ന്യൂഡൽഹി : മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്ത സംഭവത്തിൽ ജയിലിൽ എത്തി അവരെ സന്ദർശിച്ച് പ്രതിപക്ഷ എം പിമാർ. ബജ്‌രംഗ്ദൾ പ്രവർത്തകർ അവർക്ക് നേരെ വളരെ അപമര്യാദയായി ആണ് പെരുമാറിയതെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു.(Kerala Nuns arrested in Chhattisgarh)
ദുർഗ് സെൻട്രൽ ജയിലിൽ എത്തി അവരെ സന്ദർശിച്ചത് എൻ കെ പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ്, ബെന്നി ബഹന്നാൻ എന്നീ എം പിമാരാണ്. കന്യാസ്ത്രീകളുടെ ബന്ധുവായ വ്യക്തിയും ഒപ്പമുണ്ടായിരുന്നു. പ്രതിഷേധങ്ങൾക്കൊടുവിലാണ് അവരെ കാണാൻ അവസരം ലഭിച്ചത് എന്നാണ് എം പിമാർ പറയുന്നത്. നാടകീയ രംഗങ്ങളാണ് അവിടെ അരങ്ങേറിയത്.
ആദ്യം ജയിൽ അധികൃതർ ഉച്ചയ്ക്ക് 12.30 നും 12.40നും ഇടയിൽ കന്യാസ്ത്രീകളെ കാണാൻ സമയം അനുവദിച്ചിരുന്നു. എന്നാൽ, പിന്നീട് ഇത് നിഷേധിച്ചു. കന്യാസ്ത്രീകൾ പറയുന്നത് വേദനാജനകമായ കാര്യങ്ങൾ ആണെന്നും, രേഖകളെല്ലാം കയ്യിലുണ്ടായിരുന്നിട്ടും ദുരനുഭവം ഉണ്ടായെന്നും അവർ കൂട്ടിച്ചേർത്തു. ഒരു പ്രകോപനവുമില്ലാതെയാണ് ബജ്‌രംഗ്ദൾ പ്രവർത്തകർ ആക്രമണം നടത്തിയതെന്നാണ് ബെന്നി ബഹന്നാൻ എം പി പറഞ്ഞത്.
അതേസമയം, അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്‌ത കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി. ഇരുവരും ദുർഗിലെ സെൻട്രൽ ജയിലിൽ തന്നെ തുടരും. ഇനി ജാമ്യാപേക്ഷ സംബന്ധിച്ച നടപടികൾ സെഷൻ കോർട്ടിലേക്കാണ് എത്തുന്നത്. സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നാരായൺപൂർ ജില്ലയിലെ 18 നും 19 നും ഇടയിൽ പ്രായമുള്ള 3 പെൺകുട്ടികളുമായി പോകുന്ന അവസരത്തിലാണ് ബജ്‌രംഗ്‌ദൾ പ്രവർത്തകർ ഇവരെ തടഞ്ഞു വച്ചത്.