ന്യൂഡൽഹി: 27 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരടക്കം അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടികളില്ലാത്ത ദമ്പതികൾക്ക് കൈമാറാൻ വേണ്ടിയാണ് സംഘം കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്.(Kidnapping of 27-day-old baby, 5 people arrested)
തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്ത മായ (സൂത്രധാര), കുഞ്ഞിനെ സ്വീകരിച്ച ദമ്പതികളായ ശുഭ് കരൺ, സന്യോഗിത എന്നിവരും പ്രായപൂർത്തിയാകാത്ത രണ്ട് പേരുമാണ് പിടിയിലായത്.
ഒക്ടോബർ 8-നാണ് തിലക് നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ സുഭാഷ് നഗറിലെ പസഫിക് മാളിന് സമീപത്തുനിന്ന് 27 ദിവസം പ്രായമുള്ള കുഞ്ഞിനെ കാണാതായത്. ഡൽഹിയിലെ ഉത്തം നഗറിലെ ഒരു വീട്ടിലെ ജോലിക്കാരിയായ മായയാണ് തട്ടിക്കൊണ്ടുപോകലിലെ സൂത്രധാര.
കുട്ടികളില്ലാത്ത ദമ്പതികൾക്ക് കൈമാറാൻ വേണ്ടിയാണ് മായയുടെ നേതൃത്വത്തിൽ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. മാതാപിതാക്കളിൽ നിന്ന് കുഞ്ഞിനെ തട്ടിയെടുക്കാൻ പ്രായപൂർത്തിയാകാത്ത രണ്ട് പേർക്ക് 20,000 രൂപയും നൽകി.
തട്ടിക്കൊണ്ടുവന്ന കുട്ടിയെ മായ തൻ്റെ അയൽവാസികളായ ശുഭ് കരണും ഭാര്യ സന്യോഗിതയ്ക്കും കൈമാറുകയായിരുന്നു. വിവാഹം കഴിഞ്ഞ് ഏറെക്കാലത്തിന് ശേഷവും കുട്ടികൾ ഇല്ലാത്തതിനാലാണ് ഇവർ ശിശുവിനെ തട്ടിക്കൊണ്ട് വരാൻ പദ്ധതിയിട്ടത്.
കുട്ടിയെ കണ്ടെത്താനായി പോലീസ് 200-ൽ അധികം സി.സി.ടി.വി. ക്യാമറകളാണ് അരിച്ചുപെറുക്കിയത്. തട്ടിക്കൊണ്ടുപോയവർ ഉപേക്ഷിച്ച വാഹനം തെക്ക് പടിഞ്ഞാറൻ ഡൽഹിയിലെ നരേനയിലെ ഒരു ജനവാസ മേഖലയിൽ നിന്ന് കണ്ടെത്തി.
ഇതിൽ നിന്നാണ് മറ്റൊരു കേസിൽ ജയിലിൽ കഴിയുന്ന വികാസിലേക്ക് പോലീസ് എത്തിയത്. മോഷ്ടിച്ച ഇരുചക്ര വാഹനം വികാസാണ് അനിലിന് നൽകിയത്. അനിലാണ് പ്രായപൂർത്തിയാകാത്ത പ്രതികൾക്ക് വാഹനം കൈമാറിയത്. കസ്റ്റഡിയിലെടുത്ത കൗമാരക്കാരനെ ചോദ്യം ചെയ്തതിലൂടെ ഗൂഢാലോചന വ്യക്തമാവുകയായിരുന്നുവെന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ദരാജേ ഷാരദ് ഭാസ്കർ വിശദീകരിച്ചു. പോലീസ് കണ്ടെത്തിയ കുട്ടിയെ തിരികെ മാതാപിതാക്കളെ ഏൽപ്പിച്ചു.