
ന്യൂഡൽഹി: സുപ്രീംകോടതി ജാമ്യം ലഭിച്ചതിനെ തുടർന്ന് ജയിൽമോചിതനായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അന്തരിച്ച സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അന്ത്യോപചാരമർപ്പിക്കാൻ വരും. സി.പി.എം ആസ്ഥാനമായ എ.കെ.ജി ഭവനിലായിരിക്കും കെജ്രിവാൾ അന്ത്യോപചാരമർപ്പിക്കാനെത്തുക. സീതാറാം യെച്ചൂരിയുമായി വളരെ അടുത്ത ബന്ധം പുലർത്തിയ അരവിന്ദ് കെജ്രിവാൾ ജയിലിൽനിന്നിറങ്ങിയ ശേഷമുള്ള ആദ്യ പരിപാടികൂടിയാകുമിത്.
യെച്ചൂരിയുടെ ഭൗതിക ശരീരം ശനിയാഴ്ച വൈകുന്നേരമാണ് വൈദ്യശാസ്ത്ര വിദ്യാർഥികൾക്ക് പഠനത്തിനായി ഡൽഹി എയിംസിന് കൈമാറുന്നത്. യെച്ചൂരിയുടെ ആഗ്രഹപ്രകാരമാണ് തീരുമാനം. ശനിയാഴ്ച രാവിലെ 10 മണിക്ക് സി.പി.എം കേന്ദ്ര കമ്മിറ്റി ഓഫിസായ എ.കെ.ജി ഭവനിൽ ഭൗതിക ശരീരമെത്തിക്കും. 11 മണിമുതൽ മൂന്ന് മണി വരെ ഇവിടെ പൊതുദർശനത്തിന് വെക്കും. പാർട്ടിയുടെ അന്ത്യോപചാര പരിപാടികൾ കഴിഞ്ഞതിനുശേഷം വിലാപയാത്രയായി എയിംസിലെത്തിച്ച് മൃതദേഹം കൈമാറും. യെച്ചൂരിയുടെ മാതാവ് കൽപകത്തിന്റെ മൃതദേഹവും എയിംസിന് കൈമാറിയിരുന്നു. 2021ലായിരുന്നു അവർ മരിച്ചത്.