

ഹൈദരാബാദ്: തെലങ്കാനയിലെ ഹൈദരാബാദിൽ തിരക്കേറിയ റോഡിൽ വെച്ച് കർണാടക സ്വദേശിയായ യുവാവിനെ അജ്ഞാതരായ അക്രമികൾ വെട്ടിക്കൊന്നു (Hyderabad Murder). ചത്രിനാക പോലീസ് സ്റ്റേഷൻ പരിധിയിലെ ഷംഷീർ ഗഞ്ച് റോഡിൽ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. കർണാടക സ്വദേശിയായ സതീഷ് ആണ് കൊല്ലപ്പെട്ടത്. ആക്രമണം നടക്കുമ്പോൾ ചുറ്റും കൂടിയവർ ആരും തന്നെ അത് തടയാൻ ശ്രമിച്ചില്ലെന്നും പകരം ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി നോക്കി നിൽക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
മാരകായുധങ്ങളുമായി എത്തിയ അക്രമികൾ സതീഷിനെ റോഡിലിട്ട് പലതവണ കുത്തി പരിക്കേൽപ്പിച്ചു. ചോരയിൽ കുളിച്ച് കിടന്ന ഇയാളെ പോലീസ് ഉടനടി ഉസ്മാനിയ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങി. സംഭവസ്ഥലത്ത് നിന്ന് അക്രമികൾ ഉപയോഗിച്ചതെന്ന് കരുതുന്ന കത്തി പോലീസ് കണ്ടെടുത്തിട്ടുണ്ട്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് കൊല്ലപ്പെട്ട സതീഷ്. ആക്രമണത്തിന് ശേഷം പ്രതികൾ രക്ഷപ്പെടുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ സിസിടിവി വഴി പോലീസ് പരിശോധിച്ച് വരികയാണ്.
വ്യക്തിപരമായ ശത്രുതയാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമല്ല. പ്രതികളെ പിടികൂടുന്നതിനായി പോലീസ് പ്രത്യേക സംഘം രൂപീകരിച്ചു. കൊലപാതകം കണ്ടുനിന്നവരിൽ നിന്ന് മൊഴി രേഖപ്പെടുത്തുന്നതായും കുറ്റവാളികളെ ഉടൻ പിടികൂടുമെന്നും ചാർമിനാർ സോൺ അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ജാവേദ് അറിയിച്ചു. നഗരമധ്യത്തിൽ ജനങ്ങൾ നോക്കിനിൽക്കെ നടന്ന ഈ ക്രൂരകൃത്യം വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.
A man from Karnataka named Satish was brutally stabbed to death by unidentified assailants on a busy road in Hyderabad. Shockingly, bystanders chose to record the horrific incident on their mobile phones instead of intervening to save the victim. The police have launched an investigation and formed special teams to track down the killers using CCTV footage.