

ബെംഗളൂരു: കർണാടകയിലെ കലബുറഗി ജില്ലയിലെ ആലന്ദ് നിയമസഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യാൻ കൂട്ടത്തോടെ വ്യാജ അപേക്ഷകൾ നൽകിയതുമായി ബന്ധപ്പെട്ട കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. പശ്ചിമ ബംഗാൾ സ്വദേശിയായ ബാപ്പി ആദിയ (27) എന്നയാളെയാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.(Karnataka voter list fraud, First arrest happened )
ആലന്ദ് മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ ഒഴിവാക്കാനായി നടന്ന വലിയ തട്ടിപ്പുമായി ബന്ധപ്പെട്ട് ആദ്യമായി നടക്കുന്ന അറസ്റ്റാണിത്. കേസിലെ പണമിടപാടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബാപ്പി ആദിയ അറസ്റ്റിലായത്.
വ്യാജ വോട്ട് നീക്കം ചെയ്യാനുള്ള ഓരോ അപേക്ഷയ്ക്കും 80 രൂപ വരെ പ്രതിഫലം നൽകിയിരുന്നുവെന്ന് എസ്ഐടി നേരത്തെ കണ്ടെത്തിയിരുന്നു. ബാപ്പി ആദിയയാണ് വ്യാജ അപേക്ഷകളുമായി ബന്ധപ്പെട്ട ഒടിപി (OTP) കലബുറഗിയിലെ ഡേറ്റാ സെൻ്ററിന് കൈമാറിയത്. ഡേറ്റാ സെൻ്ററിൽ നിന്ന് ബാപ്പിയുടെ അക്കൗണ്ടിലേക്ക് പണം എത്തിയതായി കണ്ടെത്തിയതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കലബുറഗിയിലെ ഡേറ്റാ സെൻ്ററിൽ വെച്ചാണ് വോട്ടുകൾ കൂട്ടത്തോടെ വെട്ടി മാറ്റാനുള്ള തട്ടിപ്പ് നടന്നത്. തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ച പ്രധാന വ്യക്തികളെയും പ്രതിഫലം കൈപ്പറ്റിയ മറ്റു കണ്ണികളെയും കണ്ടെത്താനാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. പശ്ചിമ ബംഗാളിൽ മൊബൈൽ റിപ്പയർ കട നടത്തുന്നയാളാണ് അറസ്റ്റിലായ ബാപ്പി ആദിയ. ഇയാളെ ബെംഗളൂരുവിൽ എത്തിച്ച് കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് 12 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.