
കിഴക്കിന്റെ ഏതൻസ് എന്ന അറിയപ്പെടുന്ന മധുര, ഒരു ചരിത്ര നഗരം മാത്രമല്ല, ഒരു ആത്മീയ കേന്ദ്രം കൂടിയാണ്. പൗരാണിക നഗരമായ മധുരയിൽ എണ്ണിയാൽ ഒടുങ്ങാത്ത ക്ഷേത്രങ്ങൾ കാണുവാൻ സാധിക്കും. ഇവിടുത്തെ ഓരോ ക്ഷേത്രവും ഒന്നിനോട് ഒന്ന് വ്യത്യസ്തപ്പെട്ടിരിക്കുന്നു. മധുരയിലെ അഴഗർ കുന്നിന്റെ താഴവരയിൽ അഴഗര്‍ കോവില്‍ എന്ന് അറിയപ്പെടുന്നൊരു ക്ഷേത്രമുണ്ട്. മഹാവിഷ്ണുവിന് സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം മധുരയിലെ ഏറെ പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഒന്നാണ്. (Azhagar Kovil)
പുരാതന കാലഘട്ടത്തിന്റെ ഐതിഹ്യങ്ങളിലും അതിമനോഹരമായ വാസ്തുവിദ്യയിലും വേരൂന്നിയ ഈ ക്ഷേത്രം 108 ദിവ്യദേശങ്ങളിൽ (വൈഷ്ണവ ക്ഷേത്രങ്ങൾ) ഒന്നാണ്. വിഷ്ണുവിന് സമർപ്പിച്ചിരിക്കുന്ന ഇന്ത്യയിലെ ഏറ്റവും ആദരണീയമായ ക്ഷേത്രങ്ങളിൽ ഒന്നാണ്. വിഷ്ണുവിന്റെ അവതാരമായ കല്ലഴഗരാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്‌ഠ. മധുരൈ മീനാക്ഷിയുടെ സഹോദരന്‍ എന്ന സങ്കല്പത്തിലാണ് വിഷ്ണുവിനെ ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. വിഷ്ണു പത്നിയായ ലക്ഷ്മി ദേവിയുടെ അവതാരമായ തിരുമാമകളെയും ക്ഷേത്രത്തിൽ കാണുവാൻ കഴിയും. ദ്രാവിഡ വാസ്തുവിദ്യ ശൈലിയിലാണ് ഈ ക്ഷേത്രം പണിതിരിക്കുന്നത്. പ്രത്യേകിച്ചും പാണ്ഡ്യ-നായ്ക്ക ശൈലികളുടെ സ്വാധീനം ഇവിടെ കാണുവാൻ കഴിയും. രണ്ടേക്കറിലായി പരന്നുകിടക്കുന്ന ഈ ക്ഷേത്രത്തിന്റെ പ്രധാന ആകർഷണം ഏഴ് നിലകളുള്ള രാജഗോപുരമാണ്.
തമിഴ് സംസ്കാരത്തിന്റെയും ഉത്സവങ്ങളുടെയും ജീവസ്സുറ്റ കേന്ദ്രം കൂടിയാണ് ഈ ക്ഷേത്രം. സംഗം യുഗത്തിൽ പ്രാധാന്യത്തോടെ നിലനിന്ന ഏക വൈഷ്ണവ ക്ഷേത്രമാണ് അഴഗർ കോവിൽ. പുരാതന തമിഴ് സാഹിത്യകൃതികളായ ശിലപ്പതികാരത്തിലും ദിവ്യപ്രബന്ധത്തിലും ഈ ക്ഷേത്രത്തെ കുറിച്ച് വിവരിക്കുന്നത് കാണുവാൻ സാധിക്കും. തിരുമാലിരുഞ്ചോലൈ, സോലൈമലൈ എന്നീ പേരുകളിലാണ് പുരാതനകാലത്ത് ഈ ക്ഷേത്രം അറിയപ്പെട്ടിരുന്നത്. തിരുമങ്കൈ ആഴ്‌വാർ, പെരിയാഴ്‌വാർ, നമ്മാഴ്‌വാർ, ആണ്ടാൾ തുടങ്ങിയ ആഴ്‌വാർ സന്യാസിമാരും ഈ ക്ഷേത്രത്തെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്. പാണ്ഡ്യ രാജാക്കന്മാരുടെയും, പിന്നീട് നായ്ക്കന്മാരുടെയും മേൽനോട്ടത്തിലായിരുന്നു ഈ ക്ഷേത്രം. പാണ്ഡ്യ രാജാക്കന്മാരുടെ കാലത്താണ് ക്ഷേത്രത്തിൽ പ്രധാന നവീകരണങ്ങൾ നടത്തുന്നത്.
ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രചരണത്തിനുള്ള ഏറ്റവും പ്രശസ്തമായ ഐതിഹ്യമാണ് മധുരൈ മീനാക്ഷിയുടെ കല്യാണം. മധുരയുടെ ദേവതയായ മീനാക്ഷി ദേവിയുടെ സഹോദരനാണ് കല്ലഴഗർ, മീനാക്ഷിയുടെ വിവാഹത്തിൽ പങ്കെടുക്കാനായി അഴഗർ കുന്നിൽ നിന്നും മധുരയിലേക്ക് എല്ലാ വർഷവും യാത്ര പുറപ്പെടുന്നു. എന്നാൽ, കല്ലഴഗർക്ക് വിവാഹ സമയത്ത് എത്താൻ കഴിയാതെ പോവുകയും, വിവാഹത്തിൽ പങ്കെടുക്കാതെ മടങ്ങുകയും ചെയ്യുന്നു.
ക്ഷേത്രത്തിലെ പ്രസാദം ദോശ
തൈര് സാദം, മിലാകു വട, പുളിയോഗരൈ എന്നിവയാണ് ക്ഷേത്രത്തിൽ ഭക്തർക്ക് പ്രസാദമായി നൽകുന്നത്. എന്നാൽ ഇതിൽ ഏറ്റവും പ്രസിദ്ധം ദോശയാണ്. ഉഴുന്ന് കൊണ്ടുള്ള ദോശയാണ് ക്ഷേത്രത്തിലെ പ്രധാന പ്രസാദം ദോശയാണ്. പഞ്ച ലോഹ തവയില്‍ നെയ് കൊണ്ട് ചുട്ടെടുത്ത ദോശ, ഈ ദോശയെ അഴഗര്‍ ദോശയെന്നും അറിയപ്പെടുന്നു. ഈ ദോശ അല്‍പ്പം കട്ടിയുള്ളതാണ്. ദോശ തയ്യാറാക്കിയ ശേഷം ആദ്യം ഭഗവാന് നിവേദിക്കുന്നു ശേഷം ഭക്തർക്ക് നൽകുന്നു.
പതിനെട്ടാം പടി കറുപ്പസാമി
ഈ ക്ഷേത്രത്തിലെ അടച്ചിട്ടിരിക്കുന്ന പടിഞ്ഞാറ് ദിശയിലുള്ള മുഖ്യഗോപുരത്തിന് പിന്നിലായിട്ടാണ് പതിനെട്ടാം പടി കറുപ്പസ്വാമിയുടെ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഈ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ പതിനെട്ട് പടികൾ കയറേണ്ടതുണ്ട്. വേദങ്ങൾ അനുസരിച്ച്, 18 മന്ത്രവാദികൾ ചേർന്ന് കല്ലഴഗരെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ കറുപ്പസാമിയാണ് രക്ഷിച്ചതത്രെ. പാണ്ഡ്യ വംശത്തിന്റെ കുലദൈവമായാണ് കറുപ്പസ്വാമിയെ ആരാധിക്കുന്നത്. ഈ ക്ഷേത്രത്തിന്റെ വാതിലുകൾ വർഷം മുഴുവനും അടച്ചിരിക്കും. വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഈ ക്ഷേത്രം ഭക്തർക്ക് ദർശനത്തിനായി തുറന്നു നൽകുന്നത്.
Summary: Azhagar Kovil, nestled in the serene Alagar Hills near Madurai, is one of the 108 Divya Desams dedicated to Lord Vishnu, worshipped here as Lord Kallazhagar — the divine brother of Goddess Meenakshi. The temple is famed for its unique offering — the sacred “Azhagar Dosa”