ഡൽഹി : ജമ്മുകശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേഘ വിസ്ഫോടനത്തിലും മിന്നൽ പ്രളയത്തിലും 60 മരണം. മരിച്ചവരിൽ രണ്ട് സിഐഎസ്എഫ് ജവാന്‍മാരും ഉൾപ്പെടും. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന.
കിഷ്ത്വാറിലെ ചൊസ്തി മേഖലയിൽ നിരവധി പേരെ കാണാതായി. ദുരന്തത്തിൽ 167 ഓളം ആളുകൾക്ക് പരുക്കേറ്റിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും സ്ഥിതിഗതികൾ വിലയിരുത്തി. ജമ്മു കാശ്മീരിന് എല്ലാ സഹായവും നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സേനാവിഭാഗങ്ങൾക്ക് നിർദേശം നൽകി.
കിഷ്ത്വാറിലെ മചൈൽ മാത തീർഥാടന കേന്ദ്രത്തിലേക്കുള്ള പാത തുടങ്ങുന്ന പ്രദേശത്താണ് മേഘവിസ്ഫോടനവും തുടർന്ന് മിന്നൽ പ്രളയവുമുണ്ടായത്.