

ഗോണ്ട (ഉത്തർപ്രദേശ്): ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് (ജെകെഎൻസി) മേധാവി ഫാറൂഖ് അബ്ദുള്ളയുടെ ഓപ്പറേഷൻ സിന്ദൂർ പരാമർശത്തിനെതിരെ കേന്ദ്രമന്ത്രി കീർത്തി വർധൻ സിംഗ് രൂക്ഷവിമർശനം നടത്തി. അദ്ദേഹം ദേശീയ താൽപ്പര്യം അവഗണിക്കുകയാണെന്നും സ്വാർത്ഥ രാഷ്ട്രീയത്തിൽ മുഴുകുന്ന നേതാക്കളിൽ നിന്ന് പൊതുജനങ്ങൾ അകന്നു നിൽക്കുമെന്നും ഫാറൂഖ് അബ്ദുള്ളയെ വിമർശിച്ചു കൊണ്ട് കീർത്തി വർധൻ സിംഗ് പറഞ്ഞു. (Kirti Vardhan Singh)
" ഓപ്പറേഷൻ സിന്ദൂരിൽ നമ്മുടെ ആളുകൾ മരിച്ചു. നമ്മുടെ അതിർത്തികളിൽ വിട്ടുവീഴ്ച ചെയ്തു. ഇരു രാജ്യങ്ങളും ബന്ധം മെച്ചപ്പെടുത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അതാണ് ഏക മാർഗം. സുഹൃത്തുക്കളെ മാറ്റാൻ കഴിയും, പക്ഷേ അയൽക്കാരെ മാറ്റാൻ കഴിയില്ല എന്ന് വാജ്‌പേയി ജി പറഞ്ഞത് ഞാൻ ആവർത്തിക്കാൻ ആഗ്രഹിക്കുന്നു" എന്ന് നേരത്തെ ഫാറൂഖ് അബ്ദുള്ള പറഞ്ഞിരുന്നു.
പലരും ദേശീയ താൽപ്പര്യം മനസ്സിൽ വയ്ക്കുന്നില്ല, അവരുടെ സ്വാർത്ഥ രാഷ്ട്രീയം എങ്ങനെ സജീവമായി നിലനിർത്താം എന്നതിലേക്ക് അവരുടെ കാഴ്ച്ചപ്പാട് പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ, പൊതുജനങ്ങൾ അവരെ നിരസിക്കുകയാണ്. രാജ്യത്തിന്റെ ശക്തിക്കും രാജ്യത്തിന്റെ ഭാവിക്കും വേണ്ടി ജനങ്ങൾ വോട്ട് ചെയ്യുമെന്ന് ബീഹാർ തിരഞ്ഞെടുപ്പ് വ്യക്തമാക്കിയിട്ടുണ്ടെന്ന് ഇതിനോട് പ്രതികരിച്ചുകൊണ്ട് കീർത്തി വർധൻ സിംഗ് പറഞ്ഞു.