

ബെംഗളൂരു: കേരളത്തിനും തമിഴ്‌നാടിനും പിന്നാലെ കർണാടക നിയമസഭയിലും ഗവർണർ-സർക്കാർ പോര് തെരുവിലേക്ക്. സംയുക്ത നിയമസഭാ സമ്മേളനത്തിന്റെ നയപ്രഖ്യാപന പ്രസംഗം വെട്ടിച്ചുരുക്കി ഗവർണർ താവർചന്ദ് ഗഹ്‌ലോത് സഭ വിട്ടിറങ്ങിയത് നാടകീയ രംഗങ്ങൾക്ക് കാരണമായി (Karnataka Governor Thawar Chand Gehlot). പ്രസംഗത്തിലെ ആമുഖമായ രണ്ട് വരികൾ മാത്രം വായിച്ചാണ് ഗവർണർ മടങ്ങിയത്. ഇതിൽ പ്രകോപിതരായ കോൺഗ്രസ് എംഎൽഎമാർ ഗവർണറെ തടയാൻ ശ്രമിക്കുകയും മുദ്രാവാക്യം വിളികളുമായി സഭയിൽ ബഹളം വെക്കുകയും ചെയ്തു.
"സംസ്ഥാനത്തിന്റെ സാമ്പത്തിക, സാമൂഹിക, ഭൗതിക വികസനം ഇരട്ടിയാക്കാൻ എന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ജയ് ഹിന്ദ്, ജയ് കർണാടക" എന്ന് ഹിന്ദിയിൽ പറഞ്ഞതിന് തൊട്ടുപിന്നാലെ ഗവർണർ ഡയസിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. ഗവർണറെ ഘെരാവോ ചെയ്യാൻ ശ്രമിച്ച ഭരണപക്ഷ എംഎൽഎമാരെ മാർഷലുകൾ ഇടപെട്ടാണ് തടഞ്ഞത്. നയപ്രഖ്യാപന പ്രസംഗം സർക്കാരിന്റെ വെറും പ്രചാരണം മാത്രമാണെന്ന് ആരോപിച്ചാണ് ഗവർണർ വായന പൂർത്തിയാക്കാതിരുന്നത്.
ഗവർണറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യ രൂക്ഷമായി പ്രതികരിച്ചു. ഗവർണർ ഭരണഘടനാ മര്യാദകൾ ലംഘിക്കുകയാണെന്നും കേന്ദ്ര സർക്കാരിന്റെ ഏജന്റായി പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മന്ത്രിസഭ അംഗീകരിച്ചു നൽകിയ പ്രസംഗത്തിന് പകരം ഗവർണർ സ്വന്തമായി തയ്യാറാക്കിയ വരികളാണ് വായിച്ചതെന്നും ഇത് ഭരണഘടനാ ലംഘനമാണെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. സംഭവത്തിൽ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും കർണാടക സർക്കാർ വ്യക്തമാക്കി. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്ര നയത്തിനെതിരെ പ്രമേയം പാസാക്കാനായി വിളിച്ചുചേർത്ത സമ്മേളനമാണ് ഇതോടെ കലുഷിതമായത്.
High drama unfolded in the Karnataka Assembly as Governor Thaawarchand Gehlot cut short his policy address, reading only two opening lines before walking out. The move sparked outrage among Congress MLAs, who attempted to block the Governor’s exit and raised slogans against him. Chief Minister Siddaramaiah slammed the Governor’s actions as unconstitutional, alleging that he was acting on directions from the central government. This incident mirrors similar Governor-Government standoffs recently witnessed in Kerala and Tamil Nadu.