'ഞാന്‍ ഒന്നുംചെയ്തില്ലല്ലോ. നിങ്ങള്‍ എന്തിനാണ് എന്നെ ലക്ഷ്യംവെക്കുന്നത്?'- കയാദു ലോഹര്‍, നെഗറ്റീവ് പ്രചാരണങ്ങള്‍ക്ക് മറുപടി | Kayadu Lohar

എന്ത് തെറ്റാണ് താന്‍ ചെയ്തതെന്ന് അറിയില്ല ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടി കയാദു ലോഹര്‍
kayadu
Published on

തനിക്കെതിരേ പ്രചരിച്ച നെഗറ്റീവ് കമന്റുകളില്‍ പ്രതികരിച്ച് നടി കയാദു ലോഹര്‍. മോശം പ്രചാരണങ്ങള്‍ തന്നെ ബുദ്ധിമുട്ടിക്കുന്നുവെന്ന് നടി പറഞ്ഞു. എന്ത് തെറ്റാണ് താന്‍ ചെയ്തതെന്ന് അറിയില്ലെന്നും ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞു. തമിഴ്‌നാടിന്റെ മദ്യവില്‍പ്പന സ്ഥാപനമായ ടാസ്മാക്കിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് നടിയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനോടുള്ള പരോക്ഷപ്രതികരണമായാണ് നടിയുടെ വാക്കുകള്‍ വിലയിരുത്തപ്പെടുന്നത്. (Kayadu Lohar)

ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യംചെയ്യുന്നത് അത്ര എളുപ്പമല്ലെന്ന് പറഞ്ഞ് സംസാരിക്കാന്‍ തുടങ്ങിയ നടി, വികാരാധീനയാവുകയും വിതുമ്പുകയും ചെയ്തു. ബുദ്ധിമുട്ടുണ്ടെങ്കില്‍ തുടരേണ്ടെന്ന് അവതാരക പറഞ്ഞപ്പോള്‍, തനിക്കതിനെക്കുറിച്ച് സംസാരിക്കണം എന്ന് പറഞ്ഞാണ് കയാദു തുടര്‍ന്നത്.

'ഞാന്‍ ഒരുപാടുനാളായി ഇതിനെക്കുറിച്ച് ചിന്തിക്കുന്നു. ഞാന്‍ അത്തരമൊരു പശ്ചാത്തലത്തില്‍നിന്ന് വരുന്ന ആളല്ല, ഇതെനിക്ക് പുതിയതാണ്. ആളുകള്‍ എന്നെക്കുറിച്ച് ഇപ്പോള്‍ സംസാരിക്കുന്ന കാര്യങ്ങള്‍ എന്നെ ഇത്രയധികം ബാധിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. ഉറങ്ങാന്‍ കിടക്കുമ്പോഴെല്ലാം, ആളുകള്‍ എന്നെക്കുറിച്ച് ഇങ്ങനെയാണ് ചിന്തിക്കുന്നതെന്ന് ഓര്‍ക്കുന്നത് വളരേ ബുദ്ധിമുട്ടിക്കുന്നു. കാരണം ഞാന്‍ ഒരിക്കലും മറ്റൊരാളെക്കുറിച്ചും ഇങ്ങനെ ചിന്തിക്കാറില്ല. ഞാന്‍ ആകെ ചെയ്തത്, ആളുകളോട് നല്ല രീതിയില്‍ പെരുമാറി എന്നതുമാത്രമാണ്. ഞാന്‍ എന്റെ സ്വപ്‌നങ്ങളെ പിന്തുടരുകയായിരുന്നു. എന്തുതെറ്റാണ് ഞാന്‍ ചെയ്തതെന്ന് എനിക്കറിയില്ല'- കയാദു ലോഹര്‍ പറഞ്ഞു.

'ഇത്തരം കമന്റുകള്‍ വായിക്കുന്നതും ആളുകള്‍ അതിനെക്കുറിച്ച് സംസാരിക്കുന്നത് കാണുന്നതും എളുപ്പമല്ല. എന്റെ ഒരേയൊരു ചോദ്യം, എന്തിന് എന്നതാണ്. ഞാന്‍ ഒന്നുംചെയ്തില്ലല്ലോ. നിങ്ങള്‍ എന്തിനാണ് എന്നെ ലക്ഷ്യംവെക്കുന്നത്? എനിക്കത് ശരിയായി വിശദീകരിക്കാന്‍ കഴിയുന്നില്ല, ഈയിടെയായി എന്നെയത് വല്ലാതെ ബാധിക്കുന്നുണ്ട്. ഞാനതില്‍ ഓക്കേയല്ല', നടി വ്യക്തമാക്കി.

'നിങ്ങള്‍ സംസാരിക്കുന്നത് ഒരു 'യഥാര്‍ഥ' വ്യക്തിയെക്കുറിച്ചാണ്. അതുകൊണ്ട് ആളുകളോട് കുറച്ചുകൂടി ദയ കാണിക്കുക. ഇത്തരം കാര്യങ്ങള്‍ ആ വ്യക്തി വായിച്ചാല്‍ അവര്‍ക്ക് വിഷമമാകുമെന്ന് ചിന്തിക്കുകയും ചെയ്താല്‍ കുറച്ചുകൂടി നല്ലതായിരിക്കും', കയാദു അഭിപ്രായപ്പെട്ടു.

'പക്ഷേ, അതിനര്‍ഥം ഇത് എന്നെ തകര്‍ക്കുമെന്നല്ല. ഞാന്‍ തലയുയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോവും. എന്റെ ജോലിചെയ്യും. എത്രയധികം വെറുപ്പോ സ്‌നേഹമോ ലഭിച്ചാലും ഞാന്‍ നിര്‍വികാരതയോടെ സ്വീകരിക്കും. സ്‌നേഹത്തോട് നന്ദിയുള്ളവളായിരിക്കും, പക്ഷേ വെറുപ്പിനെ നിര്‍വികാരമായി തന്നെ സ്വീകരിക്കും. തുടര്‍ന്നും മുന്നോട്ടുപോവും. ഞാന്‍ കരഞ്ഞേക്കാം, മോശം ദിവസങ്ങള്‍ ഉണ്ടായേക്കാം. ഞാന്‍ അതിലൂടെ കടന്ന്, മുന്നോട്ടുതന്നെ പോവും. തോറ്റുപിന്മാറുക എന്നത് എനിക്കൊരു ഓപ്ഷനല്ല', കയാദു കൂട്ടിച്ചേര്‍ത്തു.

ടാസ്മാക് ക്രമക്കേടില്‍ സംശയമുനയിലുള്ള വ്യക്തികളുടെ സ്ഥാപനം നടിക്ക് 35 ലക്ഷം രൂപ നല്‍കിയതായി ഇഡി കണ്ടെത്തിയെന്നായിരുന്നു റിപ്പോര്‍ട്ട്. പണം കൈമാറിയതിന്റെ രേഖകള്‍ ഇഡി കണ്ടെടുത്തിരുന്നു. നിശാവിരുന്നുകളില്‍ പങ്കെടുക്കുന്നതിനുള്ള പ്രതിഫലമാണ് തുകയെന്നാണ് പറയപ്പെട്ടത്.

അസം സ്വദേശിയായ കയാദു ലോഹര്‍ 'ഡ്രാഗണ്‍' എന്ന സിനിമയിലൂടെയാണ് തമിഴില്‍ ശ്രദ്ധേയയായത്. 'പത്തൊമ്പതാം നൂറ്റാണ്ട്', 'ഒരുജാതി ജാതകം' എന്നീ മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ടൊവിനോ തോമസ് നായകനായ 'പള്ളിച്ചട്ടമ്പി'യാണ് വരാനിരിക്കുന്ന മലയാളചിത്രം.

Related Stories

No stories found.
Times Kerala
timeskerala.com