പട്ന: ബിഹാറിലെ മുംഗേർ ജില്ലയിലുണ്ടായ ഭൂമി തർക്കത്തിനിടെ രണ്ട് സഹോദരങ്ങൾ പരസ്പരം കുത്തിക്കൊന്നു (Double Homicide). ഖപ്ര ഗ്രാമത്തിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ശൈലേഷ് കുമാർ, മുകേഷ് കുമാർ എന്നിവരാണ് മരിച്ചത്. വീട്ടിലേക്കുള്ള വഴിക്കായി സ്ഥലം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് സഹോദരങ്ങൾക്കിടയിൽ ദീർഘകാലമായി നിലനിന്നിരുന്ന തർക്കമാണ് രക്തച്ചൊരിച്ചിലിൽ കലാശിച്ചത്.
വർഷങ്ങൾക്ക് മുമ്പ് തന്നെ നാല് സഹോദരങ്ങൾ തമ്മിൽ സ്വത്ത് ഭാഗം വെച്ചിരുന്നെങ്കിലും, മൂത്ത സഹോദരനായ മുകേഷും ഇളയ സഹോദരൻ ശൈലേഷും തമ്മിൽ വഴിയെച്ചൊല്ലി നിരന്തരം കലഹമുണ്ടായിരുന്നു. ചൊവ്വാഴ്ചയും ഇതേ വിഷയത്തിൽ തർക്കം തുടങ്ങുകയും അത് അക്രമാസക്തമാകുകയുമായിരുന്നു. പ്രകോപിതരായ ഇരുവരും കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് പരസ്പരം ആക്രമിച്ചു. വയറിലും മുഖത്തും ഗുരുതരമായി കുത്തേറ്റ ശൈലേഷ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മുകേഷിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു.
സംഭവസ്ഥലത്തെത്തിയ എസ്‌ഡിപിഒ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും എഫ്എസ്എൽ വിദഗ്ധരും തെളിവുകൾ ശേഖരിച്ചു. ഒരേ വീട്ടിലെ രണ്ട് പേർ ഒരേസമയം കൊല്ലപ്പെട്ടതോടെ ഗ്രാമം മുഴുവൻ ഭീതിയിലായിരിക്കുകയാണ്. കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയതായും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.
A long-standing land dispute between two brothers in Bihar's Munger district took a tragic turn on Tuesday, resulting in both their deaths. Shailesh Kumar and Mukesh Kumar of Khapra village reportedly stabbed each other during a heated argument over leaving land for a pathway. While Shailesh died on the spot, Mukesh succumbed to his injuries on the way to the hospital. Local police and forensic teams have collected evidence from the scene, and a formal investigation is underway.