
പ്രശസ്തനായ അധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും തത്ത്വചിന്തകനുമായിരുന്ന ഡോ. സർവ്വേപ്പിള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് നമ്മൾ ദേശീയ അദ്ധ്യാപക ദിനമായി ആചരിക്കുന്നത്. 1961 മുതൽ സെപ്റ്റംബർ 5 ദേശീയ അദ്ധ്യാപക ദിനമായി ഇന്ത്യയിൽ ആഘോഷിച്ചു വരുന്നു (Teachers' Day).
ഡോ. എസ് രാധാകൃഷ്ണൻ രാഷ്ട്രപതി ആയപ്പോൾ അദ്ദേഹത്തിന്റെ ശിഷ്യരും സുഹൃത്തുക്കളും അദ്ദേഹത്തെ സമീപിച്ച്, തങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകന്റെ ജന്മദിനമായ സെപ്റ്റംബർ 5 ഒരു ആഘോഷമാക്കി മാറ്റാൻ ആഗ്രഹിക്കുന്നതായും അതിനുള്ള അനുവാദം നൽകണമെന്നും അപേക്ഷിച്ചു. എന്നാൽ അദ്ദേഹം അത് സ്നേഹപൂർവ്വം നിരസിച്ചു. ഒരു വ്യക്തിയുടെ ജന്മദിനം ഇത്തരത്തിൽ ആഘോഷിക്കുന്നതിനോട് അദ്ദേഹത്തിന് താൽപര്യമുണ്ടായിരുന്നില്ല.
പക്ഷെ അവർ പിന്മാറാൻ തയ്യാറായില്ല. ഒടുവിൽ അവരുടെ സ്നേഹപൂർവമായ നിർബന്ധത്തിനു വഴങ്ങി അദ്ദേഹം അവരോട് ചോദിച്ചു, "നിങ്ങൾക്ക് നിർബന്ധമാണെങ്കിൽ സെപ്റ്റംബർ 5 എന്റെ ജന്മദിനമായി ആഘോഷിക്കുന്നതിന് പകരം മുഴുവൻ അധ്യാപകർക്കും വേണ്ടി അധ്യാപക ദിനമായി ആഘോഷിച്ചു കൂടേ?" അങ്ങനെ തന്റെ ജന്മദിനം തനിക്കുവേണ്ടി ആഘോഷിക്കുന്നതിനു പകരം രാജ്യത്തെ മുഴുവൻ അധ്യാപകർക്കും വേണ്ടി നീക്കിവയ്ക്കാൻ അദ്ദേഹം തയ്യാറായി. അതിനാലാണ് സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനമായി നാം ആഘോഷിക്കുന്നത്.
അധ്യാപക ദിനാഘോഷത്തിന്റെ ലക്ഷ്യം
അധ്യാപകനും തത്വചിന്തകനും ഇന്ത്യയുടെ രണ്ടാമത് രാഷ്ട്രപതിയുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമാണ് നാം ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്. 1961 മുതല്‍ ഇന്ത്യയില്‍ അധ്യാപകദിനം ആചരിച്ചു വരുന്നു. ഡോ. എസ്. രാധാകൃഷ്ണൻ അധ്യാപനത്തോട് പുലര്‍ത്തിയിരുന്ന പ്രതിബന്ധതയും, വിദ്യാര്‍ത്ഥി സമൂഹത്തില്‍ നേടിയെടുത്ത ആദരവുമാണ് അദ്ദേഹത്തിന്റെ ജന്‍മദിനത്തിന് ഇങ്ങനെയൊരു സവിശേഷത നേടിക്കൊടുത്തത്.
അധ്യാപകരുടെ സാമൂഹ്യ-സാമ്പത്തിക പദവികള്‍ ഉയര്‍ത്തുകയും അവരുടെ കഴിവുകള്‍ പരമാവധി വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങള്‍ ഉണ്ടാക്കി എടുക്കുക എന്നതാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം.
അധ്യാപക ദിനാഘോഷത്തോടനുബന്ധിച്ച് പൊതുയോഗങ്ങളും ചര്‍ച്ചകളും സമ്മേളനങ്ങളും ഘോഷയാത്രകളും സംഘടിപ്പിക്കാറുണ്ട്. വിശിഷ്ടസേവനം അനുഷ്ഠിക്കുന്ന അധ്യാപകര്‍ക്ക് നല്‍കുന്ന ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നതും അധ്യാപകദിനത്തിലാണ്.
ആരാണ് അദ്ധ്യാപകൻ?
പഠിപ്പിക്കുന്നയാൾ അഥവാ അദ്ധ്യാപനം നടത്തുന്നയാളാണ് അധ്യാപകൻ. വിദ്യാഭ്യാസത്തിന്റെ മർമപ്രധാനമായ ഒരു ഘടകമാണ് അധ്യാപകൻ.
ലോകചരിത്രത്തിന്റെ ആരംഭത്തിൽ അധ്യാപനം ഒരു പ്രത്യേക തൊഴിലായി കണക്കാക്കപ്പെട്ടിരുന്നില്ല. അതുകൊണ്ടു തന്നെ അന്ന് 'അധ്യാപകർ'എന്ന ഒരു പ്രത്യേകവർഗം ഉണ്ടായിരുന്നില്ല. പൗരോഹിത്യവും അധ്യാപനവും ഒരുമിച്ചു കൊണ്ടുപോവുകയായിരുന്നു അന്നത്തെ സമ്പ്രദായം. പ്രാചീന ഈജിപ്റ്റിൽ രാജകുടുംബാംഗങ്ങളുടെ വിദ്യാഭ്യാസത്തിനായി ചില ഉദ്യോഗസ്ഥന്മാരെ പ്രത്യേകം നിയോഗിച്ചിരുന്നു. എന്നാൽ ഏഥൻസിൽ തദ്ദേശീയർക്കു പുറമേ വിദേശീയരും അടിമകളും അത് നിർവഹിച്ചിരുന്നു. പ്രതിഫലം വാങ്ങിക്കൊണ്ട് ആദ്യമായി അധ്യാപനം നടത്തിയിരുന്നത് ഏഥൻസിലെ സോഫിസ്റ്റുകളാണ്.
ആധ്യാത്മിക കാര്യത്തിന് പ്രാധാന്യം നൽകിയിരുന്ന പ്രാചീനജനത മതപുരോഹിതന്മാരെ അധ്യാപകരായി അംഗീകരിച്ചു. ബുദ്ധൻ, ക്രിസ്തു, മുഹമ്മദ് നബി മുതലായ മഹാന്മാർ അധ്യാപകന്മാരായിരുന്നു. ആദിമവർഗക്കാരിൽ പല വിഭാഗത്തിലും പ്രത്യേകം അധ്യാപക വിഭാഗം ഇല്ലായിരുന്നു. കുടുംബത്തിലെ പുരുഷന്മാർ തൊഴിലും ഭാഷയും അഭ്യസിപ്പിക്കുക എന്നതായിരുന്നു അവർക്കിടയിലെ പതിവ്. മധ്യകാലഘട്ടത്തിൽ പാശ്ചാത്യ രാജ്യങ്ങളിൽ അധ്യാപക വൃത്തിയിലേർപ്പെട്ടിരുന്നത് ക്രൈസ്തവ പുരോഹിതന്മാരായിരുന്നു. നവോത്ഥാനത്തോടുകൂടി അതുവരെ പുരോഹിതന്മാരുടെ കുത്തകയായിരുന്ന അധ്യാപനകർമം മറ്റുള്ളവരും ഏറ്റെടുത്തു തുടങ്ങി. അന്ന് മുതലാണ് ഒരു പ്രത്യേക അധ്യാപകവർഗം ഉണ്ടായത്.
ഇന്ത്യയിലെ ഗുരുകുല വിദ്യാഭ്യാസം
ഇന്ത്യയിൽ പണ്ട് ഗുരുകുല വിദ്യാഭ്യാസമാണ് നിലനിന്നിരുന്നത്. അധ്യാപനം നടത്തിയിരുന്നവർ ഋഷികളും ഋഷിതുല്യരുമായിരുന്നു. ആധ്യാത്മിക ആചാര്യൻമാരായിരുന്ന അവർ തന്നെയാണ് അധ്യേതാക്കൾക്കു ഭൗതികവിദ്യാഭ്യാസവും നല്കിയിരുന്നത്. വിദ്യാഭ്യാസത്തിന്റെ പരമലക്ഷ്യം അധ്യാത്മജ്ഞാനമാണെന്നും വിജ്ഞാനം അതിലേക്കുള്ള മാർഗങ്ങളാണെന്നും വിശ്വസിക്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ആധ്യാത്മികാചാര്യന്മാരെ അധ്യാപകരായി സമൂഹം അംഗീകരിച്ചിരുന്നു.
ഇന്ത്യയിൽ ബൗദ്ധ -ജൈനകാലഘട്ടത്തിൽ ഭൗതികവിദ്യാഭ്യാസം നിർവഹിക്കുന്നതിന് ഒരു പ്രത്യേക വർഗം തന്നെ ഉടലെടുത്തു. നളന്ദ, തക്ഷശില മുതലായവ ബൗദ്ധകാലഘട്ടത്തിലെ വിഖ്യാത വിദ്യാഭ്യാസ കേന്ദ്രങ്ങളായിരുന്നു. ഇന്ത്യയിൽ മുഗൾഭരണകാലത്ത് മദ്രസകളിൽ മതപുരോഹിതന്മാരും മതപണ്ഡിതന്മാരും അധ്യാപനം നടത്തിയിരുന്നു. ശില്പകലയും മറ്റ് കലകളും പ്രായോഗിക പരിശീലനത്തിലൂടെ വിദഗ്ദ്ധൻമാരിൽനിന്ന് അഭ്യസിക്കുവാൻ തുടക്കമിട്ടത് മതശാലകളാണ്. എങ്കിലും വിദ്യാഭ്യാസം സാർവത്രികമായിരുന്നില്ല.
പിന്നീട് വിദ്യാഭ്യാസം സാർവത്രികമായതോടെയാണ് അധ്യാപകൻ എന്ന ഒരു പുതിയ വർഗം പ്രത്യേകമായി രൂപം കൊണ്ടത്. ക്രമേണ ഒരു അധ്യാപകൻ മാത്രമുള്ള പാഠശാലകൾ ഉണ്ടായി. കുടിപ്പള്ളിക്കൂടങ്ങൾ അഥവാ എഴുത്തുപള്ളികൾ എന്നാണ് കേരളത്തിൽ അവ അറിയപ്പെട്ടിരുന്നത്. ആശാൻ അഥവാ എഴുത്തശ്ശൻ എന്ന പേരിൽ അധ്യാപകൻ അറിയപ്പെട്ടിരുന്നു. വിദ്യാഭ്യാസത്തിനായി കുട്ടികൾ കൂടുതൽ എത്തിത്തുടങ്ങിയതോടെ അധ്യാപകരുടെ എണ്ണം കൂടുകയും വിദ്യാലയങ്ങൾ സ്ഥാപിതമാകുകയും ചെയ്‌തു. അങ്ങനെ അധ്യാപക സമൂഹവും വികസിതമായി.
ഗുരുകുല വിദ്യാഭ്യാസവും പഠന രീതികളും
ഗുരുവിന്റെ ഗൃഹത്തിൽ താമസിച്ച്, ഗുരുമുഖത്തു നിന്ന് നേരിട്ട് കേട്ട് പഠിക്കുന്ന സമ്പ്രദായത്തെയാണ് 'ഗുരുകുല വിദ്യാഭ്യാസം' എന്ന് പറയുന്നത്. ഉയർന്ന ജാതിയിൽ പെട്ടവർക്ക് മാത്രമേ ഗുരുകുല വിദ്യാഭ്യാസം ലഭിച്ചിരുന്നുളളൂ. മതപരമല്ലാത്ത വിദ്യാഭ്യാസ രീതികളും ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഉണ്ടായിരുന്നു. സംഗീതം, ആയുധമുറകളുടെ അഭ്യാസം, ശാസ്ത്ര വിഷയങ്ങളുടെ അഭ്യാസം, കളരിപ്പയറ്റ്, പരിചമുട്ട്, അമ്പും വില്ലും തുടങ്ങിയവയും അഭ്യസിപ്പിച്ചിരുന്നു.
ഗുരുകുല വിദ്യാഭ്യാസത്തിന്റെ ശിക്ഷാരീതികൾ കർശനമായാണ് നടപ്പാക്കിയിരുന്നത്. തുടക്കത്തിൽ വിദ്യാർത്ഥികളെ തറയിൽ തരിമണൽ വിരിച്ച് നിലത്തെഴുതിയാണ് പഠിപ്പിച്ചിരുന്നത്. മുതിർന്ന കുട്ടികളെ എഴുത്താണി ഉപയോഗിച്ച് കരിമ്പന ഓലകളാലുള്ള താളിയോലകളിലാണ് എഴുതിച്ചിരുന്നത്. പേപ്പർ മരങ്ങളും ഉപയോഗിച്ചു വന്നു. പിന്നീട് കടലാസിൽ എഴുത്താണി കൊണ്ടെഴുതാൻ തുടങ്ങി ഇതിനുവേണ്ടി കടലാസിൽ പച്ചില പുരട്ടുമായിരുന്നു. വലിയ ഗ്രന്ഥങ്ങളും മറ്റും എഴുതിയിരുന്നത് ചെമ്പു കൊണ്ട് നിർമ്മിച്ച ഓല രൂപത്തിലുള്ള തകിടിലായിരുന്നു. ഇത് ഒരുപാടു കാലം നിലനിൽക്കുകയും ചെയ്യുമായിരുന്നു.