റായ്പൂർ : ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം നിഷേധിച്ച നടപടിയിൽ പ്രതികരിച്ച് ബന്ധുക്കൾ. അവർ ഒരു തെറ്റും ചെയ്യാത്തവർ ആണെന്നും, ഇങ്ങനെ ശിക്ഷിക്കുന്നത് കാണുമ്പോൾ വളരെയധികം വിഷമം ഉണ്ടെന്നുമാണ് അവർ പറഞ്ഞത്. (Kerala Nuns arrested in Chhattisgarh)
സിസ്റ്റർമാരായ വന്ദന ഫ്രാൻസിസ്, പ്രീതി മേരി എന്നിവരെ മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് ജയിലിൽ അടച്ചിട്ട് 6 ദിവസമാവുകയാണ്. സത്യം തെളിയുമെന്നാണ് പ്രതീക്ഷയെന്നും, ബജ്‌രംഗ്ദൾ അവരുടെ ജോലി ചെയ്യട്ടെയെന്നും ബന്ധുക്കൾ പ്രതികരിച്ചു.
മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ സെഷൻസ് കോടതി പരിഗണിച്ചില്ല. ജാമ്യാപേക്ഷ പരിഗണിക്കാൻ അധികാരമില്ലെന്നാണ് കോടതി അറിയിച്ചത്. അപേക്ഷ ബിലാസ്പൂർ എൻ ഐ എ കോടതിയിലേക്ക് മാറ്റി. ഇതോടെ ഇവർ ജയിലിൽ തുടരേണ്ടി വരും. അതേസമയം, കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ജാമ്യം നൽകരുതെന്ന ആവശ്യവുമായി കോടതിക്ക് മുന്നിൽ ജ്യോതി ശർമ്മയടക്കമുള്ള ബജ്‌രംഗ്ദൾ പ്രവർത്തകർ പ്രതിഷേധിച്ചു.
നാടകീയ രംഗങ്ങളാണ് ഇവിടെ അരങ്ങേറിയത്. ഇന്ന് സെഷൻസ് കോടതി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന അവസരത്തിലാണ് പ്രതിഷേധം നടന്നത്. മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് ഇവരെത്തിയത്.