Nuns : 9 ദിവസത്തെ ക്രൂരതയ്ക്ക് ശേഷം മാലാഖമാർ ജയിലിന് പുറത്തേക്ക്: പോലീസ് സംരക്ഷണയിൽ മഠത്തിലേക്ക്, ബജ്‌രംഗ്ദളിനെതിരെ പരാതി നൽകി പെൺകുട്ടികൾ

നിലവിൽ ഇവർ മദർ സുപ്പീരിയറിനോടൊപ്പം മഠത്തിലേക്ക് പോവുകയാണ്.
Nuns : 9 ദിവസത്തെ ക്രൂരതയ്ക്ക് ശേഷം മാലാഖമാർ ജയിലിന് പുറത്തേക്ക്: പോലീസ് സംരക്ഷണയിൽ മഠത്തിലേക്ക്, ബജ്‌രംഗ്ദളിനെതിരെ പരാതി നൽകി പെൺകുട്ടികൾ
Published on

റായ്പൂർ : മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീകൾ ഒടുവിൽ പുറത്തേക്ക്. ഇവർക്ക് ബിലാസ്പൂർ എൻ ഐ എ കോടതിയാണ് ജാമ്യം നൽകിയത്. നിലവിൽ ഇവർ മദർ സുപ്പീരിയറിനോടൊപ്പം മഠത്തിലേക്ക് പോവുകയാണ്.(Kerala Nuns get bail in Chhattisgarh)

യാത്ര പോലീസ് സംരക്ഷണയിലാണ്. ഇവരെ ബി ജെ പി സംസ്ഥാന അധ്യക്ഷനായ രാജീവ് ചന്ദ്രശേഖർ, എം പി ജോൺ ബ്രിട്ടാസ് എന്നിവരെത്തി കാണുകയും സംസാരിക്കുകയും ചെയ്‌തിരുന്നു. ഇത് മനുഷ്യക്കടത്തല്ലെന്ന് പെൺകുട്ടികളുടെ മാതാപിതാക്കൾ സത്യവാങ്മൂലം നൽകിയെന്ന് ജാമ്യ ഉത്തരവിൽ പറയുന്നു.

കുട്ടിക്കാലം മുതൽ പെൺകുട്ടികൾ ക്രിസ്തുമതത്തിൽ വിശ്വസിക്കുന്നവർ ആണെന്നും, കന്യാസ്ത്രീകളെ തുടർന്നും കസ്റ്റഡിയിൽ വയ്‌ക്കേണ്ട ഒരു തെളിവും ഹാജരാക്കാൻ അന്വേഷണ ഏജൻസിക്ക് കഴിഞ്ഞില്ലെന്നും കോടതി വിലയിരുത്തി. അവർക്ക് സാധരണ ജാമ്യത്തിന് അർഹതയുണ്ടെന്ന് നിരീക്ഷിച്ച കോടതി, അത് കേസിൻ്റെ മെറിറ്റിനെക്കുറിച്ചുള്ള വിലയിരുത്തലായി കണക്കാക്കരുതെന്നും കൂട്ടിച്ചേർത്തു.

ഉപാധികളോടെയാണ് കന്യാസ്ത്രീകൾക്ക് ജാമ്യം നൽകിയിരിക്കുന്നത്. ഇവർക്ക് മൂന്ന് സാധാരണ ഉപാധികളോടെയാണ് ബിലാസ്പുർ എൻ ഐ എ കോടതി ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ആൾജാമ്യം, പാസ്പോർട്ട് സറണ്ടർ ചെയ്യണം, രാജ്യം വിട്ട് പോകാൻ പാടില്ല എന്നിവയാണ് അത്.

മാധ്യമങ്ങളോട് കേസിനെക്കുറിച്ച് പ്രസ്താവനകൾ നടത്തുന്നതിന് കന്യാസ്ത്രീകൾക്ക് വിലക്കുണ്ട്. രണ്ടാഴ്ചയിലൊരിക്കൽ ഹാജരാകണമെന്നും, സംശയത്തിൻ്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തതെന്നും ഉത്തരവിൽ പറയുന്നു. അതേസമയം, ജാമ്യവാർത്ത പുറത്തുവന്നതും പ്രതിപക്ഷ എം പിമാർ മധുരവിതരണം നടത്തി ആഘോഷിച്ചു. ജോൺ ബ്രിട്ടാസ്, ജോസ് കെ മാണി, പി. സന്തോഷ് കുമാർ, ജെബി മേത്തർ എന്നീ എം പിമാരും, ചാണ്ടി ഉമ്മൻ എംഎൽഎ, റോജി എം ജോൺ എന്നിവരും സ്ഥലത്തുണ്ടായിരുന്നു.

അതേസമയം, ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്ന് പെൺകുട്ടികളും ബജ്‌രംഗ്‌ദൾ നേതാവായ ജ്യോതി ശർമ്മയ്‌ക്കെതിരെ പരാതി നൽകി . ഭീഷണിപ്പെടുത്തൽ, കയ്യേറ്റം ചെയ്യൽ, തടഞ്ഞുവെക്കൽ എന്നിവ ഉന്നയിച്ചാണ് നാരായൺപുർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.

Related Stories

No stories found.
Times Kerala
timeskerala.com