
ഇന്ത്യയുടെ ആകാശ അതിർത്തികൾക്ക് കാവൽ നിൽക്കുന്ന ധീരതയുടെയും ത്യാഗത്തിൻ്റെയും പ്രതീകമാണ് നമ്മുടെ രാജ്യത്തിന്റെ വ്യോമസേന. പ്രഭാതസൂര്യൻ ആകാശം നിറയ്ക്കുമ്പോൾ, മഞ്ഞുമൂടിയ മേഘങ്ങൾക്കു മുകളിൽ ചീറിപ്പായുന്ന യുദ്ധവിമാനങ്ങളുടെ ശബ്ദം ഓരോ ഇന്ത്യക്കാരന്റെയും ഹൃദയമിടിപ്പാണ്. (Indian Air Force Day)
ഇന്ന്, ഒക്ടോബർ 8, രാജ്യം അഭിമാനത്തോടെ ഇന്ത്യൻ വ്യോമസേനാ ദിനം ആഘോഷിക്കുകയാണ്. ഇന്ത്യന്‍ സായുധ സേനയുടെ ആകാശസേനയാണ് ഇന്ത്യന്‍ എയര്‍ ഫോഴ്സ് (ഐഎഎഫ്). ലോകത്തിലെ വായുസേനാ ശക്തികളില്‍ നാലാം സ്ഥാനത്താണ് നമ്മുടെ രാജ്യം. 1932 ഒക്ടോബര്‍ 8 ന് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സഹായസേനയായി ഔദ്യോഗികമായി ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് സ്ഥാപിതമാകുന്നത്. അതിനാലാണ് എല്ലാവർഷവും ഒക്ടോബർ എട്ടിന് വ്യോമസേനാ ദിനം ആചരിക്കുന്നത്. ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം 1950 വരെ റോയല്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് എന്നാണ് വ്യോമസേനയെ വിളിച്ചിരുന്നത്. 1950 ഇന്ത്യ പൂർണ്ണ റിപ്പബ്ലിക്ക് രാജ്യമായി മാറിയപ്പോള്‍ ബ്രിട്ടീഷ് ബന്ധം സൂചിപ്പിച്ചിരുന്ന റോയല്‍ എന്ന വാക്ക് നീക്കം ചെയ്തു. അന്ന് മുതലാണ് ഇന്ത്യൻ വ്യോമസേന എന്ന് അറിയപ്പെടാൻ തുടങ്ങിയത്.
വ്യോമസേനയുടെ സുപ്രീം കമാന്‍ഡര്‍ പദവി വഹിക്കുന്നത് ഇന്ത്യന്‍ രാഷ്ട്രപതിയാണ്. നിലവിൽ ഒന്നരലക്ഷത്തോളം ഉദ്യോഗസ്ഥരാണ് വ്യോമസേനയിൽ സേവനം അനുഷ്ഠിക്കുന്നത്. എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗ് , പിവിഎസ്എം , എവിഎസ്എം, ഇന്ത്യൻ എയർഫോഴ്സിലെ ഫോർ സ്റ്റാർ എയർ ഓഫീസർ. എയർ സ്റ്റാഫിൻ്റെ (സിഎഎസ്) നിലവിലെ 28-ാമത് മേധാവിയാണ് അദ്ദേഹം. 2024 സെപ്റ്റംബർ 30-ന് എയർ ചീഫ് മാർഷൽ വിവേക് റാം ചൗധരിയുടെ പിൻഗാമിയായി അദ്ദേഹം 28-ാമത് CAS ആയി ചുമതലയേറ്റത്.
ഗോവയിലെ പോർച്ചുഗീസ് ഭരണം അവസാനിപ്പിച്ച ഓപ്പറേഷൻ വിജയ്, ഹിമാലയത്തിലെ സിയാച്ചിൻ ഹിമാനിയുടെ നിയന്ത്രണം നേടിയ ഓപ്പറേഷൻ മേഘദൂത്, മാലിദ്വീപിലെ സൈനിക അട്ടിമറി പരാജയപ്പെടുത്തിയ ഓപ്പറേഷൻ കാക്റ്റസ്, ശ്രീലങ്കയിലെ സൈനിക നടപടിയായ ഓപ്പറേഷൻ പൂമലൈ എന്നിവയാണ് ഇന്ത്യൻ വ്യോമസേന ഏറ്റെടുത്ത മറ്റ് പ്രധാന പ്രവർത്തനങ്ങൾ. 1932 ൽ വെറും ആറു പൈലറ്റുകളെ കൊണ്ട് തുടങ്ങിയ ഈ സേന, ഇന്ന് ലോകത്തിലെ ഏറ്റവും ശക്തമായ എയർ ഫോഴ്‌സുകളിലൊന്നായി മാറിയിരിക്കുന്നു. യുദ്ധഭൂമിയിലും മനുഷ്യസേവനരംഗത്തും ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി നമ്മുടെ വ്യോമസേന. ഓപ്പറേഷൻ സിന്ദൂരിൽ പാക് ഭീകര ശക്തികളെ തകർത്തെറിയാൻ നമ്മുടെ വ്യോമസേന വഹിച്ച പങ്ക് വളരെവലുതാണ്.
"നഭ: സ്പർശം ദീപ്തം" ('അഭിമാനത്തോടെ ആകാശത്തെ സ്പർശിക്കൂ') എന്ന ഭഗവദ്ഗീതയിലെ തത്വത്തെ മുറുകെപ്പിടിച്ചാണ് ഓരോ വ്യോമസേനാംഗവും രാജ്യത്തിനായി സേവനം ചെയ്യുന്നത്. രാജ്യസുരക്ഷ ഉറപ്പാക്കുന്നതിനും, കാർഗിൽ യുദ്ധം പോലുള്ള നിർണ്ണായക സാഹചര്യങ്ങളിൽ വ്യോമാക്രമണങ്ങൾ നടത്തി വിജയത്തിലേക്ക് നയിക്കുന്നതിനും പുറമെ, പ്രകൃതിദുരന്ത വേളകളിലെ രക്ഷാപ്രവർത്തനങ്ങളിലും വ്യോമസേനയുടെ പങ്ക് വിലമതിക്കാനാവാത്തതാണ്.