
പ്രപഞ്ചങ്ങളുടെ സംരക്ഷകൻ, പരമമായ ശക്തി, ക്ഷീരപഥ തേജസ്വിജന മണ്ഡലത്തിൽ അനന്തമായി ശയിക്കുന്ന, മഹാവിഷ്ണു. 'നാരായണൻ', 'ഭഗവാൻ' എന്നെല്ലാം അറിയപ്പെടുന്ന വിഷ്ണു, ഓരോ യുഗത്തിലും ധർമ്മം ക്ഷയിക്കുമ്പോൾ ദശാവതാര പിറവിയോടെ ലോകത്തെ തിന്മയിൽ നിന്നും രക്ഷിക്കുന്നു. ആദിശേഷന് മുകളിലായി അനന്തശയനം ചെയ്യുന്ന മഹാവിഷ്ണുവിൻ്റെ ദിവ്യശക്തികൾ അനന്തമാണ്.
മഹാവിഷ്ണുവിനായി ഇന്ത്യയിലുടനീളം ഒട്ടനവധി ക്ഷേത്രങ്ങൾ സമർപ്പിച്ചിട്ടുണ്ടെങ്കിലും, ഭഗവാൻ്റെ ഏറ്റവും പ്രധാനപ്പെട്ടതും പവിത്രവുമായ വാസസ്ഥാനമാണ് ശ്രീ രംഗനാഥസ്വാമി ക്ഷേത്രം ((Ranganathaswamy Temple). തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിക്ക് സമീപം കാവേരി നദിയുടെ മധ്യത്തിലുള്ള ദ്വീപിൽ സ്ഥിതി ചെയ്യുന്ന രംഗനാഥസ്വാമി ക്ഷേത്രത്തിന് സവിശേഷതകൾ ഏറെയാണ്. വിശ്വാസവും വിസ്മയവും ഒത്തുചേർന്ന ഈ ക്ഷേത്രം ലോകത്തിലെ ഏറ്റവും വലിയ മതസമുച്ചയം കൂടിയാണ്. ലോകത്തിലെ ഏറ്റവും വലിയ പ്രവർത്തനക്ഷമമായ ക്ഷേത്ര സമുച്ചയമായി ഈ ക്ഷേത്രത്തെ കണക്കാക്കുന്നു.
തിരുച്ചിറപ്പള്ളിയുടെ ഭാഗമായ ശ്രീരംഗം എന്ന ദ്വീപനഗരത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 156 ഏക്കര്‍ വിസ്തീര്‍ണ്ണത്തിലായി വ്യാപിച്ചുകിടക്കുന്ന ഈ ക്ഷേത്രം 108 ദിവ്യ ദേശങ്ങളിൽ ഒന്നാണ്. മഹാവിഷ്ണുവിന്റെ എട്ട് സ്വയംഭൂ ക്ഷേത്രങ്ങളില്‍ പ്രഥമ സ്ഥാനം വഹിക്കുന്നതും രംഗനാഥസ്വാമി ക്ഷേത്രമാണ്. രംഗനാഥസ്വാമി ക്ഷേത്രത്തിൽ ദർശനത്തിനായി എത്തുന്ന ഭക്തരെ ആദ്യം ആകർഷിക്കുക ക്ഷേത്രത്തിലെ ചുറ്റുമതിലാണ്. ഏഴു ചുറ്റുമതിലുകള്‍ക്കുള്ളിലാണ് ക്ഷേത്ര ശ്രീകോവിലിന്റെ സ്ഥാനം. ഏഴ് ചുറ്റുമതിലുകൾക്കുള്ളിലായി 21 ക്ഷേത്രഗോപുരങ്ങളാണ് ഉള്ളത്. ഇവയിൽ 72 മീറ്റര്‍ ഉയരമുള്ള, 13 നിലകളോടു കൂടിയ രാജഗോപുരമാണ് ഏഷ്യയിലെ ഏറ്റവും ഉയരമുള്ള ക്ഷേത്ര ഗോപുരം.
ദ്രാവിഡ വാസ്തുശൈലിയിലാണ് ക്ഷേത്ര സമുച്ഛയങ്ങൾ പണിതിരിക്കുന്നത്. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ അനന്തശയന രൂപത്തിലുള്ള മഹാവിഷ്ണുവാണ് (രംഗനാഥൻ). ആദിശേഷന്റെ മുകളിൽ ശയിക്കുന്ന ഭഗവാന്റെ സമീപം പത്നി മഹാലക്ഷ്മിയും (രംഗനായകി) കുടികൊള്ളുന്നു. ഈ ക്ഷേത്രത്തിലെ മറ്റൊരു പ്രതേകത മഹാവിഷ്ണുവിന്റെ പ്രതിഷ്‌ഠയാണ്. തെക്കോട്ട് ദര്‍ശനമായാണ് ക്ഷേത്രത്തിൽ മഹാവിഷ്ണുവിനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇത്തരത്തില്‍ പ്രതിഷ്ഠയുള്ള അപൂര്‍വം ക്ഷേത്രങ്ങളിലൊണ് ഇവിടം.
ക്ഷേത്ര ഐതിഹ്യം
ബ്രഹ്മാവ് ആരാധിച്ചിരുന്ന വിഷ്ണുവിന്റെ വിഗ്രഹം, ത്രേതായുഗത്തിൽ രാവണനെ വധിച്ച ശേഷം ലങ്കയിലേക്ക് പോയ വിഭീഷണന് സമ്മാനമായി നൽകുന്നു. എന്നാൽ, ലങ്കയിലേക്കുള്ള യാത്രാമധ്യേ, വിഭീഷണൻ കാവേരിക്കടുത്തുള്ള ചന്ദ്രപുഷ്കരണിയുടെ തീരത്ത് വിഗ്രഹം നിലത്ത് വെയ്ക്കുന്നു. എന്നാൽ നിലത്തു വച്ച വിഷ്ണുവിന്റെ വിഗ്രഹം എടുക്കാൻ കഴിയാതെ വരുന്നു. എത്രയൊക്കെ ശ്രമിച്ചിട്ടും വിഗ്രഹം നിലത്ത് നിന്നും ഉയർത്തുവാൻ കഴിഞ്ഞില്ല. തുടർന്ന്, വിഷ്ണുവിന്റെ ഭക്തനായ ചോള രാജാവായ ധർമ്മവർമ്മ ഈ വിഗ്രഹം പ്രതിഷ്ഠിക്കുവാനായി ഒരു ക്ഷേത്രം തന്നെ പണികഴിപ്പിക്കുകയായിരുന്നു. കാവേരിയുടെ തീർത്ത് ഇരുന്നു കൊണ്ട് തെക്കോട്ട് ലങ്കയിലേക്ക് നോക്കി, പരിപാലിച്ചു കൊളളാമെന്നും ഭഗവാൻ പറഞ്ഞുവത്രേ. അങ്ങനെയാണ് ക്ഷേത്രം തെക്കോട്ട് ദർശനമായത്.
ക്ഷേത്രത്തിനുള്ളിൽ രാമാനുജന്റെ മൃതദേഹം
ആയിരത്തിലധികം വർഷങ്ങൾക്ക് മുമ്പ് അന്തരിച്ച ആചാര്യനായ രാമാനുജാചാര്യരുടെ മൃതദേഹം ഇപ്പോഴും രംഗനാഥ ക്ഷേത്രത്തിൽ സൂക്ഷിച്ചിരിക്കുന്നുവത്രെ. ഇവിടുത്തെ, നാലാം മുറ്റത്തുള്ള രാമാനുജാചാര്യ ക്ഷേത്രത്തിലാണ് രാമാനുജാചാര്യറുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത് എന്ന് പറയപ്പെടുന്നു.
Summary: The Srirangam Ranganathaswamy Temple, located on an island formed by the Kaveri River in Tamil Nadu, is one of the largest functioning Hindu temples in the world. With its towering gopurams, intricate Dravidian architecture, and centuries-old rituals, Srirangam stands as a living symbol of devotion, culture, and spiritual grandeur.