

ബംഗളൂരു: പട്ടത്തിന്റെ ചരട് കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികൻ രക്തം വാർന്ന് മരിച്ചു. കർണാടകയിലെ ബിദർ ജില്ലയിലെ തലമഡഗി പാലത്തിന് സമീപമുള്ള റോഡിലാണ് ദാരുണമായ സംഭവം നടന്നത്. ബിദർ സ്വദേശിയായ സഞ്ജു കുമാർ ഹൊസമാണി (48) ആണ് മരിച്ചത്.
ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന സഞ്ജു കുമാറിന്റെ കഴുത്തിലേക്ക് പെട്ടെന്ന് പട്ടത്തിന്റെ ചരട് കുരുങ്ങുകയായിരുന്നു. നൈലോൺ ചരട് (മാഞ്ച) കഴുത്തിൽ ആഴത്തിൽ മുറിവേൽപ്പിച്ചു. മുറിവേറ്റ നിലയിൽ സഞ്ജു കുമാർ തന്റെ മകളെ ഫോണിൽ വിളിച്ച് അപകടവിവരം അറിയിച്ചിരുന്നു. വഴിപോക്കനായ ഒരാൾ മുറിവിൽ തുണി അമർത്തി രക്തസ്രാവം തടയാൻ ശ്രമിക്കുകയും ആംബുലൻസ് വിളിക്കുകയും ചെയ്തെങ്കിലും സഹായം എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആംബുലൻസ് എത്താൻ വൈകിയതാണ് മരണകാരണമെന്ന് ദൃക്‌സാക്ഷികൾ ആരോപിച്ചു.
സംഭവത്തിന് പിന്നാലെ, പട്ടം പറത്താൻ ഉപയോഗിക്കുന്ന മാരകമായ നൈലോൺ/ചൈനീസ് മാഞ്ച ചരടുകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സഞ്ജു കുമാറിന്റെ ബന്ധുക്കളും നാട്ടുകാരും അപകടസ്ഥലത്ത് പ്രതിഷേധിച്ചു. മന്ന എഖെല്ലി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.