

ബംഗളൂരു: കർണാടകയിലെ ധാർവാഡിൽ സർക്കാർ സ്കൂൾ വിദ്യാർത്ഥികളെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ഉച്ചഭക്ഷണ ഇടവേളയിൽ സ്കൂളിൽ നിന്നും കടത്തിക്കൊണ്ടുപോയ രണ്ട് കുട്ടികളെ പോലീസ് സാഹസികമായി രക്ഷപ്പെടുത്തി. സംഭവത്തിൽ പ്രതിയായ കരീം മേസ്ത്രിയെ പോലീസ് പിടികൂടി.
ധാർവാഡിലെ സർക്കാർ പ്രൈമറി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥികളായ തൻവീർ ദോഡ്മാനി, ലക്ഷ്മി കരിയപ്പനവർ എന്നിവരെയാണ് കാണാതായത്. കുട്ടികളെ കാണാതായതോടെ അധ്യാപകരും രക്ഷിതാക്കളും തിരച്ചിൽ ആരംഭിച്ചു. തുടർന്ന് നടത്തിയ സിസിടിവി പരിശോധനയിൽ പ്രതി കുട്ടികളുമായി ബൈക്കിൽ പോകുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
കുട്ടികളുമായി കടന്നുകളയുന്നതിനിടെ ഉത്തര കന്നഡയിൽ വെച്ച് പ്രതി സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു. ഇതോടെയാണ് കുട്ടികളെ വേഗത്തിൽ കണ്ടെത്താൻ സാധിച്ചത്. പരിക്കേറ്റ പ്രതി കരീം മേസ്ത്രി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ഉലവി ചെന്നബസവേശ്വര ജാത്ര കാണിക്കാൻ കൊണ്ടുപോകാമെന്ന് വാഗ്ദാനം നൽകിയാണ് കുട്ടികളെ ബൈക്കിൽ കയറ്റിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. രക്ഷപ്പെടുത്തിയ കുട്ടികളെ സുരക്ഷിതമായി മാതാപിതാക്കൾക്ക് കൈമാറി. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.