സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ ബുധനാഴ്ച വൈകുന്നേരം നടന്ന അപകടത്തിൽ ദമ്പതികളും മകളും മരിച്ചു. സൂറത്ത് സായിദ്പുര സ്വദേശിയായ റെഹാൻ ഷെയ്ഖ് (35), ഭാര്യ റെഹന (30), ഏഴ് വയസ്സുകാരിയായ മകൾ അലീഷ എന്നിവരാണ് മരിച്ചത്. പട്ടം പറത്താൻ ഉപയോഗിക്കുന്ന രാസവസ്തുക്കൾ ചേർത്ത നൂൽ കഴുത്തിൽ കുരുങ്ങിയതാണ് അപകടത്തിന് കാരണമായത്.(Kite thread becomes villain, Family dies tragically)
മൊറാഭാഗലിലെ സുഭാഷ് ഗാർഡനിലേക്ക് സ്കൂട്ടറിൽ കുടുംബസമേതം യാത്ര ചെയ്യുകയായിരുന്നു റെഹാൻ. ചന്ദ്രശേഖർ ആസാദ് മേൽപ്പാലത്തിലൂടെ സഞ്ചരിക്കവേ പൊട്ടി വീണ പട്ടത്തിന്റെ നൂൽ റെഹാന്റെ കഴുത്തിൽ ചുറ്റി.
ഒരു കൈകൊണ്ട് കഴുത്തിലെ നൂൽ മാറ്റാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. തുടർന്ന് വാഹനം പാലത്തിന്റെ കൈവരിയിൽ ഇടിക്കുകയും 70 അടി താഴ്ചയിലേക്ക് മറിയുകയുമായിരുന്നു.
റെഹാനും മകൾ അലീഷയും വീഴ്ചയുടെ ആഘാതത്തിൽ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. താഴെ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്കാണ് റെഹന വീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.