സതീദേവിയുടെ സ്തനഭാഗം പതിച്ച ഗയയിലെ മഹാശക്തി പീഠം, ദാനശീലയായ മംഗള ഗൗരി കുടികൊള്ളും ക്ഷേത്രം; അറിയാം മംഗള ഗൗരി ക്ഷേത്രത്തെക്കുറിച്ച് | Mangla Gauri Temple

Mangla Gauri Temple
Published on

ഗയ, ബുദ്ധമതസ്തരുടെ പുണ്യസങ്കേതം. ബുദ്ധന് ജ്ഞാനോദയം ലഭിച്ചതായി പറയപ്പെടുന്ന ബോധ് ഗയ ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ഗയ എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിൽ ആദ്യം തെളിയുന്ന ചിത്രം ബുദ്ധ ആരാധനാലയങ്ങളും സന്യാസിമാരുമാകും. എന്നാൽ, ആശ്രമങ്ങൾക്കും ബുദ്ധ പ്രതിമകൾക്കും പുറമേ, നിരവധി ഹൈന്ദവ ക്ഷേത്രങ്ങളും ഗയയിലുണ്ട്. ഇവയിൽ ഏറെ പ്രശസ്തമായ ഹൈന്ദവ ക്ഷേത്രമാണ് മംഗള ഗൗരി ക്ഷേത്രം. (Mangla Gauri Temple)

മംഗള ഗൗരി കുന്നിന് മുകളിലായാണ് ക്ഷേത്രത്തിന്റെ സ്ഥാനം. പതിനെട്ട് മഹാശക്തി പീഠങ്ങളിൽ ഒന്നാണ് ഗയയിലെ ഈ ക്ഷേത്രം. ഈ ക്ഷേത്രത്തിൽ സതീദേവിയുടെ സ്തനഭാഗമാണ് പതിച്ചതെന്നാണ് വിശ്വാസം. അതിനാൽ തന്നെ ഈ ക്ഷേത്രം ഫലഭൂയിഷ്ഠതയുടെയും പോഷണത്തിന്റെയും പ്രതീകമായി ഭക്തർ വിശ്വസിക്കുന്നു. പത്മപുരാണം, വായുപുരാണം, അഗ്നിപുരാണം, ദേവി ഭാഗവതപുരാണം എന്നിവയിൽ ഈ ക്ഷേത്രത്തെക്കുറിച്ച് പരാമർശിക്കുന്നത് കാണുവാൻ സാധിക്കുന്നു. ഈ ക്ഷേത്രം പതിനഞ്ചാം നൂറ്റാണ്ടിലാണ് പണിതത് എന്ന് പറയപ്പെടുന്നു. എന്നിരുന്നാലും പുരാതനമായ ഗ്രന്ഥങ്ങളിൽ ക്ഷേത്രത്തെ കുറിച്ച് പരാമർശിക്കുന്നത് കൊണ്ട് തന്നെ കൃത്യമായി എപ്പോഴാണ് ക്ഷേത്രം പണിതത് എന്ന് വ്യക്തമല്ല.

സതി ദേവിയുടെ അവതാരമാണെന്ന് വിശ്വസിക്കപ്പെടുന്ന മംഗള ഗൗരി ദേവിക്കാണ് ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്. ദാനശീലയുടെ ദേവതയായി ആണ് മംഗള ഗൗരിയെ കണക്കാക്കുന്നത്. മംഗളഗൗരി കുന്നിൻ മുകളിൽ കിഴക്കോട്ട് ദർശനമായി സ്ഥിതി ചെയ്യുന്ന ഒരു ഗുഹാ മാതൃകയിലാണ് ഈ ക്ഷേത്രം പണിതിരിക്കുന്നത്. പ്രധാന പ്രതിഷ്ഠ സ്ഥിതി ചെയ്യുന്ന ശ്രീകോവിലിന് മുന്നിലായി ഒരു ചെറിയ മണ്ഡപം കാണാം. പുരാതനമായ കൊത്തുപണികളോടുകൂടിയ രൂപങ്ങളും ദേവിയുടെ പ്രതീകമായ പ്രതിഷ്ഠയും ഇവിടെയുണ്ട്. കാളി, ഗണേശൻ, ഹനുമാൻ, ശിവൻ എന്നിവർക്ക് സമർപ്പിച്ചിരിക്കുന്ന മറ്റ് ക്ഷേത്രങ്ങളും മംഗള ഗൗരി ക്ഷേത്രത്തിന് സമീപം കാണുവാൻ സാധിക്കുന്നതാണ്. പുതിയ ജീവിതം ആരംഭിക്കുന്ന നവദമ്പതികൾ സന്തുഷ്ടവും സമൃദ്ധവുമായ ദാമ്പത്യ ജീവിതത്തിനായി ദേവിയുടെ അനുഗ്രഹത്തിനായി ഇവിടെയെത്തുന്നു.

ശ്രാവണ മാസത്തിലെ ചൊവ്വാഴ്ചകളിൽ സ്ത്രീകൾ മംഗള ഗൗരി വ്രതം ആചരിക്കുന്നു. പാർവതി ദേവിക്ക് സമർപ്പിക്കുന്ന ഈ വ്രതം ഭർത്താവിനും കുടുംബത്തിനും ഐശ്വര്യം നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു. വൃത്തത്തിന്റെ ഭാഗമായി 16 വളകൾ, ഏഴ് പഴങ്ങൾ, അഞ്ച് പലഹാരങ്ങൾ എന്നിവ ദേവിക്ക് സമർപ്പിക്കുന്നു. നവരാത്രിയും ശിവരാത്രിയിലും ഭക്തജനങ്ങൾ ഈ പുണ്യഭൂമിയിലേക്ക് ഒഴുകിയെത്തുന്നു.

ശക്തിപീഠങ്ങൾ

ശക്തിയുടെയും ഭക്തിയുടെയും സ്ഥലങ്ങളായി വേറിട്ടുനിൽക്കുന്നു ശക്തിപീഠങ്ങൾ. ദക്ഷയാഗത്തിൻ്റെയും സതി ദേവി സ്വയം യാഗപീഠത്തിൽ ദഹിച്ചതിൻ്റെയും പുരാണങ്ങളിൽ നിന്നാണ് ശക്തിപീഠങ്ങൾ ഉടലെടുത്തത്. പത്നീവിയോഗത്താൽ ദുഃഖത്തിൽ ആണ്ടുപോയ മഹാദേവൻ സതിദേവിയുടെ മൃതശരീരവുമായി സംഹാരതാണ്ഡവ നൃത്തം ചെയ്തു. ഈ അവസ്ഥ ഭൂമിക്ക് മംഗളം അല്ലാത്തതിനാൽ സാക്ഷാൽ ആദിപരാശക്തി പ്രത്യക്ഷപ്പെടുകയും മഹാവിഷ്ണുവിനോട് സതിദേവിയുടെ മൃതശരീരം ഖണ്ഡിക്കാൻ ആവശ്യപ്പെടുന്നു, സുദര്ശനചക്രം വെച്ച് മഹാവിഷ്ണു അത് നടത്തുകയും ചെയ്യുന്നു. അങ്ങനെ, സതിദേവിയുടെ മൃതശരീരം 51 കക്ഷണങ്ങളായി ചിതറി വീണു. ഇതിൽ ദേവിയുടെ സ്തനം ഈ ക്ഷേത്ര സ്ഥാനത്താണ് പതിച്ചത് എന്നാണ് വിശ്വാസം.

51 ശക്തിപീഠങ്ങളിൽ പതിനെട്ട് മഹാശക്തിപീഠങ്ങൾ ഒരു പ്രത്യേക വിഭാഗമാണ്. ഈ പതിനെട്ട് ശക്തിപീഠങ്ങളെ ഏറ്റവും പ്രധാനപ്പെട്ട ശക്തിപീഠങ്ങളായി കണക്കാക്കുന്നു. ഓരോ സ്ഥലത്തും ദേവിയുടെ വ്യത്യസ്ത ഭാഗങ്ങൾ വീണിട്ടുണ്ടെന്നും ഓരോ സ്ഥലത്തിനും പ്രത്യേക ശക്തിയുണ്ടെന്നും വിശ്വസിക്കപ്പെടുന്നു.

Summary: The Mangla Gauri Temple in Gaya, Bihar, is a highly revered Hindu shrine and one of the 51 Shakti Peethas, believed to be the spot where a part of Goddess Sati's body, her breast, fell. Dedicated to Goddess Mangla Gauri.

Related Stories

No stories found.
Times Kerala
timeskerala.com