
ക്ഷേത്രങ്ങളുടെ നാടാണ് ഇന്ത്യ. വിശ്വാസം കൊണ്ടും ആചാരങ്ങൾ കൊണ്ടും വേറിട്ടുനിൽകുന്നതാണ് ഇന്ത്യയിലെ ഓരോ ക്ഷേത്രവും. മനുഷ്യരുടെ ആന്തരിക വിശ്വാസത്തിന്റെ അടയാളങ്ങളാണ് ക്ഷേത്രങ്ങൾ. ഈ പരമ്പരയിലെ പുണ്യ പ്രാധാന്യമായ ക്ഷേത്രമാണ് ആന്ധ്രാപ്രദേശിലെ മല്ലികാർജ്ജുന ക്ഷേത്രം (Mallikarjuna Temple). ശിവനും പാർവതിയും കുടികൊള്ളുന്ന ഈ ക്ഷേത്രത്തിന് സവിശേഷതകൾ ഏറെയാണ്.
ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ ശ്രീശൈലതാണ് മല്ലികാർജ്ജുന ക്ഷേത്രം സ്ഥിതിചെയ്യുന്നത്. നല്ലമലയിലെ കുന്നുകൾക്ക് ഇടയിലാണ് ക്ഷേത്രത്തിന്റെ സ്ഥാനം. ശ്രീ ഭ്രമരാംബിക മല്ലികാർജ്ജുന സ്വാമി ക്ഷേത്രം എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. ഈ ക്ഷേത്രത്തിന് ഹൈന്ദവ വിശ്വാസത്തിൽ വളരെ പ്രധാനമായ സ്ഥാനമാണ് വഹിക്കുന്നത്. ഈ ക്ഷേത്രം ശിവനെ ജ്യോതിർലിഗ രൂപത്തിൽ ആരാധിക്കുന്ന ക്ഷേത്രങ്ങളിൽ ഒന്നാണ്. കൂടാതെ, സതീദേവിയുടെ 18 മഹാശക്തി പീഠങ്ങളിൽ ഒന്നാണ് ഇവിടം. ജ്യോതിർലിംഗവും ശക്തിപീഠവും ഒരുമിച്ച് വരുന്ന ഇന്ത്യയിലെ അപൂർവ്വ ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. ശിവനും ശക്തിയും ഒന്നായി ഇവിടെ കുടികൊള്ളുന്നു എന്നാണ് വിശ്വാസം. അതിനാൽ തന്നെ ഈ ക്ഷേത്രത്തെ ദക്ഷിണ കൈലാസം എന്നും വിശേഷിപ്പിക്കുന്നു.
ശിവനും ശക്തിയും
ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്‌ഠ ശിവനാണ്. മല്ലികാർജ്ജുന സ്വാമിയായി ശിവനും, ഭ്രമരാംബികയായി പാർവതിയും കുടികൊള്ളുന്നു. ഇവിടുത്തെ ശിവലിംഗം സ്വയംഭൂവാണ് എന്നാണ് വിശ്വാസം. മല്ലികാർജ്ജുന ക്ഷേത്രം സന്ദർശിച്ച് മഹാദേവനെയും പാർവതിയെയും ദർശിക്കുനന്നതിലൂടെ എല്ലാ ആഗ്രഹങ്ങളും നിറവേറുമെന്ന് ശിവഭക്തർ വിശ്വസിക്കുന്നു. മല്ലികാർജ്ജുന ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. രണ്ടാം നൂറ്റാണ്ട് മുതൽ ക്ഷേത്രം ഇവിടെ നിലനിൽക്കുന്നു എന്നാണ് അനുമാനം. രണ്ടാം നൂറ്റാണ്ടിലെ ശതവാഹന രാജവംശത്തിന്റെ കാലം മുതൽക്കേ ഈ ക്ഷേത്രം നിലനിന്നിരുന്നു എന്ന് ചില ചരിത്രരേഖകളിൽ സൂചിപ്പിക്കുന്നു. ത്രേതായുഗത്തിൽ ശ്രീരാമനും സീതയും ഈ ക്ഷേത്രം സന്ദർശിക്കുകയും, ദ്വാപരയുഗത്തിൽ പഞ്ചപാണ്ഡവർ അഞ്ച് ശിവലിംഗങ്ങൾ സ്ഥാപിക്കുകയും ചെയ്തു എന്നും വിശ്വസിക്കപ്പെടുന്നു.
കല്ലിൽ കൊത്തിയ ഭക്തി
ക്ഷേത്ര രൂപകൽപ്പനയുടെ കാര്യത്തിൽ, ഇന്ത്യയിലെ ഏറ്റവും മനോഹരമായ തീർത്ഥാടന കേന്ദ്രമാണ് ഇവിടം. സങ്കീർണ്ണമായ കൊത്തുപണികളും പുരാണ കഥകൾ വിവരിക്കുന്ന വലിയ തൂണുകളാണ് ഈ ക്ഷേത്രത്തിലെ പ്രധാന ആകർഷണം. ക്ഷേത്രത്തിൽ സമ്പന്നമായ ശില്പകലകളും, കോട്ട പോലുള്ള മതിലുകളും, ഗോപുരങ്ങളും കാണുവാൻ സാധിക്കുന്നതാണ്. ദ്രാവിഡ ശൈലിൽ പണിത ഈ ക്ഷേത്രം, വിജയനഗര വാസ്തുവിദ്യയുടെ ഏറ്റവും മികച്ച ഉദാഹരണമായി കണക്കാക്കപ്പെടുന്നു. ക്ഷേത്ര സമുച്ചയത്തിൽ നിരവധി ഹാളുകളുണ്ട്; ഏറ്റവും ശ്രദ്ധേയമായത് വിജയനഗര കാലഘട്ടത്തിൽ നിർമ്മിച്ച മുഖ മണ്ഡപമാണ്. കിഴക്കോട്ട് ദർശനമായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവന്റെ ഉഗ്രരൂപമായ വീരഭദ്ര സ്വാമിക്ക് സമർപ്പിച്ചിരിക്കുന്ന ഒരു ചെറിയ ക്ഷേത്രം മല്ലികാർജ്ജുന ക്ഷേത്രത്തിനുള്ളിൽ കാണുവാൻ സാധിക്കുന്നതാണ്. ദക്ഷിണേന്ത്യയിലെ മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി, മല്ലികാർജ്ജുന ക്ഷേത്രത്തിൽ ശിവലിംഗത്തിൽ സ്പർശിക്കാൻ ഭക്തർക്ക് സാധിക്കുന്നു. സ്പർശ ദർശനം എന്നറിയപ്പെടുന്ന ഈ ആചാരം മറ്റ് പല പ്രധാന ജ്യോതിർലിംഗ ക്ഷേത്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ അപൂർവമായ ഒരു അവസരമാണ്.
ക്ഷേത്ര ഐതിഹ്യം
ഒരിക്കൽ, ശിവനും പാർവ്വതിക്കും തങ്ങളുടെ പുത്രന്മാരായ ഗണേശന്റെയും കാർത്തികേയന്റെയും വിവാഹത്തെ കുറിച്ച് ചിന്തിക്കുകയുണ്ടായി. മക്കളിൽ ആരുടെ വിവാഹം ആദ്യം നടത്തണം എന്നതിനെച്ചൊല്ലി തർക്കമുണ്ടായി. തർക്കം പരിഹരിക്കാനായി മാതാപിതാക്കൾ ഒരു വഴികണ്ടെത്തി. ലോകത്തെ ഏഴ് തവണ വലംവെച്ച് ആദ്യം തിരിച്ചെത്തുന്നയാൾക്ക് വിവാഹം കഴിക്കാമെന്ന് മാതാപിതാക്കൾ തീരുമാനിക്കുന്നു. അങ്ങനെ കാർത്തികേയൻ തന്റെ മയിലിന്റെ പുറത്ത് ലോകം ചുറ്റാൻ പുറപ്പെടുന്നു. എന്നാൽ ബുദ്ധിമാനായ ഗണേശൻ, തനിക്ക് മാതാപിതാക്കളാണ് ലോകം എന്ന് പ്രഖ്യാപിച്ച് കൊണ്ട് ശിവനെയും പാർവ്വതിയെയും ഏഴു തവണ വലംവച്ചു. മകന്റെ പ്രവർത്തിയിൽ സംതൃപ്തരായ ശിവനും പാർവതിയും ഗണേശന് സിദ്ധി, ബുദ്ധി, റിദ്ധി എന്നീ ദേവിമാരുമായി വിവാഹം നടത്തി.
ലോകം ചുറ്റി തിരിച്ചെത്തിയ കാർത്തികേയൻ ഇത് അറിഞ്ഞ് കോപാകുലനായി കൈലാസം ഉപേക്ഷിച്ച് ക്രൗഞ്ച പർവതത്തിലേക്ക് (ഇന്നത്തെ ശ്രീശൈലം) പുറപ്പെടുന്നു. മകനെ അനുനയിപ്പിച്ച് തിരിക്കെ കൊണ്ടുവരാനായി ശിവനും പാർവ്വതിയും അവിടെയെത്തിയെങ്കിലും, കാർത്തികേയൻ മാതാപിതാക്കളോടൊപ്പം പോകാൻ കൂട്ടാക്കിയില്ല. തുടർന്ന് ദേവഗണങ്ങളുടെ അപേക്ഷ മാനിച്ച്, ശിവനും പാർവ്വതിയും ജ്യോതിർലിംഗ രൂപത്തിൽ ആ പർവതത്തിൽ തന്നെ സ്ഥിരവാസം ഉറപ്പിച്ചു. പാർവതിയെ 'മല്ലിക' എന്നും ശിവനെ 'അർജ്ജുനൻ' എന്നും വിശേഷിപ്പിച്ചു. അങ്ങനെ ഇവിടം മല്ലികാർജ്ജുനം എന്ന പേരിൽ അറിയപ്പെടുത്താൻ തുടങ്ങി. അമാവാസി നാളിൽ ശിവനും പൗർണ്ണമി നാളിൽ പാർവതിയും ഇവിടെ കാർത്തികേയനെ സന്ദർശിക്കാൻ എത്തുന്നു എന്ന വിശ്വാസമുണ്ട്.
Summary: The Mallikarjuna Temple in Srisailam, Andhra Pradesh, is an exceptionally sacred site because it uniquely houses one of the twelve Jyotirlingas of Lord Shiva (Mallikarjuna) and one of the eighteen Maha Shakti Peethas of Goddess Parvati (Bhramaramba) within the same complex.