൾ വീട്ടിലേക്ക് കടന്നു വരുന്ന ഓരോ പാമ്പിനെയും കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് കണക്കാക്കുന്നത്. പാമ്പുകൾക്ക് വീട്ടിൽ എവിടെ വേണം എങ്കിലും പ്രവേശിക്കാം ആരും ചെറുക്കുകയില്ല.

ആരെയും കടിക്കാത്ത പാമ്പുകൾ

ഈ ഗ്രാമത്തിൽ എവിടേക്ക് തിരിഞ്ഞാലും പാമ്പുകളെ കാണാം. അപ്പോൾ പിന്നെ മനസ്സിൽ സ്വാഭാവികമായ ഒരു ചോദ്യം ഉയർന്നേക്കാം, ഈ പാമ്പുകൾ ആരെയും കടിക്കില്ല എന്ന് ? ഗ്രാമത്തിൽ നാളിതുവരെ പാമ്പുകൾ ആരെയും കടിച്ചതായി റിപ്പോർട്ട് ചെയ്തിട്ടില്ല. ഉഗ്രവിഷമുള്ള പാമ്പുകൾ പോലും ഗ്രാമവാസികളെ ഉപദ്രവിക്കാറില്ല. പാമ്പുകൾ മനുഷ്യരെ ഉപദ്രവിക്കാത്തതിന്റെ പ്രധാന കാരണം ഗ്രാമവാസികൾ പാമ്പുകളോട് ഇടപഴകുന്ന രീതിയാണ്. പാമ്പുകളെ ആരും അറിഞ്ഞോ അറിയാതെയോ ഉപദ്രവിക്കാറില്ല. ഗ്രാമത്തിലെ കുട്ടികൾ അവർ ജനിക്കുന്നത് മുതലേ പാമ്പുകളെ കണ്ടു വളരുന്നത് കൊണ്ട് തന്നെ കുട്ടികളും പാമ്പുകളും ഒരുമിച്ച് തന്നെ വളരുന്നു. അയ്യായിരത്തോളം മനുഷ്യരാണ് ഈ ഗ്രാമത്തിൽ വസിക്കുന്നത്, ഗ്രാമത്തിലെ സ്‌കൂളിലും പാമ്പുകൾ സജീവ സാന്നിധ്യമാണ്.

ഗ്രാമത്തിലുള്ളവരെ പാമ്പുകൾ ഉപദ്രവിക്കാറില്ല അപ്പോൾ ഗ്രാമം സന്ദർശിക്കുന്നവരെ ഉപദ്രവിക്കുമോ എന്ന ചോദ്യം പലരിലും ഉയർന്നേക്കാം. പേടിക്കണ്ട ഇവിടേക്ക് ധൈര്യമായി യാത്ര പോകാം. പാമ്പുകളെ അങ്ങോട്ട് ഉപദ്രവിക്കാതെ ഇരുന്നാൽ മാത്രം മതി. പാമ്പുകൾക്ക് പാലും മുട്ടയും കൂടി കൊടുത്താൽ പിന്നെ പെട്ടന്ന് തന്നെ പാമ്പുമായി ചങ്ങാതിയാക്കാം. ശെത്പല്‍ എന്ന ഈ ഗ്രാമത്തിലെ മനുഷ്യരും പാമ്പുകളും തമ്മിലുള്ള ഈ അസാധാരണ ബന്ധത്തിന് പിന്നിലെ കാരണം ഇന്നും വ്യക്തമല്ല, പക്ഷെ ഒരു കാര്യം വ്യക്തമാണ് ഈ സാധാരണ ബന്ധം തന്നെയാണ് ഈ ചെറു ഗ്രാമത്തെ വേറിട്ടതാകുന്നത്. ശെത്പല്‍ വെറുമൊരു ഗ്രാമമല്ല, പ്രകൃതിയുമായി മനുഷ്യനുണ്ടാക്കിയ ഒരു ഉടമ്പടിയുടെ അതുല്യമായ നേർസാക്ഷ്യമാണ്. പൂനയിൽ നിന്നും നാലു കിലോമീറ്റർ സഞ്ചരിച്ചാൽ ഈ ഗ്രാമത്തിൽ എത്തിച്ചേരുവാൻ സാധിക്കുന്നതാണ്. ബാരാമതി, കാട്ഫാൽ എന്നിവയാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ.

Summary: Shetphal Village in Maharashtra is known for its unique tradition of coexisting with snakes. Every house has a designated space where snakes freely live without harming anyone. This extraordinary harmony has made the village a symbol of faith and coexistence between humans and reptiles.

Related Stories

No stories found.
Times Kerala
timeskerala.com