

ധാർവാഡ്: കർണാടകയിലെ ധാർവാഡിൽ സ്കൂൾ ഉച്ചഭക്ഷണ ഇടവേളയിൽ രണ്ട് സ്കൂൾ കുട്ടികളെ തട്ടിക്കൊണ്ടുപോയ പ്രതി പിടിയിലായി (Karnataka Kidnapping). മൂന്നാം ക്ലാസ് വിദ്യാർത്ഥികളായ തൻവീർ ദൊഡ്മണി, ലക്ഷ്മി കരിയപ്പനവർ എന്നിവരെയാണ് സ്കൂൾ പരിസരത്ത് നിന്ന് ഒരാൾ ബൈക്കിൽ കടത്തിക്കൊണ്ടുപോയത്. പ്രതി കുട്ടികളുമായി ബൈക്കിൽ പോകുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞതോടെയാണ് തട്ടിക്കൊണ്ടുപോകലാണെന്ന് സ്ഥിരീകരിച്ചത്.
നാടകീയമായ സംഭവങ്ങൾക്കൊടുവിൽ ഉത്തര കന്നഡയിലെ ദണ്ഡേലിക്ക് സമീപം വെച്ചാണ് കുട്ടികളെ കണ്ടെത്തിയത്. പ്രതി സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിൾ അപകടത്തിൽപ്പെട്ടതാണ് കുട്ടികളെ രക്ഷിക്കാൻ സഹായിച്ചത്. ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടമുണ്ടായ വിവരം അറിഞ്ഞെത്തിയ ദണ്ഡേലി പോലീസ് പരിക്കേറ്റ നിലയിൽ ഒരാളെയും ഒപ്പം രണ്ട് കുട്ടികളെയും കണ്ടെത്തുകയായിരുന്നു.
കരീം മേസ്ത്രി എന്നയാളാണ് പ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഉലവി ചെന്നബസവേശ്വര യാത്ര കാണിക്കാൻ കൊണ്ടുപോകുകയായിരുന്നു എന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞ പ്രാഥമിക വിശദീകരണം. അപകടത്തിൽ പരിക്കേറ്റ പ്രതിയെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തട്ടിക്കൊണ്ടുപോയ കുട്ടികളെ പോലീസ് സുരക്ഷിതമായി മാതാപിതാക്കൾക്ക് കൈമാറി. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
In a dramatic turn of events in Karnataka's Dharwad, two Class 3 students who were kidnapped from their school during lunch break were rescued after the kidnapper's motorcycle met with an accident. CCTV footage had earlier caught the accused, Karim Mestri, riding away with the children, triggering a massive search. The children were found safe in Uttara Kannada after the crash, and the injured suspect is currently under treatment and investigation.