ഒരു നാടിന്റെ കവലിനായി നായകൾക്കായി ക്ഷേത്രം പണികഴിപ്പിക്കുന്നു; നായകളെ ആരാധിക്കുന്ന ചന്നപട്ടണ നായ ക്ഷേത്രത്തെ കുറിച്ച് അറിയാം|Channapatna Dog Temple

Channapatna Dog Temple
Published on

നായ്ക്കളെ വീടിന്റെ കാവലായി കണക്കാക്കുന്നു എന്നാൽ ഒരു നാടിനെ മുഴുവൻ കാവൽ കാക്കുന്നതിനായി നായ്കൾക്ക് ക്ഷേത്രം പണിതു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ? അതെ, കേട്ടത് സത്യമാണ് ഒരു നാടിന്റെ കവലിനുവേണ്ടി നായകൾക്കായി ക്ഷേത്രം പണികഴിപ്പിക്കുന്നു. അനുസരണയുടെ കാര്യത്തിലും നന്ദിയുടെ കാര്യത്തിലും നായ്ക്കളെ കഴിഞ്ഞേ മറ്റ് ഏതു മൃഗത്തിനും സ്ഥാനമുള്ളൂ. നായകൾ മനുഷ്യരോട് കാണിക്കുന്ന സ്നേഹവും കരുതലും വളരെ വിലപ്പെട്ടതാണ്. തന്റെ യജമാനനെ ഏതൊരു ആപത്‌ഘട്ടത്തിലും ഒരു മടിയും കൂടാതെ രക്ഷിക്കും എന്ന ദൃഢനിശ്ചയമാണ് നായകൾക്ക് ഉള്ളത്. പലപോഴും മനുഷ്യർ തന്നെ പറയാറുണ്ട് ചതിക്കുന്ന മനുഷ്യരേക്കാൾ എത്രയോ നല്ലത് ഒരുനേരത്തെ ആഹാരം കൊടുത്താൽ വാലാട്ടി നിൽക്കുന്ന നായകൾ ആണ് എന്ന്.

കർണാടകയിലെ ചന്നപട്ടണ നഗരത്തിലാണ് നായകൾക്കായുള്ള ചന്നപട്ടണ നായ ക്ഷേത്രം (Channapatna Dog Temple) സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിന്റെ പ്രധാന ആകർഷണം ഇവിടുത്തെ പ്രധാന പ്രതിഷ്ഠയാണ്, ക്ഷേത്രത്തിൽ പ്രധാന പ്രതിഷ്ഠ നായ്ക്കളാണ്. കേൾക്കുമ്പോൾ വിചിത്രമായി തോന്നുമെങ്കിലും മറ്റു വ്യത്യസ്തത നിറഞ്ഞ ക്ഷേത്രങ്ങൾക്ക് പിറകിൽ ധാരാളം കഥകൾ ഉണ്ടാകും, അങ്ങനെ ഒരു കഥ ഈ ക്ഷേത്രത്തിനും പറയുവാൻ ഉണ്ട്.

ചന്നപട്ടണ എന്ന നഗരത്തിലെ അഗ്രഹാര വലഗെരഹള്ളി ഗ്രാമത്തിലാണ് ഈ ക്ഷേത്രo സ്ഥിതി ചെയുന്നത്. ചന്നപട്ടണത്തെ അറിയപ്പെടുന്നത് "കളിപ്പാട്ടങ്ങളുടെ പട്ടണം" എന്നാണ്. തടികൊണ്ടുള്ള കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്നതിൽ ആഗോളതലത്തിൽ വലിയ രീതിയിൽ പ്രശംസകൾ ഏറ്റുവാങ്ങിയ ഇടമാണ് ഇവിടം. കന്നടയിൽ ഈ ക്ഷേത്രത്തെ വിളിച്ചിരുന്നത്"നായ് ദേവസ്ഥാന "എന്നാണ് ഗ്രാമത്തിന്റെ പ്രധാന ക്ഷേത്രമാണ് വീരാസ്തി കെമ്പമ്മ ദേവിക്ഷേത്രം. കെമ്പമ്മയെ പ്രതിഷ്ഠിച്ചിരിക്കുന്ന ഈ ക്ഷേത്രത്തെ ഗ്രാമവാസികൾ അവരുടെ തലമുറ തലമുറയായി ആരാധിച്ചു പോരുന്നു. പതിനഞ്ചു വർഷങ്ങകൾക്കു മുൻപ് ക്ഷേത്രം പുതുക്കിപ്പണിയണം എന്ന് ക്ഷേത്ര ഭാരവാഹികൾ തീരുമാനിക്കുന്നു. ഇതിനായുള്ള ഒരുക്കങ്ങൾ നടത്തുവാനും അവർ തുടങ്ങി. ക്ഷേത്രത്തിന്റെ പണി ആരംഭിച്ചതു മുതൽ അവസാനിക്കുന്നത് വരെ രണ്ടു നായകൾ ക്ഷേത്രത്തിനു ചുറ്റും കാവലായി ഉണ്ടായിരുന്നു. ക്ഷേത്ര നിർമ്മാണ സമയങ്ങളിൽ എല്ലാം തന്നെ അവിടത്തെ ജനങ്ങളോട് വളരെ നല്ലസഹവർത്തിയോടെയാണ് ഇവ പെരുമാറിയിരുന്നത്. എന്നാൽ ക്ഷേത്രത്തിന്റെ പണികൾ അവസാനിച്ചതോടെ ഈ നായ്ക്കളെ ക്ഷേത്രത്തിന്റെ പരിസരങ്ങളിൽ നിന്നും കാണാതെയായി. പിന്നെ ആരും തന്നെ ആ രണ്ടു നായകളെയും കണ്ടിട്ടില്ല.

ക്ഷേത്ര നിർമ്മാണം പൂർത്തിയായി കുറച്ചു നാളുകൾക്ക് ശേഷം ഗ്രാമത്തിലെ ഒരു വ്യക്തിയുടെ സ്വപ്നത്തിൽ കെമ്പമ്മ ദേവി പ്രത്യക്ഷപ്പെടുന്നു. ആ മനുഷ്യന് ദേവി ഒരു അരുൾ നൽകി. . ക്ഷേത്രത്തിൽ നിന്നു കാണാതെ പോയ ആ രണ്ട് നായക്കളെയും തിരികെ കൊണ്ടുവരണം എന്നായിരുന്നു അരുൾ. ദേവി നൽകിയ അരുൾ ഗ്രാമവാസികൾ ദൈവിക കല്പനയായി ഏറ്റെടുത്തു. അങ്ങനെ ഗ്രാമവാസികൾ ഒരുപാട് സ്ഥലങ്ങളിൽ നായ്ക്കളെ അന്വേഷിച്ചെങ്കിലും അവർക്ക് നായകളെ കണ്ടുകിട്ടിയില്ല. നായ്ക്കളെ കണ്ടുകിട്ടാത്ത സാഹചര്യത്തിൽ അവർക്കായി ഒരു ക്ഷേത്രം പണിയാം എന്നും പ്രധാന പ്രതിഷ്ഠയായി നായ്ക്കളെ ഇരുത്താം എന്നും ഗ്രാമവാസികൾ ചേർന്ന് തീരുമാനം എടുത്തു. തുടർന്ന് 2010 ലാണ് നായകൾക്കായി ക്ഷേത്രം നിർമ്മിക്കുന്നത്.

ഞായർ, തിങ്കൾ, വ്യാഴം, എന്നീ ദിവസങ്ങളിലെ വൈകുന്നേരങ്ങളിലാണ് ക്ഷേത്രത്തിൽ പ്രധാനമായും പൂജകൾ നടക്കുന്നത്. ക്ഷേത്രത്തിൽ വരുന്ന ഭക്തർ നൽകുന്ന പ്രധാന നിവേധ്യം പൂക്കളും പഴങ്ങളുമാണ്. ദുഷ്ടശക്തികളിൽ നിന്നും ഗ്രാമത്തെ രക്ഷിക്കുന്നതിന് വേണ്ടി എല്ലാ വർഷവും ഇവിടെ ഉത്സവങ്ങൾ നടത്താറുണ്ട്, ഓഗസ്റ്റ് മാസങ്ങളിലായി നടക്കുന്ന ഈ ഉത്സവത്തിൽ പ്രധാനമായും വിശ്വാസികൾ ബലി അർപ്പിക്കുന്നത് ആടുകളെയാണ്, നാട്ടിലെ എല്ലാ നായ്കൾക്കും ഈ ദിവസം അവർ ആടുകളെ ഭക്ഷണമായി നൽകുന്നു. നായ്ക്കളോടുള്ള അതിയായ സ്നേഹമുള്ളതു കൊണ്ട് തന്നെനിരവധി ഭക്തർ തങ്ങളുടെ അരുമകൾക്ക് പേരിടുന്നതിനും, ഐശ്വര്യത്തിനും സമൃദ്ധിക്കുമായി ക്ഷേത്രത്തിൽ എത്തി പ്രാർത്ഥിക്കുന്നു. ദുഷ്ടശക്തികളില്‍നിന്ന് ഗ്രാമത്തെ നായ്ക്കള്‍ സംരക്ഷിക്കുന്നുമെന്നും ഗ്രാമവാസികൾ വിശ്വസിക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com