ന്യൂഡൽഹി: കേരളത്തിലെ സർവകലാശാലാ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ നിലനിൽക്കുന്ന തർക്കത്തിൽ സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ. കേരളത്തിലെ രണ്ട് സർവകലാശാലകളിലേക്കുള്ള വിസിമാരെ തിരഞ്ഞെടുക്കുന്നതിനായി ജസ്റ്റിസ് സുധാംഷു ധൂലിയക്ക് സുപ്രീം കോടതി നിർദേശം നൽകി.(Kerala government-Governor dispute and VC appointment, Supreme Court issues crucial order)
ജസ്റ്റിസുമാരായ ജെ.ബി. പാർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നിയമനം തേടുന്ന സർവകലാശാലകൾ കേരള ഡിജിറ്റൽ സർവ്വകലാശാല, സാങ്കേതിക സർവ്വകലാശാല എന്നിവയാണ്. മുൻഗണനാക്രമത്തിലുള്ള വിസിമാരുടെ പേരുകൾ അടങ്ങിയ ശുപാർശ മുദ്രവച്ച കവറിൽ അടുത്ത ബുധനാഴ്ച സുപ്രീം കോടതിക്ക് കൈമാറാൻ ജസ്റ്റിസ് സുധാംഷു ധൂലിയയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ ശുപാർശയുടെ അടിസ്ഥാനത്തിലായിരിക്കും വിസി നിയമനം നടത്തുകയെന്നും കോടതി വ്യക്തമാക്കി. സാങ്കേതിക സർവ്വകലാശാല വിസിയായി ഡോ. സിസ തോമസിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് സർക്കാരും ഗവർണറും തമ്മിലുള്ള ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് കോടതിയുടെ ഈ ഇടപെടൽ.
ജസ്റ്റിസ് ധൂലിയയുടെ ശുപാർശക്ക് മുൻഗണന ലഭിക്കാനാണ് സാധ്യത. ഈ നിയമന നടപടികൾ അടുത്ത വ്യാഴാഴ്ചയോടെ പൂർത്തിയാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിൽ, സാങ്കേതിക സർവ്വകലാശാല വിസിയായി സിസ തോമസിനെയും ഡിജിറ്റൽ സർവ്വകലാശാല വിസിയായി ഡോ. പ്രിയ ചന്ദ്രനെയും നിയമിക്കാനാണ് ഗവർണറുടെ ശുപാർശ. എന്നാൽ, സിസ തോമസിന്റെ പേര് ശുപാർശ ചെയ്യാൻ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് സംസ്ഥാന സർക്കാർ