ബെംഗളൂരു : കർണാടകയിൽ കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ലിനെ അറസ്റ്റ് ചെയ്തത് ഇഡി. ഇരുമ്പയിര് കയറ്റുമതി കേസിലാണ് എംഎൽഎയെ അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 13ന് എംഎൽഎയുടെ വീട്ടിൽ നടത്തിയ റെയ്‌ഡിൽ ഇഡി പണവും സ്വർണവും പിടിച്ചെടുത്തതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഷിരൂരിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി മലയാളികൾക്ക് പരിചിതനായ എംഎൽഎയാണ് സതീഷ് കെ സെയിൽ. നേരത്തെ ഇരുമ്പയിര് അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ സതീഷ് സെയിലിനെ കോടതി ശിക്ഷിച്ചിരുന്നു.
2024 ഒക്ടോബർ 26നാണ് എംഎൽഎമാർക്കും എംപിമാർക്കുമുള്ള കർണാടക പ്രത്യേക കോടതി ഏഴ് വർഷം തടവിന് ശിക്ഷിച്ചത്. ആറ് കേസുകളിലായി 44 കോടി രൂപയുടെ പിഴയും ചുമത്തി. വിധിക്കെതിരെ എംഎൽഎ ഹൈക്കോടതിയിൽ ഹർജി നൽകി ജാമ്യം ലഭിച്ചിരുന്നു. 2010-ലാണ് എംഎൽഎക്കെതിരെ ഇഡി കേസ് രജിസ്റ്റർ ചെയ്തത്.