

ഛണ്ഡീഗഡ്: സ്വന്തം പിതാവിനെ കുത്തിക്കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയായ മകൾ ആശയെ കോടതി വെറുതെ വിട്ടു. വിചാരണ വേളയിൽ പോലീസ് ഹാജരാക്കിയ കൊലക്കത്തിയുടെ അളവിലുണ്ടായ പൊരുത്തക്കേടാണ് കേസിൽ നിർണ്ണായകമായത്. കൃത്യം നടത്തിയത് ആശയാണെന്ന് സംശയലേശമന്യേ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു.(Knife is shorter than the wound, Court acquits daughter in father's murder case)
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം കൊല്ലപ്പെട്ട സുമൈ ലാലയുടെ നെഞ്ചിലേറ്റ മുറിവിന് 10.6 സെന്റിമീറ്റർ നീളമുണ്ടായിരുന്നു. എന്നാൽ, കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കാട്ടി പോലീസ് കോടതിയിൽ സമർപ്പിച്ച കത്തിയുടെ ബ്ലേഡിന് 9.8 സെന്റിമീറ്റർ മാത്രമേ നീളമുണ്ടായിരുന്നുള്ളൂ. മുറിവിനേക്കാൾ നീളം കുറഞ്ഞ കത്തി കൊണ്ട് ഇത്തരമൊരു മുറിവുണ്ടാക്കാൻ കഴിയില്ലെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചു. കേസ് കെട്ടിച്ചമച്ചതാണെന്ന പ്രതിഭാഗം വാദത്തിന് ഇത് കരുത്തുപകർന്നു.
2023 ഓഗസ്റ്റ് 9-നായിരുന്നു സുമൈ ലാല കുത്തേറ്റ് മരിച്ചത്. വെള്ളമെടുക്കാൻ ലാലയുടെ വീട്ടിലെത്തിയ അയൽവാസി ഗുലാബാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന ലാലയെയും മുറിവിൽ കൈ അമർത്തി രക്തം തടയാൻ ശ്രമിക്കുന്ന മകൾ ആശയെയും ആദ്യം കണ്ടത്. തുടർന്ന് നടത്തിയ പോലീസ് അന്വേഷണത്തിലാണ് ആശ അറസ്റ്റിലാകുന്നത്.
സുമൈ ലാല മദ്യപിച്ചെത്തി മകളെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നു. താനാണ് അച്ഛനെ കൊന്നതെന്ന് ആശ തന്നോട് പറഞ്ഞതായി അയൽവാസി ഗുലാബ് മൊഴി നൽകിയിരുന്നു. ചോദ്യം ചെയ്യലിൽ ആശ കുറ്റം സമ്മതിച്ചതായും അവളുടെ മൊഴിയനുസരിച്ചാണ് കത്തി കണ്ടെടുത്തതെന്നും പോലീസ് അവകാശപ്പെട്ടു.