
ഡിജിറ്റൽ യുഗം ആശയവിനിമയ രീതികൾ തന്നെ മാറ്റി മറിച്ചിരിക്കുകയാണ്. സാങ്കേതികവിദ്യ നമ്മുടെ ജീവിതത്തെ കൂടുതൽ വേഗത്തിലാക്കി മാറ്റി. സ്മാർട്ട്‌ഫോണുകളും കമ്പ്യൂട്ടറുകളും ആശയവിനിമയ മേഖല കിഴടക്കി കഴിഞ്ഞു. ദൂരം കണക്കിലെടുക്കാതെ, വളരെ വേഗത്തിൽ ആർക്കും ആരോടും ബന്ധപ്പെടാം. ഇ-മെയിലുകളും മെസേജുകളും നമ്മുടെ ജീവിതത്തെ അക്കെ മാറ്റിമറിച്ചുവെങ്കിലും, ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ ലഭിക്കുന്ന കത്തുകൾക്കും പോസ്റ്റ് കാർഡുകൾക്കും ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു.
എന്നാൽ, ഏതാനം വർഷങ്ങൾക്ക് മുമ്പ് അങ്ങനെയായിരുന്നില്ല. ലോകത്തിന്റെ ഏത് കോണിലുമുള്ള നമ്മുടെ പ്രിയപ്പെട്ടവരുടെ സുഖവിവരം അറിയുവാൻ പോസ്റ്റ്‌മാനെ കാത്തിരിക്കും, ആ കാത്തിരിപ്പ് ഒരു ശീലമായിരുന്നു. ഇങ്ങനെ കിട്ടുന്ന കത്തുകൾ വെറും കടലാസുകളായിരുന്നില്ല, അത് പ്രതീക്ഷയും സ്നേഹവുമായിരുന്നു. കാലം ഏറെ മാറിക്കഴിഞ്ഞു എന്നാൽ, ആ പാരമ്പര്യത്തിന്റെ ഓർമ്മപുതുക്കുവാനും ഇന്നും ഇന്ത്യയുടെ മുക്കിലും മൂലയിലും സേവനം എത്തിക്കുന്ന ഇന്ത്യയുടെ തപാൽ വകുപ്പിന്റെ പ്രാധാന്യത്തെ എടുത്തുകാട്ടുന്നതിനും എല്ലാ വർഷവും ഒക്ടോബർ 10 ദേശീയ തപാൽ ദിനമായി ആചരിക്കുന്നു.
ഒക്ടോബർ 9 ന് ആഘോഷിക്കുന്ന ലോക തപാൽ ദിനത്തിന്റെ ഒരു വിപുലീകരണമായാണ് എല്ലാ വർഷവും ഒക്ടോബർ 10 ന് ദേശീയ തപാൽ ദിനം ആഘോഷിക്കുന്നത്. 150 വർഷത്തിലേറെയായി ഇന്ത്യയുടെ തപാൽ വകുപ്പ് രാഷ്ട്രസേവനത്തിനായി വഹിച്ച പങ്കിനെ അനുസ്മരിപ്പിക്കുന്നതിനാണ് ദേശീയ തപാൽ ദിനം ആചരിക്കുന്നത്. കത്തുകൾ എത്തിക്കുക എന്നതിലുപരി, ഇന്ത്യ പോസ്റ്റ് ഇന്ന് ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് (IPPB) ഉൾപ്പെടെയുള്ള സാമ്പത്തിക സേവനങ്ങൾ നൽകിക്കൊണ്ട് രാജ്യത്തെ ജനങ്ങളെ, പ്രത്യേകിച്ച് ഗ്രാമീണ മേഖലയിലുള്ളവരെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു.
1800 കളുടെ അവസാനത്തിലാണ് ആഗോള തലത്തിൽ തപാല്‍ സര്‍വീസുകൾ ആരംഭിക്കുന്നത്. തപാൽ സർവീസുകൾ കൂടുതൽ ഫലപ്രദമായി പ്രവർത്തിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആഗോള പോസ്റ്റല്‍ യൂണിയന്‍ ആരംഭിക്കുന്നു. 1894 ഒക്ടോബര്‍ 9 ന് സ്വിറ്റ്സര്‍ലന്‍ഡിലാണ് ആഗോള പോസ്റ്റല്‍ യൂണിയന്‍ രൂപീകരിക്കുന്നത്. 1969ല്‍ ടോക്യോയില്‍ നടന്ന ആഗോള പോസ്റ്റല്‍ യൂണിയന്‍ കോണ്‍ഗ്രസില്‍ ആനന്ദ് മോഹന്‍ നരൂല എന്ന ഇന്ത്യാക്കാരനാണ് ലോക തപാല്‍ ദിനമെന്ന ആശയം അവതരിപ്പിക്കുന്നത്.
ഇന്ത്യൻ തപാൽ സർവീസ്
ബ്രിട്ടീഷുകാരാണ് ഇന്ത്യയിൽ തപാൽ സേവനത്തിന് തുടക്കം കുറിക്കുന്നത്. 1854-ൽ ലോർഡ് ഡൽഹൗസിയാണ് തപാൽ സേവനങ്ങൾക്ക് ഇന്ത്യയിൽ ആദ്യമായി നേതൃത്വം നൽകുന്നത്. നിലവിൽ ആശയവിനിമയ മന്ത്രാലയത്തിന് കീഴിലാണ് ഇന്ത്യയിലെ തപാൽ സർവീസുകൾ പ്രവർത്തിക്കുന്നത്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഏറ്റവും വലിയ തപാൽ ശൃംഖലയുള്ള രാജ്യമാണ് ഇന്ത്യ. രാജ്യത്തുടനീളം പതിനഞ്ച് ലക്ഷത്തിലധികം പോസ്റ്റ് ഓഫീസുകൾ പ്രവർത്തിപ്പിക്കുന്നു, ഇതിൽ പലതും ഗ്രാമപ്രദേശങ്ങളിലും വിദൂര പ്രദേശങ്ങളിലുമാണ്. ഇന്ത്യയിൽ 9 തപാൽ മേഖലകളും, 23 തപാൽ സർക്കിളുകളും, ഒരു ആർമി തപാൽ ഓഫീസും ഉണ്ട്. ഇന്ത്യയിലെ തപാൽ ഓഫീസുകൾ 1972 ൽ നടപ്പിലാക്കിയ 6 അക്ക പിൻ കോഡ് സംവിധാനമാണ് ഉപയോഗിക്കുന്നത്.
എന്തുകൊണ്ട് തപാൽ പെട്ടികൾ ചുവപ്പ് നിറത്തിൽ
ഇന്ത്യയിലെ തപാൽ പെട്ടികൾ ചുവപ്പ് നിറത്തിൽ കാണപ്പെടുന്നത് എന്തുകൊണ്ടാണ് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ബ്രിട്ടീഷുകാരാണ് തപാൽ പെട്ടികൾക്ക് ചുവപ്പ് നിറം നൽകുന്നത്. തപാൽപെട്ടികളുടെ ചുവപ്പ് നിറം മറ്റേതൊരു സവിശേഷതയെയും പോലെ തപാൽ സേവനത്തിന്റെ പ്രതീകാത്മക സ്വഭാവത്തിന്റെ ഭാഗമാണ്. ബ്രിട്ടീഷ് കാലഘട്ടത്തിന്റെ തുടക്കത്തിൽ പച്ചനിറത്തിലുള്ള പെട്ടികളാണ് തപാലിനായി ഉപയോഗിച്ചിരുന്നത്. പച്ച നിറം അത്ര ആകർഷകമല്ലായിരുന്നു, പലരും പച്ചനിറമുള്ള തപാൽ പെട്ടികളെ ശ്രദ്ധിക്കാതെയായി . അങ്ങനെയാണ് പച്ചക്ക് പകരം മറ്റൊരു നിറം തപാൽ പെട്ടിക്ക് നൽകാം എന്ന് ബ്രിട്ടീഷുകാർ തീരുമാനിക്കുന്നത്. ഒടുവിൽ അതിനായി കണ്ടെത്തിയ നിറം ചുവപ്പായിരുന്ന. 1874 മുതൽ ചുവപ്പ് നിറത്തിലുള്ള തപാൽ പെട്ടികൾ ഉപയോഗിക്കുവാൻ തുടങ്ങി. ചുവപ്പ് നിറത്തിന് ഏറ്റവും ഉയർന്ന തരംഗദൈർഘ്യവും ഏറ്റവും കുറഞ്ഞ ആവൃത്തിയുമാണ് ഉള്ളത്, അതിനാൽ തന്നെ ദൂരെ നിന്ന് പോലും ഇത് ദൃശ്യമാക്കുന്നു.