
നമ്മുടെ ഇന്ത്യയിൽ കാലത്തെ അതിജീവിച്ച ഒട്ടനവധി ക്ഷേത്രങ്ങളുണ്ട്. എന്നാൽ ഇവയിൽ പലതും കാലത്തിന്റെ കുത്തൊഴുക്കിൽ മാഞ്ഞു പോയിട്ടുണ്ട്. എന്നാൽ, ബിഹാറിൽ ഒരു ക്ഷേത്രമുണ്ട് കാലത്തിന് സാക്ഷ്യം വഹിച്ച ഒരു അത്ഭുത ക്ഷേത്രം. കാലത്തെ തോൽപ്പിച്ച്, നൂറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന മുണ്ടേശ്വരി ക്ഷേത്രം (Mundeshwari Temple). വിശേഷതകൾ ഏറെയാണ് ഈ ക്ഷേത്രത്തിന്. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം എന്ന തലക്കെട്ട് അലങ്കരിക്കുന്ന ക്ഷേത്രമാണ് മുണ്ടേശ്വരി ക്ഷേത്രം. ചരിത്ര ഗവേഷകരെയും വിശ്വാസികളെയും ഒരുപോലെ ആകർഷിക്കുന്ന ഈ ക്ഷേത്രത്തെ കുറിച്ച് പറയുവാൻ ഏറെയുണ്ട്.
ബിഹാറിലെ രാംഗഡ് ഗ്രാമത്തിലാണ് ഈ ക്ഷേത്രത്തിന്റെ സ്ഥാനം. സമുദ്രനിരപ്പിൽ നിന്നും 608 അടി ഉയരത്തിൽ കൈമൂർ പീഠഭൂമിയിയിലാണ് മുണ്ടേശ്വരി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശക്തിസ്വരൂപിണിയായ മുണ്ടേശ്വരിയും ശിവനുമാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്‌ഠ. ഇന്നും ആരാധന നടത്തുന്ന ഏറ്റവും പഴക്കമുള്ള ക്ഷേത്രമാണ് ഇത്. ക്ഷേത്രത്തിന്റെ പഴക്കം കൃത്യമായി നിർണയിക്കുക എന്നത് വെല്ലുവിളിയാണ്. ക്രിസ്തുവിന് മുൻപ് 180-ാം ആണ്ടിലാണ് ക്ഷേത്രം പണികഴിപ്പിച്ചത് എന്ന് കരുതുന്നു. ഇന്ത്യൻ പുരാവസ്തു ഗവേഷണ വകുപ്പ് നടത്തിയ പഠനങ്ങൾ അനുസരിച്ച് ക്ഷേത്രത്തിൽ നിന്നും കണ്ടുകിട്ടിയ ശിലാഫലകത്തിൽ നിന്നും ശേഖരിച്ച വിവരങ്ങൾ 625-ാം ആണ്ടിലാണ് ക്ഷേത്രം നിർമ്മിച്ചത് എന്ന് പറയപ്പെടുന്നു.
നാഗര ശൈലിയിൽ ശിവക്ഷേത്രത്തിന്റെ മാതൃകയിലാണ് ക്ഷേത്രം പണിതിരിക്കുന്നത്. അഷ്ടഭുജാകൃതിയിൽ മണൽക്കല്ലുകൾ കൊണ്ടാണ് ഈ ക്ഷേത്രം പണിതിരിക്കുന്നത്. ഈ രൂപകൽപ്പനയാണ് ഇതിനെ ഭൂകമ്പങ്ങളെയും പ്രകൃതിദുരന്തങ്ങളെയും അതിജീവിക്കാൻ സഹായിച്ചത്. ക്ഷേത്രത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ഘടകം ക്ഷേത്രത്തിന് അകത്ത് നാലു ദിശയിലേക്കും വാതിലുകൾ ഉണ്ട് എന്നതാണ്. കല്ലുകളും ഇഷ്ടികകളും ഉപയോഗിച്ചാണ് ക്ഷേത്രം നിർമ്മിച്ചത്. ക്ഷേത്രത്തിന്റെ മേൽക്കൂരയിൽ പ്രതേകിച്ച് കൊത്തുപണികളോ, വലിയ കമാനങ്ങളോ ഇല്ല. ദേവിയുടെയും മറ്റ് ദേവതകളുടെയും വിഗ്രഹങ്ങൾ നിർമ്മിച്ചിരിക്കുന്നത് കറുത്ത കല്ലിലാണ്.
ക്ഷേത്ര ശിഖരം തകർന്ന നിലയിലാണ്. പല അധിനിവേശ ആക്രമണങ്ങൾക്കും ഈ ക്ഷേത്രം ഇരയായിരുന്നു എന്നതാണ് സത്യം. അങ്ങനെയാണ് ക്ഷേത്രത്തിന്റെ ശിഖരം തകർക്കപ്പെട്ടത് എന്ന് കരുതുന്നു. ക്ഷേത്രത്തിന് നേരെ ഉണ്ടായ പല ആക്രമണങ്ങളും കാരണം ക്ഷേത്രത്തിന്റെ പല ഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ, കാലഘട്ടങ്ങൾക്കനുസരിച്ച് അതിന്റെ രൂപത്തിലും ആത്മീയതയിലും മാറ്റങ്ങളില്ലാതെ നിലകൊള്ളുന്നു. ഈ ക്ഷേത്രത്തിന് അരികിലായി തന്നെ മണ്ഡലേശ്വർ എന്ന മറ്റൊരു ക്ഷേത്രം സ്ഥിതിചെയ്തിരുന്നതായി പറയപ്പെടുന്നു. മണ്ഡലേശ്വർ ക്ഷേത്രത്തിന്റെ പല അവശിഷ്ടങ്ങളും പരിസര പ്രദേശങ്ങളിൽ നിന്നും കണ്ടുകിട്ടിയിട്ടുണ്ട്. ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടായിട്ടും, ക്ഷേത്രത്തിലേക്ക് എത്തുന്നത് നിരവധി ഭക്തരാണ് എത്തുന്നത്. ആയിരക്കണക്കിന് ഭക്തരാണ് വർഷം മുഴുവനും ഇവിടെയെത്തുന്നത്.
Summary: The Mundeshwari Devi Temple, located in Bihar’s Kaimur Hills, is considered the oldest functional Hindu temple in the world, dating back to around 108 CE. Dedicated to Shakti as Mundeshwari Devi and Lord Shiva, the temple has a rare octagonal structure with continuous worship for nearly 2,000 years. Even today, rituals and festivals like Navratri are celebrated here, keeping its ancient traditions alive.