ക്ഷേത്രത്തില്‍ തങ്ങുന്നവർ കല്ലായി മാറും, അബദ്ധത്തില്‍ പോലും രാത്രിയിൽ ഈ ക്ഷേത്രത്തില്‍ ആരും പ്രവേശിക്കാറില്ല; രാജസ്ഥാനിലെ ശാപം പേറുന്ന കിരാഡു ക്ഷേത്രം | Kiradu temples

Kiradu temples
Published on

രാജസ്ഥാൻ, സംസ്കാരവും ചരിത്രവും കൊണ്ട് സമ്പന്നമായ ദേശം. അമ്പരപ്പിക്കുന്ന കൊട്ടാരങ്ങളും കോട്ടകളും മാത്രമല്ല ഇവിടയുള്ളത്, ആരെയും പേടിപ്പെടുത്തുന്ന നിഗൂഢ കഥകളുടെ പറുദീസ കൂടിയാണ് ഇവിടം. അത്തരത്തിൽ ആരെയും പേടിപ്പെടുത്തുന്നൊരു ക്ഷേത്രമുണ്ട് രാജസ്ഥാനത്തിൽ, കിരാഡു ക്ഷേത്രം (Kiradu temples). അതിമനോഹരമായ വാസ്തുവിദ്യയുടെയും അതോടൊപ്പം ശാപത്തിൻ്റെയും പേരിൽ ഈ ക്ഷേത്രസമുച്ചയം പ്രശസ്തമാണ്. സൂര്യൻ അസ്തമിച്ച് കഴിഞ്ഞാൽ പിന്നെ ഈ ക്ഷേത്രത്തിൽ ആരും തന്നെ തങ്ങാറില്ല. രാത്രിയിൽ മനുഷ്യർ ക്ഷേത്രത്തിൽ പ്രവേശിച്ചാൽ കല്ലായി മാറുമത്രേ. അബദ്ധത്തിൽ പോലും കിരാഡു ക്ഷേതരത്തിലേക്ക് ആരും തന്നെ പ്രവേശിക്കാറില്ല എന്നതാണ് വാസ്തവം.

രാജസ്ഥാനിലെ ബാർമർ ജില്ലയിലാണ് കിരാഡു ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത്. താർ മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന തകർന്ന ഒരുകൂട്ടം ഹൈന്ദവ ക്ഷേത്രങ്ങളാണ് കിരാഡു. 11-ാം നൂറ്റാണ്ടിനും 12-ാം നൂറ്റാണ്ടിനും ഇടയിലാണ് കിരാഡു ക്ഷേത്രങ്ങൾ നിർമ്മിച്ചത് എന്നാണ് കണക്കാക്കുന്നത്. ചൗലൂക്യ രാജാക്കന്മാരുടെ സാമന്തന്മാരാണ് ഈ ക്ഷേത്രം നിർമ്മിച്ചത് എന്നാണ് പറയപ്പെടുന്നത്. സോളങ്കി ശൈലിയിലുള്ള വാസ്തുവിദ്യ എന്നും അറിയപ്പെടുന്ന മാരു-ഗുർജാര ശൈലിയിലാണ് കിരാഡു ക്ഷേത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്. വടക്കേ ഇന്ത്യയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത് എങ്കിലും ദക്ഷിണേന്ത്യ ശൈലിയിൽ നിർമ്മിച്ച ക്ഷേത്ര ഘടനകളും കാണുവാൻ സാധിക്കും. കിരാഡു യഥാർത്ഥത്തിൽ കിരാതകുപ എന്നാണ് അറിയപ്പെട്ടിരുന്നത്.

അഞ്ച് ക്ഷേത്രങ്ങളുടെ ഒരു ശൃംഖലയാണ് കിരാഡു. അഞ്ചിൽ മൂന്ന് ക്ഷേത്രങ്ങളും പൂർണ്ണമായും തകർന്ന നിലയിലാണ്. വിഷ്ണു ക്ഷേത്രവും ശിവക്ഷേത്രവും മാത്രമാണ് ഇന്നും അധികം കേടുപാടുകൾ കൂടാതെ നിലനിൽക്കുന്നത്. സോമേശ്വര ശിവ ക്ഷേത്രത്തെയാണ് ഇന്നും നല്ല രീതിയിൽ സംരക്ഷിക്കപ്പെട്ടിട്ടുള്ളത്. കിരാഡു ക്ഷേത്രങ്ങൾക്ക് മറ്റൊരു വിശേഷണം കൂടി സ്വന്തമാണ്, രാജസ്ഥാനിലെ ഖജുരാഹോ എന്ന പേരിലും ഈ ക്ഷേത്രം പ്രസിദ്ധമാണ്. തകർന്ന ക്ഷേത്രങ്ങളിൽ ഉൾപ്പെടെ രാമായണ കഥാ സന്ദർഭങ്ങൾ, അപ്‌സരസ്സുകളുടെയും വ്യാളികളുടെയും രൂപങ്ങൾ അതിമനോഹരമായി കൊത്തിവച്ചിരിക്കുന്നത് കാണുവാൻ സാധിക്കുന്നതാണ്.

സന്യാസിയുടെ ശാപത്തിൽ കല്ലായി മാറിയ ഗ്രാമം

കിരാഡു ക്ഷേത്രത്തെ വിശ്വാസികൾക്കിടയിലും വിനോദസഞ്ചാരികൾക്ക് ഇടയിൽ പ്രസിദ്ധമാക്കിയത് ഒരു ശാപത്തിന്റെ കഥയാണ്. ക്ഷേത്രത്തിൽ രാത്രി സമയങ്ങളിൽ തങ്ങുന്നവർ കല്ലായി മാറുമെന്ന വിശ്വാസത്തിന് പിന്നിൽ ഒരു കഥയുണ്ട്, ഒരു സന്യാസിയുടെ ശാപത്തിന്റെ കഥ.

പണ്ട്, ഇവിടം ഭരിച്ചിരുന്ന പാർമർ രാജവംശത്തിലെ സോമേശ്വര രാജാവ് രാജ്യത്തിന്റെ അഭിവൃദ്ധിക്കായി ഒരു സന്യാസിയെയും അദ്ദേഹത്തിന്റെ ശിഷ്യരെയും രാജ്യത്തേക്ക് ക്ഷണിക്കുകയുണ്ടായി. രാജ്യത്ത് എത്തിയ സന്യാസി ശിഷ്യരോടൊപ്പം പൂജകൾ നടത്തുകയുണ്ടായി. ഒടുവിൽ സന്യാസി നടത്തിയ പൂജയുടെ ഫലമായി രാജ്യം അഭിവൃദ്ധി പ്രാപിക്കുകയുണ്ടായി. അങ്ങനെ, ഒരിക്കൽ സന്യാസി രാജ്യം വിട്ട് മറ്റെവിടേക്കോ യാത്ര പോകുന്നു. എന്നാൽ ഇങ്ങനെ യാത്രപോകുന്ന വേളയിൽ സന്യാസി അദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ ഒരാളോട് രാജ്യത്ത് തന്നെ തുടരുവാൻ ആവശ്യപ്പെടുന്നു. എന്നാൽ പെട്ടന്നായിരുന്നു ശിഷ്യനെ ഏതോ ഒരു രോഗം പിടിപെടുന്നത്. എന്നാൽ ശിഷ്യനെ ഗ്രാമവാസികൾ ആരും തിരിഞ്ഞുനോക്കിയില്ല. ശിഷ്യനെ സഹായിക്കാൻ മുന്നോട്ട് വന്നത് അവിടുത്തെ ഒരു ചുമട്ടുകാരന്റെ ഭാര്യ മാത്രമാണ്.

യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ സന്യാസി, തൻ്റെ ശിഷ്യനെ അവഗണിച്ച ഗ്രാമവാസികളുടെ മനുഷ്യത്വമില്ലായ്മയിൽ കോപാകുലനായി. സന്യാസി ഗ്രാമത്തെ ശപിച്ചു, "മനുഷ്യത്വമില്ലാത്ത മനുഷ്യരെ നിങ്ങൾ നശിച്ചുപോട്ടെ! സൂര്യാസ്തമയത്തിന് ശേഷം ഈ ഗ്രാമത്തിലെത്തുന്ന എല്ലാവരും കല്ലായി മാറും." എന്നാൽ ശിഷ്യനെ ശുശ്രൂഷിച്ച ചുമട്ടുകാരന്റെ ഭാര്യയെ മാത്രമാണ് ശാപത്തിൽ നിന്നും ഒഴിവാക്കിയത്. ആ സ്ത്രീയോട് തിരിഞ്ഞുനോക്കാതെ ഗ്രാമാതിർത്തി വൈകുന്നേരത്തിന് മുൻപേ കടക്കണമെന്ന് സന്യാസി ആവശ്യപ്പെടുന്നു. സന്യാസിയുടെ ശാപം പോലെ സൂര്യാസ്തമയത്തോടെ ഗ്രാമത്തിലുള്ളവരെല്ലാം കല്ലായി മാറി. സന്യാസി പറഞ്ഞത് പോലെ ആ സ്ത്രീ തിരിഞ്ഞു നോക്കാതെ നടന്നു, എന്നാൽ ഗ്രാമാതിർത്തി എത്തിയപ്പോൾ അവർ തിരിഞ്ഞു നോക്കി. അതോടെ ആ സ്ത്രീയും കല്ലായി മാറി.

ശാപം ഒരു കെട്ടുകഥയോ?

രാത്രിയിൽ ഇവിടേക്ക് ആരെങ്കിലും വന്നാൽ കല്ലായി മാറുമെന്നതിന് ശാസ്ത്രീയമായോ ചരിത്രപരമായോ തെളിവുകളൊന്നും തന്നെയില്ല. എന്നാൽ ഒരുഭാഗ്യ പരീക്ഷണത്തിന് ആരും തന്നെ മുതിരാറില്ല, അതിനാൽ തന്നെ ആരും രാത്രി ഇവിടെ തങ്ങാറില്ല. ഈ കഥ വെറുമൊരു നാടോടികഥ മാത്രമാണ് എന്ന് തെളിഞ്ഞിട്ടുണ്ടെങ്കിലും, സന്യാസിയുടെ ശാപത്തിന്റെ കഥ അറിഞ്ഞ് ഇവിടേക്ക് എത്തുന്ന സഞ്ചാരികൾ ഏറെയാണ്.

ജയ്‌സാൽമീറിൽ നിന്ന് ഏകദേശം 157 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടേക്ക് എത്തുവാൻ സാധിക്കുന്നതാണ്. വാസ്തുവിദ്യാ അത്ഭുതത്തിന്റെയും നിഗൂഢതയുടെയും മിശ്രിതമായ കിരാഡു ക്ഷേത്രം തീർച്ചയായും ചരിത്രപ്രേമികളും സാഹസിക സഞ്ചാരികളും ഒരു പോലെ കണ്ടിരിക്കേണ്ട ഒരിടമാണ്, അതും പകൽ സമയത്ത് മാത്രം.

Summary: The Kiradu Temples in Rajasthan’s Barmer district are a 11th–12th century architectural marvel built in the Solanki style, often called the “Khajuraho of Rajasthan.” According to legend, a sage cursed the village after his sick disciple was neglected, declaring that anyone who stayed there after sunset would turn to stone.

Related Stories

No stories found.
Times Kerala
timeskerala.com