
ന്യൂഡൽഹി: മിസ് ഇന്ത്യാ മത്സരത്തിൽ ദളിത്, ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവർ ഇതുവരെ ഉണ്ടായിട്ടില്ലെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തെ പരിഹസിച്ച് ബിജെപി. ബാലബുദ്ധിയില് നിന്നുമാണ് രാഹുലിന് ഇങ്ങനെ പറയാന്‍ സാധിക്കുന്നതെന്ന് റിജിജു പരിഹസിച്ചു. രാഹുല്‍ ഗാന്ധി ഫാക്ട് ചെക്ക് നടത്തണമെന്നും ഗോത്ര വിഭാഗത്തില്‍ നിന്നുമുള്ള ആദ്യത്തെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണെന്നും അദ്ദേഹം പറഞ്ഞു.
ദളിത്, ഗോത്ര, ഒബിസി വിഭാഗത്തില്‍പ്പെട്ട ഇന്ത്യയിലെ 90 ശതമാനം വരുന്ന ആളുകളും മുഖ്യധാരയുടെ ഭാഗമല്ലെന്നും ഉത്തര്‍പ്രദേശിലെ സംവിധാന്‍ സമ്മാന്‍ സമ്മേളനത്തില്‍ രാഹുൽ പറഞ്ഞു. ജാതി സെൻസസ് വേണമെന്ന ആവശ്യമുന്നയിച്ച രാഹുൽ ഗാന്ധി രാജ്യത്തെ 90 ശതമാനം വരുന്ന ജനതയുടെ പ്രാതിനിധ്യമില്ലാതെ രാജ്യത്തിന് ശരിയായവിധത്തിൽ മുന്നോട്ടുപോകാൻ സാധിക്കില്ലെന്നും പറഞ്ഞു. ചിലര്‍ ബോളിവുഡിനെക്കുറിച്ചും ക്രിക്കറ്റിനെക്കുറിച്ചും സംസാരിക്കും. എന്നാല്‍ ആരും ചെരുപ്പുകുത്തികളെക്കുറിച്ചോ പംബ്ലറെക്കുറിച്ചോ സംസാരിക്കില്ല. മാധ്യമ മേഖലയിലെ അവതാരകരില്‍ പോലും ഈ 90 ശതമാനം വരുന്ന വിഭാഗങ്ങളില്‍ നിന്നുള്ളവരല്ല. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, ബോളിവുഡ്, മിസ് ഇന്ത്യ തുടങ്ങിയവയില്‍ ഈ വിഭാഗത്തില്‍ നിന്നും എത്ര പേരുണ്ടെന്ന് അറിയണമെന്നാണ് അദ്ദേഹം പറഞ്ഞത്.