
മധ്യപ്രദേശിലെ ചത്താപൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഹൈന്ദവ, ജൈന ക്ഷേത്രങ്ങളുടെ ഒരു കൂട്ടമാണ് ഖജുരാഹോ ഗ്രൂപ്പ് ഓഫ് മോണുമെന്റ്സ് (Khajuraho Group of Monuments). വാരണാസിക്ക് പടിഞ്ഞാറും ഗംഗ നദിക്ക് തെക്കുമായി സ്ഥിതിചെയ്യുന്ന ബുന്ദേൽഖണ്ഡ് വനാന്തരങ്ങൾക്ക് നടുവിലാണ് ഖജുരാഹോ സ്ഥിതിചെയ്യുന്നത്. നാഗര ശൈലിയിലുള്ള വാസ്തുവിദ്യാ പ്രതീകാത്മകതയ്ക്കും ചില ലൈംഗിക ശില്പങ്ങൾക്കും ഈ ക്ഷേത്രം വളരെ പ്രശസ്തമാണ്. ചന്ദേല രാജവംശത്തിന്റെ കാലത്തിലാണ് ഇവിടുത്തെ ക്ഷേത്രങ്ങൾ പണിതീർത്തുകുന്നത്.
പന്ത്രണ്ടാം നൂറ്റാണ്ടിൽ ഇവിടെ 85 ക്ഷേത്രങ്ങൾ ഉണ്ടായിരുന്നുവെന്നും അവ 20 ചതുരശ്ര കിലോമീറ്റർ (7.7 ചതുരശ്ര മൈൽ) വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നുണ്ടെന്നും ചരിത്രരേഖകൾ സൂചിപ്പികുന്നു. എന്നാൽ, ഇന്ന് ഇവിടെ നിലനിന്നു പോരുന്നത് ആറ് ചതുരശ്ര വിസ്തൃതിയിലുള്ള ഇരുപത്തിയഞ്ചു ക്ഷേത്രങ്ങൾ മാത്രമാണ്. ഇന്ത്യയിലെ തന്നെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഇവിടം. കൂടാതെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലും ഈ ക്ഷേത്ര സമുച്ചയം ഇടംപിടിച്ചിട്ടുണ്ട്. എഴു നൂറ്റാണ്ടുകളോളം വനത്തിനുള്ളിലായി വിസ്മയത്തോടെ ഒളിഞ്ഞു കിടന്നിരുന്ന ഈ ക്ഷേത്രങ്ങത്തെ ക്യാപ്റ്റൻ ടി എസ് ബർട്ട് എന്ന ബ്രിട്ടിഷുകാരനാണ് 1838 ൽ പുറംലോകത്തേക്കുകൊണ്ടു വന്നത്. ഖജുരാഹോയെയും അതിലെ ക്ഷേത്രങ്ങളെയും കുറിച്ചുള്ള ആദ്യ പരാമർശം അബു റഹ്യാൻ അൽ ബിറൂണി (CE 1022), ഇബ്നു ബത്തൂത്ത (CE 1335) എന്നിവരുടെ വിവരണങ്ങളിലാണ്.
പത്താം നൂറ്റാണ്ട് മുതൽ പതിനാലാം നൂറ്റാണ്ട് വരെ മധ്യ ഇന്ത്യ ഭരിച്ചിരുന്നത് ചന്ദേല സാമ്രാജ്യമായിരുന്നു. കലയിലും വാസ്തുവിദ്യയിലും ഉള്ള താൽപ്പര്യത്തിന് ചന്ദേലകൾ പ്രശസ്തരായിരുന്നു. ശൈവമതത്തിന്റെ അനുയായികളാണെങ്കിലും, ചന്ദേലർ വൈഷ്ണവമതത്തിലേക്കും ജൈനമതത്തിലേക്കും ചായിവുള്ളവരായും പറയപ്പെടുന്നു.
ക്ഷേത്രങ്ങളിലെ കൊത്തുപണികൾ പ്രധാനമായും ഹിന്ദു ദേവതകളെയും പുരാണങ്ങളെയും പ്രതിപാദിക്കുന്നവയാണ്. ക്ഷേത്രങ്ങളിലെ വാസ്തുവിദ്യാ ശൈലി ഹൈന്ദവ പാരമ്പര്യങ്ങളെ പിന്തുടരുന്ന നിലയിലാണ് പണിതീർത്തിരിക്കുന്നത്. ക്ഷേത്രങ്ങളിലെ കൊത്തുപണികൾ ഹിന്ദുമതത്തിലെ ജീവിതത്തിന്റെ നാല് ലക്ഷ്യങ്ങളായ ധർമ്മം, കാമം, അർത്ഥം, മോക്ഷം എന്നിവയെ പ്രതിഫലിപ്പിക്കുന്നു.
ഇവിടുത്തെ മഹാദേവ ക്ഷേത്രം സങ്കീർണ്ണമായ വിശദാംശങ്ങൾ, പ്രതീകാത്മകത, പുരാതന ഇന്ത്യൻ കലയുടെ ആവിഷ്കാരക്ഷമത എന്നിവയുള്ള നിരവധി ശിൽപങ്ങൾ കൊണ്ട് ക്ഷേത്രം അലങ്കരിച്ചിട്ടിട്ടുണ്ട്. ഹൈന്ദവ ജൈന വിശ്വാസങ്ങൾക്ക് സമർപ്പിച്ചിരിക്കുന്ന ഇവിടുത്തെ ക്ഷേത്രങ്ങൾ വൈവിധ്യമാർന്ന മത വീക്ഷണങ്ങളെ ഒരുപോലെ ആദരിക്കുന്നതിന്റെ സൂചനയാണ്. പുരാതന സംസ്‌കൃതത്തിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന പേരാണ് ഖജുരാഹോ അഥവാ ഖർജുരാഹാക എന്നത്. കല്ലുകളില്‍ കവിതയും പ്രണയവും സ്‌നേഹവും ഒക്കെ കൊത്തി ജീവന്‍ തുടിക്കുന്ന ശില്പങ്ങളാക്കി മാറ്റാം എന്ന് മാതൃക കാണിച്ച ഇടമാണ് ഖജുരാഹോ. ഇതിൽ 90% ശിലകളും പുരാതനകാലത്ത് ജീവിച്ചിരുന്ന സാധാരണക്കാരുടെ ജീവിതം തന്നേയാണ് കാട്ടുന്നത്. കുശവന്മാരുടെയും സംഗീതജ്ഞരുടെയും കര്‍ഷകരുടെയും സ്ത്രീകളുടെയും ശില്‍പങ്ങള്‍ ഈ ശിലാകൂട്ടത്തിൽ കാണാൻ സാധിക്കും. ക്ഷേത്രത്തിലെ ശിലാവിഷ്കാരങ്ങളെ കാണാനായി ധാരാളം സഞ്ചാരികളാണ് ഇവിടേക്ക് എത്തിച്ചേരുന്നത്.