പ്രപഞ്ച സ്രഷ്ടാവിന്റെ ദിവ്യസങ്കേതം, ബ്രഹ്മാവിനു സമർപ്പിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രം; പുഷ്‌കറിലെ ബ്രഹ്മ ക്ഷേത്രം | Brahma Temple

bhrama temple pushkar
Published on

രാജസ്ഥാൻ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യമെത്തുക മണൽക്കാറ്റുകളും നോക്കെത്താ ദൂരത്തോളം വ്യാപിച്ചു കിടക്കുന്ന താർ മരുഭൂമിയുമാണ്. എന്നാൽ, ഭൂമിശാസ്ത്രപരമായ സവിഷേതകൾക്ക് അപ്പുറം വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും അചഞ്ചലമായ ഏടുകൂടിയാണ് ഇവിടം. വിശ്വാസത്തെ കുറിച്ച് പറയുമ്പോൾ എടുത്തു പറയേണ്ടിവരും പുഷ്കറിലെ ബ്രഹ്മ ക്ഷേത്രത്തെ (Brahma Temple) കുറിച്ച്. പ്രപഞ്ചത്തിന്റെ സ്രഷ്ടാവായ ബ്രഹ്മാവിന് സമർപ്പിക്കപ്പെട്ടിട്ടുള്ള ഭാരതത്തിലെ പ്രധാന ക്ഷേത്രം സ്ഥിതി ചെയ്യുന്നത് രാജസ്ഥാനിലെ പുണ്യനഗരമായ പുഷ്‌കറിലാണ്.

ഹൈന്ദവ വിശ്വാസങ്ങൾ പ്രകാരം വിവിധ ദേവതകൾക്കായി ആയിരക്കണക്കിന് ക്ഷേത്രങ്ങൾ രാജ്യത്ത് ഉടനീളം കാണുവാൻ സാധിക്കും. എന്നാൽ സ്രഷ്ടാവായ ബ്രഹ്മവിനായി വിരലിൽ എണ്ണാവുന്ന ക്ഷേത്രങ്ങൾ മാത്രമാണ് ഇന്ത്യയിൽ ഉള്ളത്. അവയിൽ ഏറെ പ്രസിദ്ധം പുഷ്കറിലേ ബ്രഹ്മ ക്ഷേത്രമാണ്. താർ മരുഭൂമിയുടെ അതിര്‍ത്തിലായി പുഷ്കര്‍ തടാകത്തിന്‍റെ തീരത്താണ് പുഷ്കർ നഗരം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ക്ഷേത്രത്തെ കുറിച്ച് പറയുന്നതിന് മുൻപ് ഈ നഗരത്തെ പറ്റി പറയേണ്ടതുണ്ട്. പുഷ്കര്‍ നഗരം ബ്രഹ്മാവ് സൃഷ്ചിച്ച നഗരമാണെന്നാണ് വിശ്വാസം. അതിനാൽ തന്നെ ഈ നഗരത്തിന് ഹൈന്ദവ വിശ്വാസത്തിൽ ഏറെ പ്രാധാന്യമാണുള്ളത്.

പുഷ്‌കറിലെ ബ്രഹ്മക്ഷേത്രം ഭക്തർക്ക് ഒരു അപൂർവ്വമായ അനുഭവമാണ് പ്രദാനം ചെയുന്നത്. ക്ഷേത്ര കവാടം താണ്ടി ക്ഷേത്രാങ്കണത്തിലേക്ക് പ്രവേശിക്കുമ്പോൾ മുതൽ മരുഭൂമിയുടെ ചൂടും പുഷ്ക്കർ തടാകത്തിലേക്ക് കുളിർമ്മയും വിശ്വാസികളെ ആത്മീയതയുടെ മറ്റൊരു ലോകത്തിലേക്ക് കൊണ്ടുപോകുന്നു. ഇന്ത്യയിലെ നാല് പ്രധാന ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങളുടെ ഒരു കൂട്ടമായ ചാർധാം സന്ദർശനത്തിന് ശേഷം, തീർത്ഥാടകർ നിർബന്ധമായും എത്തുന്നത് പുഷ്കർ തടാകത്തിലേക്കാണ്. ഭക്തർ പുഷ്‌കർ തടാകം കുളിച്ചില്ലെങ്കിൽ ചാർധാം സന്ദർശനത്തിലൂടെ ലഭിച്ച എല്ലാ പുണ്യഫലങ്ങളും നശിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ തടാകം ജന്മജന്മാന്തരങ്ങളിലെ പാപങ്ങൾ ശുദ്ധീകരിക്കുമെന്നതാണ് വിശ്വാസം.

പുരാണകഥയും ബ്രഹ്മാരാധനയുടെ അപൂർവ്വതയും

ഹൈന്ദവ പുരാണങ്ങൾ അനുസരിച്ച്, ബ്രഹ്‌മാവ് തന്നെ തന്റെ ക്ഷേത്രത്തിനുള്ള സ്ഥലമായി പുഷ്‌കർ തിരഞ്ഞെടുക്കുകയായിരുന്നു. പുഷ്‌കർ എന്ന വാക്കിന്റെ അർത്ഥം പോലും ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. 'പുഷ്പ' (പുഷ്പം), 'കർ' (കൈ) എന്നീ സംസ്കൃത പദങ്ങളിൽ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞത്. ബ്രഹ്മാവ് ഒരു യാഗം നടത്താൻ അനുയോജ്യമായ സ്ഥലം തേടുന്നതിനിടെ, അദ്ദേഹത്തിന്റെ കൈയിൽ നിന്ന് ഒരു താമരപ്പൂവ് ഇവിടെ വീണുവെന്നും, പൂവ് വീണിടത്ത് ഒരു വെള്ളച്ചാട്ടം രൂപപ്പെട്ട് അതിൽ നിന്ന് മൂന്ന് തടാകങ്ങൾ (ബ്രഹ്മ പുഷ്‌കർ, വിഷ്ണു പുഷ്‌കർ, ശിവ പുഷ്‌കർ) ഉണ്ടായി എന്നുമാണ് ഐതിഹ്യം.

ജഗത്പിത ശ്രീ ബ്രഹ്മ മണ്ഡി (Jagatpita Shri Brahma Mandi) എന്ന പേരിലും ഈ ക്ഷേത്രം അറിയപ്പെടുന്നു. 14-ആം നൂറ്റാണ്ടിൽ നിർമ്മിതമായ ഈ ക്ഷേത്രം ചുവന്ന ഗോപുരവും വെള്ളമർബിളും കൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കുന്നു. രാജസ്ഥാനിലെ തനത് വാസ്തുവിദ്യാ വൈഭവത്തിന്റെ മികവാർന്ന ഉദാഹരണമാണ് ഈ ക്ഷേത്രം. ഗർഭഗൃഹത്തിനുള്ളിൽ നാലുമുഖങ്ങളുള്ള ബ്രഹ്മാവിന്റെ വിഗ്രഹവും, കൂടാതെ ഗായത്രി ദേവിയുടെ വിഗ്രഹവും കാണുവാൻ സാധിക്കുന്നു. പ്രതിവർഷം കാർത്തിക പൂർണ്ണിമയുടെ സമയത്ത് ഇവിടെ നടക്കുന്ന പുഷ്കർ മേള ലോകമെമ്പാടും പ്രശസ്തമാണ്. ആയിരക്കണക്കിന് തീർത്ഥാടകരോടൊപ്പം വിദേശ വിനോദസഞ്ചാരികളും ഇവിടേക്ക് എത്തുന്നു. രാവിലെ 6.30 മുതൽ രാത്രി 8.30 വരെയാണ് ക്ഷേത്രത്തിലെ ദർശന സമയം. ക്ഷേത്രത്തിൽ ദിവസേന മൂന്ന് ആരതികൾ നടത്തുന്നു.

Summary: The Brahma Temple in Pushkar, also known as Jagatpita Shri Brahma Mandir, is one of the most prominent temples in India dedicated to the Hindu creator-god Brahma. Temple is located in the town of Pushkar, in the Ajmer district of Rajasthan, India

Related Stories

No stories found.
Times Kerala
timeskerala.com