
ബുള്ളറ്റ് ഇഷ്ടമല്ലാത്തവരായി ആരുണ്ട് ? നമ്മളിൽ പലരും ഒരിക്കൽ എങ്കിലും യാത്ര ചെയ്യണം എന്ന് ആഗ്രഹിക്കുന്ന വാഹനമാണ് ബുള്ളറ്റ്. കാഴ്ചയിലും കാര്യക്ഷമതയിലും കേമനാണ് ബുള്ളറ്റ്. നമ്മുടെ നാട്ടിൽ ബുള്ളറ്റ് പ്രേമികൾ ഏറെയാണ്. എന്നാൽ ബുള്ളെറ്റിനെ ആരാധിക്കുന്ന ഒരു ക്ഷേത്രമുണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ? അതെ ബുള്ളറ്റിനായി ഒരു ക്ഷേത്രമുണ്ട് നമ്മുടെ ഇന്ത്യയിൽ.
മണ്ണിലും തൂണിലും തുരുമ്പിലും ദൈവിക ചൈതന്യം കണ്ടെത്തുന്നവരാണ് നമ്മൾ. സിനിമ താരങ്ങൾക്ക് വരെ ക്ഷേത്രമുള്ള നാട്. നടി ഖുശ്ബുവിന് മുതൽ സോണിയാ ഗാന്ധിക്ക് വരെ ക്ഷേത്രങ്ങൾ പണിതിട്ടുണ്ട്. അങ്ങനെയുള്ളപ്പോൾ ബുള്ളറ്റിനായും ഒരു ക്ഷേത്രമുണ്ട് എന്ന് പറഞ്ഞാൽ അമ്പരപ്പെടേണ്ടതില്ല. അങ്ങ് രാജസ്ഥാനിലാണ് ബുള്ളറ്റ് പ്രധാന പ്രതിഷ്ഠയായ ക്ഷേത്രമുള്ളത്, ബുള്ളറ്റ് ബാബ ക്ഷേത്രം (Bullet Baba temple).
രാജസ്ഥാനിലെ ജോധ്പൂരിലെ ചെറു ഗ്രാമമായ ബാന്ദായയിലാണ് അത്യപൂർവമായ ബുള്ളറ്റ് ബാബ ക്ഷേത്രമുള്ളത്. ഓം ബന്ന (Om Banna) എന്നും ക്ഷേത്രം അറിയപ്പെടുന്നു. ഈ ക്ഷേത്രത്തിലെ ബുള്ളറ്റിനെ ഭക്തർ വിളിക്കുന്നത് ബാബ എന്നാണ്. വാഹന യാത്രയ്ക്കിടെ അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ ഭക്തർ ഇവിടെ എത്തി പ്രാർത്ഥിക്കുന്നത്. ഈ ക്ഷേത്രത്തിന് മുന്നിൽ എത്തുമ്പോൾ ഹോൺ മുഴക്കുന്നതാണ് ബാബയ്ക്കുള്ള പ്രധാന വഴിപാട്. ഇതുകൂടാതെ ബിയറും വഴിപാടായി ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കാറുണ്ട്. ക്ഷേത്രത്തിന് മുന്നിൽ എത്തി ഹോൺ മുഴക്കി ബാബയ്ക്ക് പ്രണാമം അർപ്പിക്കാതെ പോയാൽ വീട്ടിൽ എത്തില്ലെന്ന ഒരു വിശ്വാസവും എവിടെ പ്രചാരണത്തിൽ ഉണ്ട്. അതുകൊണ്ടു തന്നെ ഗ്രാമവാസികൾ എവിടേക്ക് പോകുന്നതിന് മുൻപും ക്ഷേത്രത്തിലെത്തി പ്രാർത്ഥിക്കുന്നു. ഇവിടെ വന്ന് പ്രാർത്ഥിച്ചാൽ ബുള്ളറ്റ് ബാബ ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും നടത്തി കൊടുക്കും എന്നാണ് വിശ്വാസം.
ഓം ബന്ന സിംഗ് പാത്താവത്ത് എന്ന ആളുമായി ബന്ധപ്പെട്ടാണ് ബുള്ളറ്റ് ബാബയുടെ ഐതിഹ്യം. ഓം ബന്ന എന്ന വ്യക്തിയുടെ 350 സി സി ബുള്ളറ്റ് ആണ് ഇവിടത്തെ പ്രതിഷ്ഠ. ബാന്ദായിലെ പാലി-ജോധ്പ്പൂർ ഹൈവേയിലാണ് ഈ പ്രതിഷ്ഠ സ്ഥാപിച്ചിരിക്കുന്നത്. 1988ൽ, ഗ്രാമത്തിലേക്ക് വരുന്നതുവഴി അപകടത്തിൽപ്പെട്ട് ഓം ബന്ന മരിക്കുകയും, തുടർന്ന് അദ്ദേഹം ഓട്ടിച്ചിരുന്ന ബുള്ളറ്റ് അപകടത്തിന് ശേഷം അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. എന്നാൽ പിറ്റേദിവസം രാവിലെ ആ ബുള്ളറ്റ് പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്നില്ല. തുടർന്നുള്ള അന്വേഷണത്തിൽ ആ ബുള്ളറ്റ് അപകടം നടന്ന അതെ സ്ഥലത്തു നിന്ന് തന്നെ കണ്ടെത്തുകയായിരുന്നു. അത്ഭുതമെന്ന പോലെ കസ്റ്റഡിയിൽ എടുത്ത ബുള്ളറ്റ് വീണ്ടും കാണാതെയായി, പിന്നീട് അപകടം നടന്ന അതെ സ്ഥലത്ത് തന്നെ വീണ്ടും കണ്ടെത്തി. വാഹനത്തിന്റെ പെട്രോൾ കാലിയാക്കിയിട്ടും, ചങ്ങലപൊട്ടിച്ചിട്ടും ഇതേ സംഭവം തന്നെ ആവർത്തിച്ച നടന്നു കൊണ്ടിരുന്നു. ഇത് ഗ്രാമവാസികളിൽ അത്ഭുതം ഉണർത്തി, ഗ്രാമത്തെ രക്ഷിക്കാൻ വന്ന ദൈവീക ശക്തിയാണ് ഇതെന്ന് ഗ്രാമവാസികൾ വിശ്വസിക്കാൻ തുടങ്ങി. അവർ അതിനുവേണ്ടി അവിടെത്തന്നെ ഒരു ക്ഷേത്രം പണികഴിപ്പിക്കുകയും, ബുള്ളെറ്റിനെ ആരാധിക്കാനും തുടങ്ങി.
ഭഗവാനോടുള്ള ആദരസൂചകമായി വരുന്നവർ ബുള്ളറ്റ് ബ്രാൻഡിലുള്ള ബിയറാണ് ബാബക്ക് സമർപ്പിക്കുന്നത്. ഇതുവഴി യാത്ര ചെയ്യുന്നവർ ബുള്ളറ്റ് ഭഗവാനെ തൊഴാതെ പോകുകയാണെങ്കിൽ അവരുടെ യാത്രകളിൽ വിഘ്‌നങ്ങൾ സംഭവിക്കും യാത്ര പൂർണമാക്കാൻ സാധിക്കാൻ കഴിയില്ല എന്നൊരു വിശ്വാസവും ഉണ്ട് .യാത്രാ വേളയിൽ ആരും തന്നെ റോഡിൽ ഹോൺ അടിക്കാറില്ല, ബാബയോടുള്ള ബഹുമാനാർത്ഥമാണ് ഇങ്ങനെ ചെയ്യുന്നത്.
യാത്രാവേളയിൽ അപകടത്തിപെടുവാൻ സാധ്യതയുള്ള വാഹനങ്ങളെ ബാബയുടെ ആത്മാവ് രക്ഷിച്ചതായ കഥകൾ നിരവധിയാണ്. ഓം ബന്നയ്ക്ക് സംഭവിച്ചത് പോലെ ഇനിയൊരു അപകടമരണം ഇനി വേറെ ആർക്കും നടക്കരുത് എന്ന അദ്ദേഹത്തിന്റെ വാശിയാണ് ഇത് എന്നാണ് ഗ്രാമവാസികൾ പറയുന്നത്. യാത്രയിൽ ബുള്ളറ്റ് ബാബ കവലിനുണ്ടെന്ന ധൈര്യത്തിലാണ് ഡ്രൈവർമാർ യാത്ര ചെയുന്നത് എന്ന് പറയുന്നു. നമ്മുക്കൊക്കെ വിചിത്രമാണ് എന്ന് തോന്നാവുന്ന ഈ സംഭവം ബാന്ദായയിലെ ആളുകൾക്ക് ഒട്ടും വിചിത്രമല്ല, അവർക്ക് അവരുടെ വിശ്വാസവും ധൈര്യവുമാണ്.