
ചെന്നൈ: കരൂർ ദുരന്തത്തിന് മുൻപ് ടിവികെ നേതാവും നടനുമായ വിജയ്ക്ക് നേരെ ചെരുപ്പെറിയുന്ന ദൃശ്യങ്ങൾ പുറത്ത്. ചെരുപ്പ് വിജയ്യുടെ സമീപത്തുകൂടി പോകുന്നതും സുരക്ഷാ ഉദ്യോഗസ്ഥൻ അത് തട്ടിമാറ്റാൻ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. വിജയ്ക്ക് പിന്നിൽ നിന്ന ഒരു യുവാവ് ആണ് ചെരുപ്പ് എറിയുന്നതെന്നും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. എന്നാൽ ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഡിഎംകെ പ്രവർത്തകരാണ് ചെരുപ്പേറ് നടത്തിയതെന്നാണ് ടിവികെയുടെ ആരോപണം. സെന്തിൽ ബാലാജിയെ വിമർശിച്ചപ്പോഴാണ് ചെരുപ്പേറ് ഉണ്ടായത്.അതേസമയം , ചെരുപ്പേറ് ആസൂത്രിതമാണെന്നും ഇതെക്കുറിച്ച് അന്വേഷണം വേണമെന്നും ടിവികെ ആവശ്യപ്പെട്ടു. അതേസമയം വിജയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു.
വിജയ്യെ കേസിൽ പ്രതിയാക്കാത്തത് ജീവൻ നഷ്ടമായ 41 പേരോടുള്ള അനീതിയാണ്. ഉടൻ കേസെടുക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്നൈ സ്വദേശിയായ പി.എച്ച്.ദിനേശ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.