ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ്‌ക്കെതിരെ കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിമർശനങ്ങൾ ശക്തമാകുന്നു. കരൂരിൽ എത്താൻ വൈകിയതിൽ പ്രതിഷേധിച്ച് ദുരന്തത്തിൽ മരിച്ച രമേശിന്റെ ഭാര്യ സാംഗവി ടിവികെ നൽകിയ 20 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലേക്ക് തിരിച്ചുനൽകി. മഹാബലിപുരത്തെ കൂടിക്കാഴ്ചയ്ക്ക് തന്നെ വിളിച്ചില്ലെന്നും സാംഗവി ആരോപിച്ചു. സാംഗവിയുടെ ഭർതൃസഹോദരി ഭൂപതിയും മറ്റ് ബന്ധുക്കളും ഈ ആവശ്യവുമായി ചെന്നൈയിൽ എത്തിയിരുന്നു.(Karur tragedy, woman returns Rs 20 lakhs given by TVK)
ഇതിനിടെ, തിരുച്ചിറപ്പള്ളിയിൽ വിജയ്‌ക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ വർഷം വിക്രവാണ്ടി സമ്മേളനത്തിനിടെ മരിച്ച ടിവികെ പ്രവർത്തകരായ ശ്രീനിവാസൻ, കല എന്നിവരുടെ കുടുംബങ്ങളെ അവഗണിച്ചു എന്നാണ് പോസ്റ്ററിലെ പ്രധാന പരാതി. ഒരു സമുദായ സംഘടനയുടെ പേരിലാണ് പോസ്റ്റർ വന്നത്. 15 വർഷം വിജയ്‌ക്കായി പ്രവർത്തിച്ച ഇരുവരെയും മറന്നുപോയെന്നും അവരുടെ കുടുംബം അനാഥമായി എന്നും പോസ്റ്ററിൽ പറയുന്നു.
വിമർശനങ്ങൾക്കിടെ, കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ നേരിട്ട് കണ്ട വിജയ്, താൻ വൈകിയെത്തിയതിനും ദുരന്തം സംഭവിച്ചതിലും മാപ്പ് ചോദിച്ചു. താൻ സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം മാപ്പ് പറഞ്ഞത്.
വിജയ് വികാരഭരിതനായി കാലിൽ തൊട്ട് മാപ്പ് ചോദിച്ചതായി മരിച്ചവരുടെ ബന്ധുക്കളായ സ്ത്രീകൾ പറഞ്ഞു. കൂടാതെ, കരൂരിൽ സംഭവിച്ചത് എന്താണെന്ന് തനിക്ക് മനസ്സിലായിട്ടില്ലെന്നും, കരൂരിലെ വീട്ടിലേക്ക് എത്താത്തതിന് ക്ഷമ ചോദിക്കുന്നതായും വിജയ് വ്യക്തമാക്കി.
കരൂരിൽ വെച്ച് കുടുംബങ്ങളെ കാണാതിരുന്നതിന് വിജയ് വിശദീകരണം നൽകി. "മൂന്ന് മണിക്കൂറിൽ കൂടുതൽ പരിപാടി അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. എല്ലാവരുമായി വിശദമായി സംസാരിക്കാൻ വേണ്ടിയാണ് ചെന്നൈയിലേക്ക് വരാൻ ആവശ്യപ്പെട്ടത്" – വിജയ് വ്യക്തമാക്കി.
ഇന്നലെ (ഒക്ടോബർ 27) രാവിലെ ഒമ്പത് മണി മുതൽ വൈകുന്നേരം വരെ മഹാബലിപുരത്തെ ഒരു റിസോർട്ടിൽ വെച്ചാണ് കരൂരിലെ 37 കുടുംബങ്ങളുമായി വിജയ് കൂടിക്കാഴ്ച നടത്തിയത്. ദുരന്തത്തിന് ശേഷം ആദ്യമായാണ് അദ്ദേഹം ദുരിതബാധിതരുടെ കുടുംബങ്ങളെ നേരിൽ കാണുന്നത്.
ടിവികെ ബുക്ക് ചെയ്ത 50 മുറികളുള്ള റിസോർട്ടിൽ വെച്ച് ഓരോ കുടുംബത്തെയും അദ്ദേഹം വ്യക്തിപരമായി കണ്ടു. എല്ലാ കുടുംബങ്ങൾക്കും സാമ്പത്തിക സഹായവും കുട്ടികളുടെ വിദ്യാഭ്യാസ സഹായവും ഉൾപ്പെടെ എല്ലാ പിന്തുണയും വിജയ് ഉറപ്പുനൽകി.
കഴിഞ്ഞ മാസമാണ് ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേർ മരിച്ചത്. സംഭവത്തിൽ സുപ്രീം കോടതി നിർദേശപ്രകാരം സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണം നിരീക്ഷിക്കുന്നതിനായി സുപ്രീം കോടതി റിട്ടയേർഡ് ജഡ്ജി അജയ് രസ്തോഗിയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെയും നിയോഗിച്ചിട്ടുണ്ട്.