ചെന്നൈ: കരൂർ ദുരന്തം നടന്ന് ഒരു മാസം തികയുന്ന വേളയിൽ, ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ തമിഴക വെട്രി കഴകം (ടി.വി.കെ.) നേതാവ് വിജയ് നാളെ (ഒക്ടോബർ 27) നേരിൽ കാണും. മഹമല്ലപുരത്ത് വെച്ചായിരിക്കും കൂടിക്കാഴ്ച. ടി.വി.കെ. ഒരു റിസോർട്ടിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിനായി 50 മുറികൾ പാർട്ടി ബുക്ക് ചെയ്തിട്ടുണ്ട്. വിജയ് വ്യക്തിപരമായി ഓരോ കുടുംബങ്ങളെയും കാണുമെന്നാണ് റിപ്പോർട്ട്. റിസോർട്ടിലേക്ക് എത്താൻ കരൂരിൽ നിന്ന് പ്രത്യേക ബസ് പാർട്ടി ഒരുക്കിയിട്ടുണ്ട്.
സംഭവം നടന്ന് ഇത്ര ദിവസമായിട്ടും ദുരന്തബാധിതരുടെ കുടുംബങ്ങളെ വിജയ് സന്ദർശിക്കാത്തതിൽ സംസ്ഥാനത്തുടനീളം പാർട്ടിക്കെതിരെ വിമർശനം ഉയർന്നിരുന്നു. ഇതിനിടെ, കൂടിക്കാഴ്ച റിസോർട്ടിൽ വെച്ചാക്കുന്നതിനെതിരെ പ്രദേശവാസികൾ രംഗത്തെത്തി. "വിജയ് തങ്ങളെ അങ്ങോട്ട് ക്ഷണിക്കുന്നതിന് പകരം ഇവിടെയെത്തി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ കാണുകയാണ് വേണ്ടത്" എന്ന് പ്രദേശവാസികളിൽ ചിലർ പ്രാദേശിക മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ധനസഹായം കൈമാറി; ദീപാവലി ആഘോഷം ഒഴിവാക്കി
കരൂർ ദുരന്തത്തിൽ മരിച്ചവരുടെ 39 കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വീതവും ടി.വി.കെ. അക്കൗണ്ടുകളിലൂടെ കൈമാറി.മരിച്ചവരുടെ ഓർമക്കായി ഈ വർഷം ദീപാവലി ആഘോഷത്തിൽ നിന്ന് വിട്ടുനിൽക്കുമെന്നും ഔദ്യോഗിക ആഘോഷ പരിപാടികൾ ഉണ്ടാകില്ലെന്നും ടി.വി.കെ. ജനറൽ സെക്രട്ടറി എൻ. ആനന്ദ് അറിയിച്ചു.
ദുരന്തം സംഭവിച്ചത്
ടി.വി.കെ. നേതാവ് വിജയ്‌യുടെ റാലിക്കിടെ സെപ്റ്റംബർ 27-നാണ് ദുരന്തമുണ്ടായത്. തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പതിനായിരം പേരെ ഉൾക്കൊള്ളുന്ന സ്ഥലത്ത് കൂടുതൽ പേർ തിങ്ങിനിറഞ്ഞതും വിജയ് പരിപാടിക്ക് ആറ് മണിക്കൂർ വൈകി എത്തിയതുമെല്ലാം ദുരന്തത്തിന് കാരണമായി. ദുരന്തം നടന്ന ഉടൻ വിജയ് ചെന്നൈയിലേക്ക് പോയത് കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. സംഭവത്തിൽ സി.ബി.ഐ. അന്വേഷണത്തിന് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു.