
ഗണങ്ങളുടെ അധിപനാണ് ഗണപതി. ഇന്ത്യയിലെ ഗണപതിയുടെ ഏറ്റവും പ്രശസ്തമായ തീർഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് മുംബൈയിലെ ശ്രീ സിദ്ധിവിനായക ക്ഷേത്രം (Shree Siddhivinayak Temple). മുംബൈയിലെ തന്നെ ഏറെ പ്രധാനപ്പെട്ട ഹൈന്ദവ ക്ഷേത്രമാണ് സിദ്ധിവിനായക. മനസ്സുരുകി പ്രാർത്ഥിച്ചാൽ ഭക്തരുടെ പ്രാർത്ഥന ഭഗവാൻ നിറവേറ്റുമത്രെ.
ഭക്തർക്ക് സർവ്വസിദ്ധി പ്രദാനം ചെയ്യുന്ന സിദ്ധിവിനായകനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിലെ ചെറിയൊരു മണ്ഡപത്തിലാണ് സിദ്ധിവിനായകന്റെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത്. മണ്ഡപത്തിന്റെ പ്രധാന വാതിലിൽ അഷ്ടവിനായക ചിത്രങ്ങൾ ആലേപനം ചെയ്തിരിക്കുന്നു. ക്ഷേത്രത്തിലെ മറ്റൊരു പ്രത്യേതേകതയാണ് ശ്രീ കോവിലിന്റെ മേൽക്കൂരയുടെ ഉൾഭാഗം, ഇത് നിർമിച്ചിരിക്കുന്നത് സ്വർണത്തിലാണ്. ഒറ്റക്കല്ലിൽ തീർത്ത ഗണപതി വിഗ്രഹത്തിന് 2.5 അടി ഉയരവും രണ്ടടി ഉയരവുമുണ്ട്. സിദ്ധിവിനായകന്റെ വിഗ്രഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത തുമ്പിക്കൈയാണ്. വിനായക വിഗ്രത്തിന്റെ തുമ്പിക്കൈ വലതുവശത്തേക്കാണ് വളഞ്ഞിരിക്കുന്നത്.
ചതുർഭുജനായ മഹാഗണപതിയുടെ മുകളിലെ വലതുകൈയിൽ താമരയും ഇടതുകൈയിൽ മഴുവും ഉണ്ട്. നെറ്റിയിൽ മഹാദേവന്റെ ത്രിക്കണ്ണിനെ ഓർമ്മിപ്പിക്കുന്ന വിധം മറ്റൊരു കണ്ണ് കൂടി സിദ്ധിവിനായകനുണ്ട്. ഭാര്യമാരായ സിദ്ധിയെയും ബുദ്ധിയെയും ഗണപതിയുടെ ഇരുവശത്തും പ്രതിഷ്ഠിച്ചിട്ടുണ്ട്.
ചലച്ചിത്ര താരങ്ങൾ മുതൽ രാഷ്ട്രീയക്കാരുടെയും വ്യവസായികളുടെയും സ്ഥിര സന്ദർശനമാണ് ക്ഷേത്രത്തിന്റെ മറ്റൊരു പ്രതേകത. മുകേഷ് അംബാനി, ഐശ്വര്യ റായ്, വിക്കി കൗശാൽ എന്നിങ്ങനെ ക്ഷേത്രത്തിലെത്തുന്ന പ്രമുഖരായ ഭക്തർ നിരവധിയാണ്. ജീവിതത്തിലെ പുതിയ തുടക്കങ്ങളിൽ വിനായകനെ കണ്ട് അനുഗ്രഹം തേടാനെത്തുന്നവർ നിരവധിയാണ്. വിദേശ രാജ്യങ്ങളിൽ നിന്നും ഇഷ്ട്ട ദേവന്റെ ദർശനത്തിനായി ഇവിടെക്ക് എത്തുന്ന ഭക്തർ ഏറെയാണ്.
ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം ചൊവ്വാഴ്ചയാണ്. 1801 നവംബർ 19 നാണ് ക്ഷേത്ര നിർമ്മാണം ആരംഭിക്കുന്നത്. ക്ഷേത്രം പണിതീർക്കുന്ന വേളയിൽ വളരെ ചെറുതായിരുന്നു, പിന്നീട് ക്ഷേത്രം വിപുലീകരിക്കുയും മുംബൈയിലെ തന്നെ വളരെ സമ്പന്നമായ ക്ഷേത്രമായി മാറുകയും ചെയ്തു.