

ഭക്തിയും ആചാരങ്ങളും പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്തുന്നു. എന്നാൽ തമിഴ്‌നാട്ടിലെ മധുരയ്ക്കടുത്തുള്ള വടക്കംപട്ടിയിലുള്ള മുനിയാണ്ടി സ്വാമി ക്ഷേത്രം (Muniyandi Swami Temple) വിശ്വാസത്തിന്റെയും രുചിയുടെയും പുതിയൊരു അധ്യായം തന്നെ ഭക്തർക്ക് മുന്നിൽ തുറന്നു നൽകുന്നു. ഇവിടെയെത്തുന്ന ഭക്തർക്ക് പ്രസാദമായി ലഭിക്കുന്നത് പൂക്കളോ പഴങ്ങളോ അല്ല, മറിച്ച് നല്ല ചൂടുള്ള മട്ടൺ ബിരിയായാണ്. തീർത്തും സൗജന്യമായാണ് മുനിയാണ്ടി സ്വാമി ക്ഷേത്രത്തിൽ ഭക്തർക്ക് ബിരിയാണി നൽകുന്നത്.
മധുര ജില്ലയിലെ വടക്കംപട്ടി എന്ന ഗ്രാമത്തിലാണ് ഏറെ പ്രശസ്തമായ മുനിയാണ്ടി സ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. എല്ലാ വര്‍ഷവും ജനുവരിയിലാണ് ഭക്തർക്ക് സൗജന്യമായി ബിരിയാണി നൽകുന്ന ബിരിയാണി മഹോത്സവം അരങ്ങേറുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും സവിശേഷമായ ക്ഷേത്രോത്സവങ്ങളിൽ ഒന്നാണിത്. ഇത് വെറുമൊരു ഉത്സവം എന്നതിലുപരി, ഒരു സമൂഹത്തിന്റെ ഐക്യത്തിന്റെയും വിജയഗാഥയുടെയും പ്രതീകം കൂടിയാണ്.
ഈ അതുല്യമായ പാരമ്പര്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. വടക്കംപട്ടി ഗ്രാമത്തിലെ ഒരു വ്യക്തി ഒരു ഹോട്ടൽ തുടങ്ങുകയുണ്ടായി. ചുരുങ്ങിയ നാളുകൾ കൊണ്ട് ഹോട്ടൽ നല്ല ലാഭം നേടുകയുണ്ടായി. മുനിയാണ്ടി സ്വാമിയുടെ അനുഗ്രഹത്താലാണ് തന്റെ ബിസിനസ്സ് നല്ല ലാഭത്തിൽ എത്താൻ കാരണമാണ് അയാൾ വിശ്വസിച്ചു. അങ്ങനെ ഗ്രാമത്തിലെ മറ്റു ചിലരും ഹോട്ടൽ ബിസിനസിലേക്ക് കടക്കാൻ മുന്നോട്ടു വന്നു. ഇങ്ങനെ തുറന്ന എല്ലാ ഹോട്ടലുകളുടെയും പേര് മുനിയാണ്ടി എന്നായിരുന്നു. ദക്ഷിണേന്ത്യയില്‍ അഞ്ഞൂറിലധികം മുനിയാണ്ടി ഹോട്ടലുകള്‍ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഇങ്ങനെ തുടങ്ങിയ എല്ലാ ഹോട്ടലുകളും നല്ല ലാഭത്തിലെത്തി. തങ്ങളുടെ വിജയത്തിന് കാരണക്കാരനായ ദൈവത്തോടുള്ള നന്ദി സൂചകമായി, അവർ ഒരു വലിയ വിരുന്ന് നടത്താൻ തീരുമാനിച്ചു. അങ്ങനെ സ്വാമിയുടെ പ്രിയപ്പെട്ട വിഭവമായി വിശ്വസിക്കപ്പെടുന്ന ബിരിയാണി പ്രസാദമായി നൽകുന്ന പതിവ് ആരംഭിച്ചു. 1973 മുതലാണ് ക്ഷേത്രത്തിൽ ബിരിയാണി നൽകി തുടങ്ങിയത്.
എല്ലാ വർഷവും ജനുവരിയിലെ മൂന്നാം ആഴ്ചയിലെ വെള്ളി, ശനി ദിവസങ്ങളിലാണ് ബിരിയാണി ഉത്സവം നടക്കുന്നത്. ഈ ദിവസങ്ങളിൽ ക്ഷേത്ര പരിസരം ഒരു വലിയ അടുക്കളയായി മാറുന്നു. ടൺ കണക്കിന് അരിയും നൂറുകണക്കിന് കിലോ മട്ടണും ഉപയോഗിച്ച് വലിയ ചെമ്പ് പാത്രങ്ങളിലാണ് ബിരിയാണി പാകം ചെയ്യുന്നത്. അതിരാവിലെ പാചകം ആരംഭിച്ച് ഉച്ചയോടെ പൂർത്തിയാക്കി ഭക്തർക്ക് വിതരണം ചെയ്യുന്നു. ജാതിമതഭേദമില്ലാതെ ആയിരക്കണക്കിന് ആളുകൾ ഈ ബിരിയാണി പ്രസാദം ആസ്വദിക്കാൻ ക്ഷേത്രത്തിൽ എത്തുന്നു. മണിക്കൂറുകളോളം ക്യൂ നിന്നുമാത്രമേ ബിരിയാണി ലഭിക്കുകയുള്ളു.
ഈ ഉത്സവം ഭക്തർക്ക് ഭക്ഷണം വിളമ്പുക എന്നതിൽ മാത്രം ഒതുങ്ങുന്നില്ല, ഒരു നാടിൻറെ സാമൂഹിക ഐക്യത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും പ്രതീകം കൂടിയാണ് ഈ വേറിട്ട ഉത്സവം. വടക്കാംപട്ടിയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഘോഷമാണ് ഈ ഉത്സവം. മുനിയാണ്ടി സ്വാമിയുടെ അനുഗ്രഹത്തിനായും, ബിരിയാണി കഴിക്കാനും, പ്രിയപ്പെട്ടവരോടൊത്ത് സന്തോഷം പങ്കിടാനും കഴിയുന്ന ഒരു ഒത്തുചേരൽ കൂടിയാണിത്. രുചികരമായ ബിരിയാണിയിലൂടെ ദൈവത്തിന്റെ അനുഗ്രഹം ലഭിക്കുമെന്ന് വിശ്വസിക്കുന്ന ഈ ക്ഷേത്രം ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തിന്റെ മികച്ച ഉദാഹരണമാണ്. മധുര സന്ദർശിക്കുന്നവർ ഈ ക്ഷേത്രത്തിലേക്ക് പോകാൻ മറക്കണ്ട, ഒരുപക്ഷേ നിങ്ങൾക്കും ഏറെ രുചികരമായ ബിരിയാണി പ്രസാദം രുചിക്കാൻ കഴിഞ്ഞേക്കും