പക്ഷികളുടെ കൂട്ട ആത്മഹത്യ! സ്വന്തം മരണത്തിലേക്ക് പക്ഷികൾ പറന്നെത്തുന്ന നിഗൂഢ പ്രതിഭാസം; പക്ഷികള്‍ ആത്മഹത്യ ചെയ്യുന്ന അസമിലെ ജാതിംഗ ഗ്രാമം| Jatinga's Suicidal Brids

Jatinga's Suicidal Brids
Published on

ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ അസമിലെ ദിമ ഹസാവോ ജില്ലയിൽ ഒരു ചെറു ഗ്രാമമുണ്ട്. കുന്നുകളാൽ ചുറ്റപ്പെട്ട ശാന്തമായ ജതിംഗ (Jatinga). ഇടതൂർന്ന മുളങ്കാടുകളാലും തേയിലത്തോട്ടങ്ങളാലും നിറഞ്ഞ ഒരു കുന്നിൻ മുകളിലായാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. "മഴയും വെള്ളവും ഒഴുകുന്ന വഴി" എന്നതാണ് ജതിംഗ എന്ന വാക്കിന്റെ അർത്ഥം, അത്രമേൽ ജലസമൃദ്ധവും പ്രകൃതിരമണീയവുമാണ് ഈ പ്രദേശം. തണുപ്പും കോടമഞ്ഞും ഇടകലർന്ന അന്തരീക്ഷവും, ശാന്തമായ താഴ്‌വരയുടെ സൗന്ദര്യവും സഞ്ചാരികളെ ഈ ഗ്രാമത്തിലേക്ക് ആകർഷിക്കുന്നു. എന്നാൽ ഈ മനോഹരമായ ഗ്രാമത്തിനും പറയാനുണ്ട് ഏറെ വിചിത്രമായ ഒരു പ്രതിഭാസത്തെ കുറിച്ച്. (Jatinga's Suicidal Brids)

സെപ്റ്റംബർ, നവംബർ മാസങ്ങളിൽ നിലാവില്ലാത്ത രാത്രികളിൽ ഈ ഗ്രാമത്തെ തേടി ഒട്ടനവധി പക്ഷികൾ പറന്നെത്തുന്നു. എന്നാൽ ഇവിടേക്ക് പറന്നെത്തുന്ന പക്ഷികൾക്ക് ഒരു മടക്കമുണ്ടാകില്ല. ഗ്രാമത്തിലേക്ക് എത്തുന്ന പക്ഷികൾ സ്വന്തം മരണം തേടിയാണ് ഇവിടേക്ക് എത്തുന്നത്. ജതിംഗ എന്ന ഗ്രാമത്തെ കുപ്രസിദ്ധമാക്കുന്നത് പക്ഷികളുടെ കൂട്ടമായ മരണമാണ്. കേൾക്കുമ്പോൾ ഒരൽപം വിചിത്രമായി തോന്നിയേക്കാം, ജതിംഗ എന്ന ഈ കൊച്ചു ഗ്രാമം പക്ഷികളുടെ ബെർമുഡ ട്രയാംഗിൾ (Bermuda Triangle of Birds) എന്നും പക്ഷികളുടെ ആത്മഹത്യാ താഴ്‌വര എന്നുമാണ് അറിയപ്പെടുന്നത്. ഈ ഗ്രാമത്തിലെത്തുന്ന പക്ഷി കൂട്ടങ്ങൾ തനിയെ ചത്ത് വീഴുന്നു.

പക്ഷികള്‍ സ്വയം ആത്മഹത്യ ചെയുന്ന ഗ്രാമം

എല്ലാ വർഷവും സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള മാസങ്ങളിൽ, മൺസൂൺ കാലത്താണ് ഈ വിചിത്രമായ പ്രതിഭാസം അരങ്ങേറുന്നത്. നിലാവില്ലാത്ത നല്ല ഇരുട്ടും മഞ്ഞുമുള്ള ദിവസങ്ങളിൽ, രാത്രി ഏഴിനും രാത്രി പത്തിനും ഇടയിൽ, കാറ്റ് തെക്ക് നിന്ന് വടക്കോട്ട് വീശുമ്പോൾ പക്ഷിക്കൂട്ടങ്ങൾ ചത്ത് വീഴുന്നു. ഒരൊറ്റ രാത്രികൊണ്ട് നൂറോളം പക്ഷികളാണ് ചത്തു വീഴുന്നത്. ഇത്രയേറെ പക്ഷികൾ ചത്തു വീഴുന്നു എന്ന് പറയുമ്പോൾ ആരും ഒന്ന് വിശ്വസിക്കാൻ മടിക്കും. ഇത്രയേറെ പക്ഷികൾ ചത്തു വീഴുമ്പോൾ അതിൽ മനുഷ്യന്റെ പങ്കുണ്ടോ എന്ന് പോലും സംശയിച്ച് പോകും. വാസ്തവത്തിൽ പക്ഷികൾ സ്വയം ആത്മഹത്യ ചെയ്യുന്നതാണ്. ആകാശത്ത് നിന്ന് ഗ്രാമത്തിലെ വെളിച്ചത്തിലേക്ക് ലക്കും ലഗാനുമില്ലാതെ പക്ഷികൾ പറന്നിറങ്ങുന്നു. ഇവയിൽ പലതും നിയന്ത്രണം നഷ്ടപ്പെട്ട് കെട്ടിടങ്ങളിലും മരങ്ങളിലും മുളങ്കമ്പുകളിലും ഇടിച്ച് താഴേക്ക് വീഴുന്നു. ഇടിയുടെ ആഘാതത്തിൽ പക്ഷികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയോ, അവ ചത്തുപോവുകയോ ചെയ്യുന്നു.

പൊന്മാനുകൾ, കോക്ക്, പ്രാവ്, കുരുവികൾ മുതൽ  ദേശാടനപക്ഷികൾ തുടങ്ങിയ 40 ലധികം ഇനം പക്ഷികൾ ഈ പ്രതിഭാസത്തിന് ഇരയാകുന്നു. ഇവയിൽ മിക്കവയും പ്രായപൂർത്തിയാകാത്ത ചെറുപക്ഷികളാണ് എന്നത് ശ്രദ്ദേയമാണ്. ഗ്രാമത്തിന് തൊട്ടടുത്തുള്ള താഴ്‌വരകളിലും കുന്നിൻ ചരിവുകളിലും വസിക്കുന്ന പക്ഷികളാണ് പ്രധാനമായും ചത്തുവീഴുന്നത്. ഈ ഗ്രാമത്തിലെ എല്ലാ ഭാഗത്തും പക്ഷികൾ ചത്ത് വീഴുന്നത് കാണുവാൻ സാധിക്കില്ല, 1.5 കിലോമീറ്റർ നീളവും 200 മീറ്റർ വീതിയുമുള്ള ഒരു കരപ്രദേശത്താണ് പക്ഷികൾ കൂട്ടമായി ചത്ത് വീഴുന്നത്. ഇന്ത്യയിലെ തന്നെ മിസ്സോറാമിലും ഫിലിപ്പെൻസിലും മലേഷ്യയിലും സമാന പ്രതിഭാസം അരങ്ങേറാറുണ്ട്.

ഗ്രാമത്തിലെ പക്ഷികളുടെ കൂട്ടമരണം നിരവധി നിഗൂഢമായ കഥകൾക്ക് വഴിവച്ചിട്ടുണ്ട്. ചിലർ ഇത് ഒരു അമാനുഷിക പ്രതിഭാസമാണെന്ന് വിശ്വസിക്കുന്നു, മറ്റു ചിലർ വൈദ്യുതകാന്തിക ശക്തികൾ മൂലമാണ് ഇത് സംഭവിച്ചതെന്ന് ആരോപിക്കുന്നു. പക്ഷികൾ സ്വയം ജീവനൊടുക്കുന്നതായി തോന്നാമെങ്കിലും, ഇത് വാസ്തവത്തിൽ ഇത് 'ആത്മഹത്യ' അല്ലെന്നും ചില പ്രത്യേക സാഹചര്യങ്ങൾ കാരണമാണ് പക്ഷികൾ ചത്ത് വീഴുന്നത് അത്രേ.

കനത്ത മൂടൽമഞ്ഞ്, കോടമഞ്ഞ്, ശക്തമായ കാറ്റ്, മഴ എന്നിവ കാരണം പക്ഷികൾക്ക് പറന്നു പോകേണ്ട ദിശ കൃത്യമായി കാണുവാൻ സാധിക്കാതെ വരുന്നു. വഴിതെറ്റുന്ന പക്ഷികൾ ആശ്വാസം തേടി ഗ്രാമത്തിലെ വെളിച്ചമുള്ള പ്രദേശത്തേക്ക് പറക്കുന്നു. എന്നാൽ, രാത്രിയിൽ ദിശ തിരിച്ചറിയാൻ കഴിയാതെ ഇവിടേക്ക് പക്ഷികൾ പറന്നെത്തുകയും, വീടുകളിലും മരങ്ങളിലും ഇടിച്ച് വീഴുകയും ചെയ്യുന്നു. അസമിലെ പ്രമുഖ പക്ഷിശാസ്ത്രജ്ഞനായ അൻവറുദ്ദീൻ ചൗധരി ഉൾപ്പെടെയുള്ള വിദഗ്ദ്ധർ ഈ സിദ്ധാന്തത്തെ പിന്തുണയ്ക്കുന്നു. ഉയർന്ന പ്രദേശത്തെ കാറ്റും മൂടൽമഞ്ഞും കാരണം പക്ഷികൾ വഴിതെറ്റുന്ന, ഒടുവിൽ ഗ്രാമത്തിലെ വെളിച്ചത്തെ പക്ഷികൾ ആശ്രയിക്കുന്നു. എന്നാൽ വെളിച്ചത്തെ ലക്ഷ്യമാക്കി പറക്കുന്ന പക്ഷികൾ മരണത്തിലേക്കാണ് പറന്ന് അടുക്കുന്നത്.

ജതിംഗയിലെ പക്ഷികളുടെ ഈ അത്ഭുത പ്രതിഭാസത്തിന് ഇപ്പോഴും വ്യക്തമായ ഉത്തരം കണ്ടെത്തുവാൻ സാധിച്ചിട്ടില്ല. എന്നിരുന്നാലും, മിക്ക ശാസ്ത്രജ്ഞരും വിശ്വസിക്കുന്നത് ഇത് പക്ഷികളുടെ ആത്മഹത്യയല്ല, മറിച്ച് കാലാവസ്ഥാ ഘടകങ്ങളുടെയും കൃത്രിമ വെളിച്ചത്തിന്റെയും ഫലമായി പക്ഷികൾക്ക് ദിശാബോധം നഷ്ടപ്പെടുന്നതിനാലാണെന്നാണ്. ഇപ്പോൾ ജാതിംഗ, പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായി മാറിയിട്ടുണ്ട്. ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി (BNHS) പോലുള്ള അന്താരാഷ്ട്ര പക്ഷിശാസ്ത്ര സംഘടനകളും ഇവിടെയെത്തി നിരീക്ഷണം നടത്തുന്നു. ഗ്രാമവാസികളും പ്രകൃതി സംരക്ഷകരും ചേർന്ന് പക്ഷികളുടെ സംരക്ഷണവും, പ്രതിഭാസത്തിന്റെ പഠനവും തുടരുകയാണ്.

Summary: Jatinga, a quiet hill village in Assam’s Dima Hasao district, is world-famous for a mysterious phenomenon where birds appear to commit suicide during dark, foggy nights between September and November.

Related Stories

No stories found.
Times Kerala
timeskerala.com